സംസ്ഥാനത്ത് എലിപ്പനി പടരുന്നു; 26 പേർ മരിച്ചു; ആരോഗ്യ വകുപ്പ് ചികിത്സാ പ്രോട്ടോക്കോള്‍ പുറത്തിറക്കി

Sunday 2 September 2018 2:16 pm IST

കോഴിക്കോട്: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് 26 പേർ മരിച്ചു. കോഴിക്കോട് ജില്ലയില്‍ മാത്രം 11പേരാണ് എലിപ്പനിയെ തുടര്‍ന്ന് മരിച്ചത്. പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ചികിത്സാ പ്രോട്ടോക്കോള്‍ പുറത്തിറക്കി.

തൃശൂരും മലപ്പുറത്തും ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ കോട്ടയം, ആലപ്പുഴ ജില്ലകളിലും എലിപ്പനി ബാധമൂലം മരണം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് 92 പേരാണ് എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 28 പേര്‍ കോഴിക്കോട് സ്വദേശികളാണ്. മലപ്പുറത്തും വയനാട്ടിലുമായി 28 പേര്‍ക്കും രോഗം സ്ഥീരീകരിച്ചിട്ടുണ്ട്. 

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രമായി കഴിഞ്ഞ ദിവസങ്ങളില്‍ 269 പേരാണ് ചികിത്സതേടിയെത്തിയത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച്‌ പ്രതിരോധം, ചികിത്സ, സാമ്പിൾള്‍ കളക്ഷന്‍ എന്നിവയില്‍ പാലിക്കേണ്ട നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചാണ് ആരോഗ്യ വകുപ്പ് പ്രോട്ടോകോള്‍ പുറത്തിറക്കിയത്. രക്ഷാപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും ആഴ്ചയില്‍ ഒരിക്കല്‍ പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ 200 എംജി നിര്‍ബന്ധമായും കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. 

രോഗം മൂര്‍ച്ഛിച്ചവര്‍ക്ക് പലര്‍ക്കും പെന്‍സിലിന്‍ ചികിത്സ നല്‍കേണ്ടതിനാല്‍ താലൂക്ക് ആശുപത്രി മുതലുള്ള എല്ലാ ആശുപത്രികളിലും പെന്‍സിലിന്റെ ലഭ്യതയും ഇതിനുവേണ്ട മുന്‍കരുതലുകളും ഉറപ്പ് വരുത്തിയിട്ടുണ്ട്. എലിപ്പനിക്കൊപ്പം മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവയും റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടുതല്‍ ആശങ്കപ്പെടുത്തുന്നതാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓരോ ദിവസവും അതാത് ഡിഎംഒയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് വിലയിരുത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.