അടൽജിക്ക് കേരളത്തിൻ്റെ പ്രണാമം

Sunday 2 September 2018 3:04 am IST

തിരുവനന്തപുരം: മുന്‍പ്രധാനമന്ത്രിയും ലോകാരാധ്യനായ ബിജെപി നേതാവുമായിരുന്ന അടല്‍ബിഹാരി വാജ്‌പേയിക്ക്  കേരളത്തിന്റെ ആദരാഞ്ജലി. ഇന്നലെ തലസ്ഥാനത്തു നടന്ന അനുസ്മരണ ചടങ്ങില്‍ രാഷ്ട്രീയത്തിന് അതീതമായി നിരവധി പ്രമുഖര്‍ പങ്കെടുത്ത് അടല്‍ജിക്ക് പ്രണാമം അര്‍പ്പിച്ചു. 

ലോകം  ബഹുമാനത്തോടെ കണ്ട നേതാവും വ്യക്തിയുമായിരുന്നു അടല്‍ ബിഹാരി വാജ്‌പേയിയെന്ന് വിജെടി ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി. സദാശിവം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ശത്രുതയുള്ളവര്‍പോലും വാജ്‌പേയിയോട്  സ്‌നേഹത്തോടെയാണ് ഇടപെട്ടത്. അറിവും കഴിവും അദ്ദേഹം രാജ്യത്തിന് വേണ്ടി പൂര്‍ണമായി സമര്‍പ്പിച്ചു. കെട്ടിപ്പടുത്ത സൗഹൃദങ്ങളിലൂടെയും നല്ല ബന്ധങ്ങളിലൂടെയും വാജ്‌പേയിയുടെ സ്മരണ എന്നും നിലനില്‍ക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ചിതാഭസ്മത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ഗോവിന്ദന്‍, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, പ്രൊഫ. പി.ജെ. കുര്യന്‍, കെ. രാമന്‍പിള്ള, ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍, അഡ്വ. കെ. അയ്യപ്പന്‍പിള്ള, ഒ. രാജഗോപാല്‍ എംഎല്‍എ, റിച്ചാര്‍ഡ് ഹേ എംപി, എംഎല്‍എമാരായ കെ. മുരളീധരന്‍, വി.എസ്. ശിവകുമാര്‍, ശശി തരൂര്‍ എംപി, ഡോ. ഡി. ബാബുപോള്‍, ഡോ. ടി.പി. സെന്‍കുമാര്‍, സുരേഷ് ഗോപി എംപി,  മുന്‍ എംഎല്‍എ രാജന്‍ ബാബു, ടി.പി. ശ്രീനിവാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിജെടി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ചിതാഭസ്മത്തിന് മുന്നില്‍ ബിജെപി അഖിലേന്ത്യാ ജനറല്‍സെക്രട്ടറി മുരളീധര്‍ റാവു ദീപം തെളിച്ചു. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള അധ്യക്ഷനായിരുന്നു. ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, സി.കെ. പദ്മനാഭന്‍, എ.എന്‍. രാധാകൃഷ്ണന്‍, ഡോ. പി.പി. വാവ, ശോഭാ സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് തുടങ്ങി വിവിധ മോര്‍ച്ചാ ഭാരവാഹികളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ സമ്മേളനത്തിന് ശേഷം പ്രവര്‍ത്തകരുടെ അകമ്പടിയോടെ തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ സ്‌നാനഘട്ടത്തില്‍ ചിതാഭസ്മം നിമജ്ജനം ചെയ്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.