ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്ന് അന്വേഷണ സംഘം; മൂക്കുകയറിട്ട് രാഷ്ട്രീയ നേതൃത്വം

Sunday 2 September 2018 10:45 am IST
ബിഷപ്പിന്റെ അറസ്റ്റ് തീരുമാനിക്കുന്നതിനും തെളിവുകള്‍ പരിശോധിക്കുന്നതിനുമായി കോട്ടയത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. ഉന്നത പോലീസ് ഉദ്യോഗസ്ഥരും അറസ്റ്റ് വൈകിപ്പിക്കുകയാണ്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കണ്ടെത്തലുകള്‍ക്ക് എതിരെയും ആസൂത്രിതനീക്കം നടക്കുകയാണ്.

കോട്ടയം: കന്യാസ്ത്രീയ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ രൂപത ബിഷപ്പിന്റെ അറസ്റ്റ് തടഞ്ഞ് രാഷ്ട്രീയനേതൃത്വം. അന്വേഷണം പൂര്‍ത്തിയായ  ബിഷപ്പിനെതിരെ മതിയായ തെളിവുകളും ലഭിച്ച ഈ സാഹചര്യത്തില്‍ അറസ്റ്റ് അനിവാര്യമാണെന്ന നിലപാടിലാണ് അന്വേഷണസംഘം.  ബിഷപ്പിനെ ജലന്ധറില്‍ ചെന്ന് അറസ്റ്റ്‌ചെയ്യുകയോ അല്ലെങ്കില്‍ വിളിച്ചുവരുത്തി അറസ്റ്റു ചെയ്യുകയോ വേണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെടുന്നത്. ബിഷപ്പിനെ ഇനിയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ അന്വേഷണസംഘത്തില്‍ നിന്ന് തന്നെ ഒഴിവാകുമെന്ന സൂചനയാണ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. 

ബിഷപ്പിന്റെ അറസ്റ്റ് തീരുമാനിക്കുന്നതിനും തെളിവുകള്‍ പരിശോധിക്കുന്നതിനുമായി കോട്ടയത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. ഉന്നത പോലീസ് ഉദ്യോഗസ്ഥരും അറസ്റ്റ് വൈകിപ്പിക്കുകയാണ്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കണ്ടെത്തലുകള്‍ക്ക് എതിരെയും ആസൂത്രിതനീക്കം നടക്കുകയാണ്. 

അന്വേഷണസംഘം കര്‍ക്കശ നിലപാട് സ്വീകരിച്ചതോടെയാണ് സഭാനേതൃത്വം അറസ്റ്റ് ഒഴിവാക്കാന്‍ ചരടുവലി തുടങ്ങിയത്. ആഭ്യന്തരവകുപ്പ് കൈയാളുന്ന സിപിഎമ്മിലെ ഉന്നതരുമായി സഭാനേതൃത്വം ബന്ധപ്പെട്ടെന്നാണ് വിവരം. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് പിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സിപിഎം ജില്ലാ നേതൃത്വത്തിലെ പ്രമുഖരാണ് ഇതിന് പിന്നില്‍. ബിഷപ്പിനെ അറസ്റ്റ് ചെയ്താല്‍ രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകുമെന്ന ചിന്തയും സിപിഎം ജില്ലാ നേതൃത്വത്തിനുണ്ട്. 

അന്വേഷണ സംഘത്തിന് ഭീഷണി, സമ്മര്‍ദം 

കോട്ടയം: ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പീഡനക്കേസ് അന്വേഷിക്കുന്ന സംഘത്തിന് ഭീഷണി. കേസില്‍ ഇന്ന് നിര്‍ണായക തീരുമാനം എടുക്കാനിരിക്കെയാണ് ഭീഷണിയും അപായപ്പെടുത്താന്‍ ശ്രമവും നടന്നത്. 

അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വൈക്കം ഡിവൈഎസ്പി സഞ്ചരിച്ച വാഹനത്തില്‍ ലോറി ഇടിപ്പിച്ച് അപായപ്പെടുത്താന്‍ തണ്ണീര്‍മുക്കം ഭാഗത്തുവച്ച് ശ്രമിച്ചെന്ന വിവരം പുറത്തായിട്ടുണ്ട്. എന്നാല്‍ ഇത് പോലീസോ സ്‌പെഷ്യല്‍ ബ്രാഞ്ചോ സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ കടുത്ത മാനസിക സമ്മര്‍ദമാണ് അനുഭവിക്കുന്നത്. ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പുറമേ പോലീസിനുള്ളില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദം ഉണ്ടാകുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.