സേവാഭാരതിയുടെ ശുചീകരണം മാതൃകയായി; മഹാദൗത്യത്തിൽ കൈകോർത്ത് ലക്ഷങ്ങൾ

Sunday 2 September 2018 3:02 am IST

ആലപ്പുഴ: പ്രളയം സര്‍വനാശം വിതച്ച മേഖലകളില്‍ പ്രതീക്ഷയുടെ പുതുനാമ്പായി സേവാഭാരതി. ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ നാടും സമൂഹവുമുണ്ടെന്ന സന്ദേശം പകര്‍ന്നു നല്‍കുന്നതായി സേവാഭാരതിയുടെ നേതൃത്വത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം നടന്ന മഹാശുചീകരണയജ്ഞം.

'ജീവന്‍ രക്ഷിച്ചു, ഇനി ജീവിതത്തിലേക്ക്' എന്ന തീവ്രയജ്ഞവുമായി നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തില്‍ സംസ്ഥാനത്തെമ്പാടുമായി രണ്ടു ലക്ഷത്തോളം പ്രവര്‍ത്തകരാണ് അണിനിരന്നത്. മഹാപ്രളയം വിഴുങ്ങിയ കുട്ടനാട്, ചെങ്ങന്നൂര്‍, പാണ്ടനാട്, തിരുവല്ല, ആറന്മുള, റാന്നി, ആലുവ, ചാലക്കുടി, വടക്കന്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ എല്ലായിടത്തും ഒരേ മനസ്സോടെ, ഒരേ ലക്ഷ്യത്തോടെ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ ശുചീകരണത്തില്‍ പങ്കാളികളായി. 

വിവിധ പരിവാര്‍ പ്രസ്ഥാനങ്ങളുടെ മുഴുവന്‍ കാര്യകര്‍ത്താക്കളും, പ്രവര്‍ത്തകരും അണിനിരന്ന നിസ്വാര്‍ഥ പ്രവര്‍ത്തനം സേവനരംഗത്തെ വേറിട്ട മാതൃകയായി. ഓരോ പ്രദേശത്തും ശുചീകരണത്തിന് ആവശ്യമായ ഉപകരണങ്ങളും, സാമഗ്രികളുമായി അതിരാവിലെ തന്നെ വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നു. സര്‍ക്കാര്‍ ശുചീകരണം നടത്തിയതായി അവകാശപ്പെടുന്ന കുട്ടനാട്ടില്‍ സേവാഭാരതി പ്രവര്‍ത്തകരെ നാട്ടുകാര്‍ തങ്ങളുടെ വീടുകളിലേക്ക് ക്ഷണിച്ചു കൊണ്ടു പോകുകയായിരുന്നു. ചില പ്രദേശങ്ങളില്‍ ഒരു വീട്ടില്‍ ശുചീകരണം പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ മറ്റു വീടുകളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ വീട്ടമ്മമാരടക്കം എത്തുന്നതും കാണാമായിരുന്നു.

സേവാഭാരതി എന്ന പേര് കുഗ്രാമങ്ങളിലുള്ളവര്‍ക്കു പോലും ചിരപരിചിതമാണ്. ഒന്നര മാസത്തിലേറെയായി കുട്ടനാട്ടില്‍ സേവാഭാരതി കര്‍മരംഗത്തുണ്ട്. ആദ്യപ്രളയത്തിനുശേഷം അവശ്യസാധനങ്ങളും കുടിവെള്ളവും നിത്യേന വിതരണം ചെയ്തു തുടങ്ങിയിരുന്നു. 

മഹാപ്രളയത്തിലെ രക്ഷാപ്രവര്‍ത്തനത്തിലും സേവാഭാരതി മുന്‍നിരയിലുണ്ടായിരുന്നു. പത്തു ദിവസത്തിലേറെയായി വെള്ളം ഇറങ്ങിയ പ്രദേശങ്ങളില്‍ ശുചീകരണവും തുടങ്ങി. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നതായി മഹാശുചീകരണ യജ്ഞം. കുട്ടനാട്ടില്‍ പലപ്രദേശങ്ങളിലും വെള്ളം ഇനിയും ഇറങ്ങിയിട്ടില്ല, വീടുകളില്‍ അരയാള്‍ പൊക്കത്തില്‍ വെള്ളം അവശേഷിക്കുന്നു. പലപ്രദേശങ്ങളിലും മലിനജലം കെട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി.

 കുട്ടനാട്ടില്‍ സര്‍ക്കാര്‍ ശുചീകരണം പൂര്‍ത്തിയായെന്ന് മന്ത്രി ജി. സുധാകരന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ സേവാഭാരതിയുടെ പ്രവര്‍ത്തനം തുടരും, പ്രളയഭൂമിയിലെ അവസാനത്തെ വീടും ശുചീകരിക്കും വരെ. ശുചീകരണം പുര്‍ത്തിയായാല്‍ ആയിരങ്ങളുടെ വീടുകള്‍ വാസയോഗ്യമാക്കണം, വീടുകള്‍ പുനര്‍നിര്‍മിക്കണം. ആരോഗ്യകരമായ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണം. നാടിനെ പുനഃസൃഷ്ടിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.