ദുരിതാശ്വാസത്തില്‍ രാഷ്ട്രീയം; ധനസഹായത്തിനു സിപിഎം നേതാക്കള്‍ കനിയണം

Monday 3 September 2018 1:05 am IST
പടിക്കല്‍ പോലും വെള്ളംകയറാത്ത പ്രദേശങ്ങളിലെ വീടുകള്‍ വരെ രാഷ്ട്രീയ സ്വാധീനം മൂലം സഹായം ലഭിക്കുന്ന പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ അര്‍ഹരായവര്‍ ഒഴിവാക്കപ്പെട്ടു. വില്ലേജ് ഓഫീസുകളിലും, പഞ്ചായത്ത് ഓഫീസുകളിലും പരാതിയുമായി കയറിയിറങ്ങുന്നവരോട് പ്രാദേശിക സിപിഎം നേതാക്കളെ കണ്ട് പരിഹാരം തേടാനാണ് ഉദ്യോഗസ്ഥര്‍ പോലും പറയുന്നത്.

ആലപ്പുഴ: പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ രാഷ്ട്രീയം കലര്‍ത്തി. പ്രളയത്തെ പോലും പാര്‍ട്ടിയെ വളര്‍ത്താനുള്ള മാര്‍ഗമായി മാറ്റുകയാണ് സിപിഎം. ഇതിന് സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങളും നല്‍കുന്നു. ദുരിതബാധിതര്‍ക്കുള്ള അടിയന്തര ധനസഹായം ലഭിക്കണമെങ്കില്‍ പ്രാദേശിക സിപിഎം നേതാക്കള്‍ കനിയേണ്ട ഗതികേടാണുള്ളത്. ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ പോലും ഇതിനെ ചോദ്യം ചെയ്തു തുടങ്ങി. പ്രഖ്യാപിച്ച ധനസഹായം കാലതാമസമില്ലാതെ നല്‍കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ദുരിതബാധിതരെ, സഹായം ലഭിക്കുന്നതിനായി സിപിഎം നേതാക്കളുടെ വീട്ടുപടിക്കലും ഓഫീസുകളിലും നെട്ടോട്ടമോടിക്കുകയാണ്. 

പടിക്കല്‍ പോലും വെള്ളംകയറാത്ത പ്രദേശങ്ങളിലെ വീടുകള്‍ വരെ രാഷ്ട്രീയ സ്വാധീനം മൂലം സഹായം ലഭിക്കുന്ന പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ അര്‍ഹരായവര്‍ ഒഴിവാക്കപ്പെട്ടു. വില്ലേജ് ഓഫീസുകളിലും, പഞ്ചായത്ത് ഓഫീസുകളിലും  പരാതിയുമായി കയറിയിറങ്ങുന്നവരോട് പ്രാദേശിക സിപിഎം നേതാക്കളെ കണ്ട് പരിഹാരം തേടാനാണ് ഉദ്യോഗസ്ഥര്‍ പോലും പറയുന്നത്.

  പ്രളയത്തില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിന്റെ സര്‍വേ നടത്തുന്നതിലും സിപിഎം ഇടപെടല്‍ ശക്തമാണ്. പലയിടങ്ങളിലും വില്ലേജ് ഓഫീസര്‍മാരെ നോക്കുകുത്തികളാക്കി ബിഎല്‍ഒമാരും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും, ഗ്രാമപഞ്ചായത്തംഗങ്ങളുമാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഭൂരിപക്ഷം സെക്രട്ടറിമാരും ബിഎല്‍ഒമാരും സിപിഎം അനൂകൂല സംഘടനയിലെ അംഗങ്ങളായതിനാല്‍ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന പട്ടിക പ്രകാരമാണ് സര്‍വേ. വീടുകള്‍ സന്ദര്‍ശിക്കുന്ന ബിഎല്‍ഒമാര്‍ ആവശ്യമായ രേഖകള്‍ പാര്‍ട്ടി ഓഫീസിലോ, പാര്‍ട്ടി സഖാവിനെയോ ഏല്‍പ്പിക്കാനാണ് നിര്‍ദേശിക്കുന്നത്. ചില പ്രദേശങ്ങളില്‍ സിപിഎം നേതാക്കള്‍ വീടുകള്‍ കയറിയിറങ്ങി അപേക്ഷകളും രേഖകളും കൈപ്പറ്റുകയും, ഇവ പിന്നീട് ബിഎല്‍ഒമാര്‍ക്ക് കൈമാറുകയുമാണ് ചെയ്യുന്നത്.

 ക്യാമ്പുകള്‍ കൈയടക്കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ സഹായവും സിപിഎം പിടിച്ചടക്കുന്നത്. പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക് നാലുലക്ഷം രൂപയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഭാഗികമായി തകര്‍ന്ന വീടുകള്‍ വരെ പൂര്‍ണമായി തകര്‍ന്നെന്ന് രേഖപ്പെടുത്താനും കടുത്ത സമ്മര്‍ദം ചെലുത്തുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.