ഋക്ക്, ആഹുതി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും

Monday 3 September 2018 1:01 am IST

യാജ്ഞവല്‍ക്യേതി ഹോവാച, കതിഭിരയമദ്യര്‍ഗ്ഭിര്‍ ഹോതാസ്മിന്‍ യജ്ഞേ കരിഷ്യതീതി...

ഹോതാവ് യജ്ഞത്തില്‍ എത്ര തരം ഋക്കുകളെ കൊണ്ടാണ് തന്റെ കര്‍മം നിര്‍വഹിക്കുന്നതെന്ന് അശ്വലന്‍ ചോദിച്ചു. മൂന്ന് തരം ഋക്കുകള്‍ എന്ന് ഉത്തരം. 

ആ മൂന്ന് തരം ഏതൊക്കെയാണ്? 

പുരോനുവാക്യ, യാജ്യ, ശസ്യ എന്നിവയാണ് അവ. 

അതുകൊണ്ട് എന്തിനെ ജയിക്കുന്നു?, സമ്പാദിക്കുന്നു? 

പ്രാണനുള്ളതിനെയെല്ലാം ജയിക്കുന്നുവെന്ന് യാജ്ഞവല്‍ക്യന്‍ മറുപടി നല്‍കി.

സമ്പദ്‌വിഷയമായ ഉപാസനയെക്കുറിച്ചുള്ള ചോദ്യോത്തരങ്ങളാണിനി.

പുരോനുവാക്യ എന്ന ഋക്ക് യാഗത്തിന് മുമ്പ് പ്രയോഗിക്കുന്നതാണ്. യാജ്യ എന്ന ഋക്ക് യാഗത്തില്‍ ഹോമത്തിന് പ്രയോഗിക്കുന്നതാണ്. ശസ്യ എന്ന ഋക് ദേവതാസ്തുതിപരമാണ്. ഈ മൂന്ന് ഋക്കുകളെ കൊണ്ട് മൂന്ന് ലോകങ്ങളേയും ജയിക്കാം എന്നതുകൊണ്ടാണ് പ്രാണനുള്ളവയെയെല്ലാം ജയിക്കാമെന്ന് യാജ്ഞവല്‍ക്യന്‍ മറുപടി നല്‍കിയത്.

 യാജ്ഞവല്‍ക്യേതി ഹോവാച, കത്യയമദ്യാധ്വര്യുരസ്മിന്‍ യജ്ഞ ആഹുതിര്‍ഹോഷ്യതീതി...

അധ്വര്യു യജ്ഞത്തില്‍ എത്ര തരം ആഹുതികളെയാണ് ഹോമിക്കുന്നതെന്ന് അശ്വലന്‍ ചോദിച്ചു. മൂന്ന് തരം ആഹുതികളെ എന്ന് ഉത്തരം. 

ആ മൂന്ന് തരം എതൊക്കെ? 

ഹോമിക്കുമ്പോള്‍ മുകളിലേക്ക് ജ്വലിക്കുന്നവ, അധികം ശബ്ദമുണ്ടാക്കുന്നവ, അടിയില്‍ പോയി കിടക്കുന്നവ എന്നിവയാണ് മൂന്ന് തരം. 

അവ കൊണ്ട് എത് ലോകങ്ങളെ ജയിക്കാം?

ഹോമിക്കുമ്പോള്‍ മുകളിലേക്ക് ജ്വലിക്കുന്നവകൊണ്ട് ദേവലോകം ജയിക്കാം. ദേവലോകം പ്രകാശിക്കുന്നതു പോലെയായതിനാലാണിത്. അധികം ശബ്ദമുണ്ടാക്കുന്ന ആഹുതികളെക്കൊണ്ട് പിതൃ ലോകത്തെ ജയിക്കാം. പിതൃലോകത്തില്‍ ധാരാളം ശബ്ദങ്ങളുണ്ടാകാറുണ്ട് എന്നതാണ് ഇതിനു കാരണം. അടിയില്‍ പോയി കിടക്കുന്ന ആഹുതികളെ കൊണ്ട് മനുഷ്യലോകത്തെ ജയിക്കാം. മനുഷ്യലോകം താഴെ എന്നപോലെ ഇരിക്കുന്നതിനാലാണിത്.

 ആഹുതികള്‍ ഹോമിക്കുന്ന സമയത്ത് ജയിക്കേണ്ടതായ ലോകത്തെ ഈ മന്ത്രത്തില്‍ പറഞ്ഞ സാമ്യവുമായി ബന്ധപ്പെട്ട് ധ്യാനിക്കണം. ചമത, നെയ്യ് എന്നിവ ഹോമിക്കുമ്പോള്‍ ദേവലോകത്തെ ജയിക്കണമെന്ന് കരുതി ധ്യാനിക്കണം. മാംസം മുതലായ ആഹുതികള്‍ക്കും പിതൃലോകത്തിനും സാമ്യതയുണ്ട്. യമഭടരുടെ പീഡനം കൊണ്ട് നിലവിളിയും മറ്റും ഉണ്ടാകുന്നതാണ് പി

തൃലോകത്തെ ശബ്ദം

 യാജ്ഞവല്‍ക്യേതി ഹോവാച, കതിഭിരദ്യ 

ബ്രഹ്മാ യജ്ഞം ദക്ഷിണതോ...

ബ്രഹ്മന്‍ യജ്ഞത്തെ വലത് ഭാഗത്തിരുന്ന് എത്ര ദേവതകളെ കൊണ്ട് രക്ഷിക്കുന്നുവെന്ന് അശ്വലന്‍ ചോദിച്ചു. ഒരു ദേവത എന്ന് മറുപടി. ഏതാണ് ആ ദേവത? ആ ഒരു ദേവത മനസ്സാണ്, മനസ്സ് അനന്തമായതിനാലാണത്. വിശ്വേദേവന്മാരും അസംഖ്യമുണ്ട്. മനസ്സിനെ വിശ്വേദേവന്മാരായി ധ്യാനിക്കുമ്പോള്‍ അനന്തങ്ങളായ ലോകങ്ങളെ ജയിക്കുമെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.

ഇവിടെ പറയുന്ന യജ്ഞത്തിന് മനസ്സും വാക്കുമാണ് മാര്‍ഗങ്ങള്‍. ബ്രഹ്മന്‍ വാക്കിനെ മനസ്സ് കൊണ്ട് സംസ്‌കരിക്കുന്നു. വാക്ക് ഉച്ചരിച്ചാല്‍ പ്രായശ്ചിത്തം വിധിക്കലാണിത്. അതിനാല്‍ മനസ്സ് തന്നെയാണ് ദേവത. വൃത്തിഭേദമുള്ളതിനാല്‍ മനസ്സ് അനന്തമാണ്. ഇതിന്റെ അഭിമാന ദേവതകളാണ് വിശ്വേദേവന്മാര്‍. അവരുടെ എണ്ണവും അനന്തമാണ്. അനന്തമെന്ന സാമ്യം കൊണ്ട് ഉപാസിച്ചാല്‍ അനന്തമായ ലോകത്തെ ജയിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.