പ്രധാനമന്ത്രിക്ക് നല്‍കിയത് കള്ളക്കണക്ക്

Monday 3 September 2018 2:34 am IST
പ്രഥമിക കണക്കിനേക്കാള്‍ വളരെ കൂടുതലാണ് യഥാര്‍ഥ നഷ്ടമെന്നും വെള്ളം ഇറങ്ങിയ ശേഷമേ ഇത്് കണക്കാക്കാന്‍ പറ്റൂ എന്നുമാണ് പ്രധാനമന്ത്രിയെ ധരിപ്പിച്ചത്്. റിപ്പോര്‍ട്ട് നല്‍കിയാല്‍ വേണ്ട സഹായം എല്ലാം നല്‍കാമെന്ന് പ്രധാനമന്ത്രി ഉറപ്പും നല്‍കി. റോഡും പാലവും ശരിയാക്കാന്‍ ദേശീയപാത അതോറിറ്റി സഹായിക്കാുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേന്ദ്ര സഹായത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയത് കള്ളക്കണക്കാണെന്നു തെളിഞ്ഞു. പ്രധാനമന്ത്രിയോട് പറഞ്ഞതിന്റെ പകുതി പോലും നഷ്ടം ഉണ്ടായിട്ടില്ല എന്നാണ് യഥാര്‍ഥ കണക്കുകള്‍  വ്യക്തമാക്കുന്നത്്. ആഗസ്റ്റ് 18ന് കൊച്ചിയിലെ ചര്‍ച്ചയില്‍ പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. പ്രധാന നഷ്ടമായി എടുത്തു കാട്ടിയത് റോഡുകളും പാലങ്ങളും തകര്‍ന്നതും. 16,000 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകളും 82,000 കി.മീ. പ്രാദേശിക റോഡുകളും 134 പാലങ്ങളും തകര്‍ന്നു. റോഡുകളുടെ നഷ്ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികം എന്നാണ്  പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഉണ്ടായിരുന്നത്്.

പ്രഥമിക കണക്കിനേക്കാള്‍ വളരെ കൂടുതലാണ് യഥാര്‍ഥ നഷ്ടമെന്നും വെള്ളം ഇറങ്ങിയ ശേഷമേ ഇത്് കണക്കാക്കാന്‍ പറ്റൂ എന്നുമാണ് പ്രധാനമന്ത്രിയെ ധരിപ്പിച്ചത്്. റിപ്പോര്‍ട്ട് നല്‍കിയാല്‍ വേണ്ട സഹായം എല്ലാം നല്‍കാമെന്ന് പ്രധാനമന്ത്രി ഉറപ്പും നല്‍കി. റോഡും പാലവും ശരിയാക്കാന്‍ ദേശീയപാത അതോറിറ്റി സഹായിക്കാുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വെള്ളം ഇറങ്ങിയ ശേഷം  സംസ്ഥാന പൊതുമരാമത്തു വകുപ്പു കണക്കെടുത്തപ്പോള്‍ തകര്‍ന്നത് 34,732 കിലോ മീറ്റര്‍ റോഡുമാത്രം. പ്രധാനമന്ത്രി കേരളത്തില്‍ വന്നു പോയതിനുശേഷമാണ് തെക്കന്‍ കേരളത്തില്‍ മഹാപ്രളയം ഉണ്ടായി വന്‍ നാശനഷ്ടം വന്നത്. ഇതും കുടി കൂട്ടിയിട്ടും തകര്‍ന്നത് പ്രധാനമന്ത്രിയോട് പറഞ്ഞതിന്റെ മൂന്നിലൊന്നു റോഡുകള്‍ മാത്രം. 

റോഡുകളുടേയും പാലങ്ങളുടേയും പുനര്‍ നിര്‍മാണത്തിന് 5,805 കോടി വേണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിലയിരുത്തല്‍. ചെറിയ റോഡുകള്‍ മുതല്‍ സംസ്ഥാന പാതകള്‍ വരെയുള്ളവയുടെ പുനര്‍നിര്‍മാണത്തിന് 4978.08 കോടി, ദേശീയപാത നന്നാക്കാന്‍ 533.78 കോടി, പാലങ്ങള്‍ക്ക് 293.3 കോടി. ഇങ്ങനെ ആകെ 5805.16 കോടി. പ്രധാനമന്ത്രിയോട് നേരത്തെ പറഞ്ഞ് 13,800 കോടിയുടെ സ്ഥാനത്താണിത്. നരേന്ദ്ര മോദിക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞത് 134 പാലം തകര്‍ന്നെന്നും 800 കോടിയുടെ നഷ്ടം വന്നുവെന്നുമാണ്. കണക്കെടുത്തപ്പോള്‍ 218 പാലങ്ങള്‍ തകര്‍ന്നിട്ടുണ്ട്. എന്നാല്‍ നഷ്ടം 293 കോടി മാത്രം.

കേന്ദ്രത്തോട് ആവശ്യപ്പെട്ട കണക്കും യഥാര്‍ഥ കണക്കും തമ്മില്‍ വലിയ വ്യത്യാസം ഉള്ളതിനാലാണ് കേന്ദ്ര സഹായം കിട്ടാനായി നിവേദനം കേരളം ഇതേവരെ നല്‍കാത്തത്. നിവേദനം കിട്ടിയാലുടന്‍ സഹായമെന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടും ചെയ്യാത്തതും അതിനാലാണ്. റോഡും പാലവും നിര്‍മിക്കാന്‍ ദേശീയ പാത അതോറിറ്റി സഹായിക്കാമെന്നു പറഞ്ഞതിനോടും മുഖംതിരിച്ചു നില്‍ക്കുന്നതിനു കാരണവും ഇതു തന്നെ.

ദുരന്തസഹായത്തിനായി കേരളം കള്ളക്കണക്കുകളാണ് കാണിക്കുന്നതെന്ന ആക്ഷേപം കേന്ദ്രസര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ക്കുണ്ട്. സുനാമി, ഓഖി ദുരിതത്തില്‍ അത് തെളിഞ്ഞതുമാണ്. അതിനാല്‍ കേരളം കൊടുക്കുന്ന നിവേദനങ്ങളെ സംശയത്തോടെ വീക്ഷിക്കുകയും അര്‍ഹതപ്പെട്ടത് കിട്ടാന്‍പോലും കാലതാമസം ഉണ്ടാകുകയും ചെയ്യുന്നു. അതിന് വഴി തെളിയിക്കുന്നതാണ് പ്രധാനമന്ത്രിക്കു മുന്നില്‍ വെച്ച കള്ളക്കണക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.