ക്യാമ്പുകള്‍ പിരിച്ചുവിട്ടിട്ട് ദിവസങ്ങള്‍; കിറ്റും പണവും കിട്ടുന്നില്ല

Monday 3 September 2018 1:08 am IST
പണം അക്കൗണ്ടിലേക്ക് നേരിട്ടാണു നല്‍കുക. രേഖകള്‍ ഇല്ലാത്തതിനാല്‍ ധനസഹായം എത്തിക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണു ജില്ലാ ഭരണകൂടങ്ങള്‍. പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്ക് അക്കൗണ്ട് നമ്പര്‍ കാണാതെ അറിയില്ല. അക്കൗണ്ട് ഉണ്ടായിരുന്ന ബാങ്കുകളുടെ പേര് മാത്രമാണ് പലര്‍ക്കും ഓര്‍മയുള്ളതെന്ന് ദുരിതാശ്വാസ ഫണ്ട് വിതരണത്തിന്റെ ചുമതലയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു.

ആലപ്പുഴ: പ്രളയത്തില്‍ സര്‍വതും നശിച്ചവര്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങുമ്പോള്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റും, പതിനായിരം രൂപയും നല്‍കുമെന്ന പ്രഖ്യാപനം ആഴ്ചകള്‍ പിന്നിട്ടിട്ടും നടപ്പായില്ല. പണവും കിറ്റും നേരിട്ട് നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി ആദ്യം പ്രഖ്യാപിച്ചിരുന്നത്. പണം അക്കൗണ്ടുകളിലൂടെ മാത്രമേ നല്‍കുകയുള്ളു എന്ന് ധനമന്ത്രി പിന്നെ പ്രഖ്യാപിച്ചു. 

 ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയാണ് സര്‍ക്കാര്‍ സഹായത്തിനായുള്ള അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ടത്. എന്നാല്‍ രേഖകള്‍ നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തതിനാല്‍ ഭൂരിഭാഗം ആളുകള്‍ക്കും അക്കൗണ്ട് വിവരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 3,800 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 6,200 രൂപയും അടക്കമാണ് ഓരോ കുടുംബത്തിനും പതിനായിരം രൂപ വീതം നല്‍കുന്നത്. ജില്ലാ കളക്ടര്‍മാര്‍ക്കാണു വിതരണത്തിന്റെ ചുമതല.

പണം അക്കൗണ്ടിലേക്ക് നേരിട്ടാണു നല്‍കുക. രേഖകള്‍ ഇല്ലാത്തതിനാല്‍ ധനസഹായം എത്തിക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണു ജില്ലാ ഭരണകൂടങ്ങള്‍. പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്ക് അക്കൗണ്ട് നമ്പര്‍ കാണാതെ അറിയില്ല.  അക്കൗണ്ട് ഉണ്ടായിരുന്ന ബാങ്കുകളുടെ പേര് മാത്രമാണ് പലര്‍ക്കും ഓര്‍മയുള്ളതെന്ന് ദുരിതാശ്വാസ ഫണ്ട് വിതരണത്തിന്റെ ചുമതലയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു. 

പേരുപയോഗിച്ച് ബാങ്കിലെ രേഖകള്‍ കണ്ടെത്തി യഥാര്‍ഥ ഗുണഭോക്താവാണോ എന്നുറപ്പാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഏറെ ബുദ്ധിമുട്ടുന്നു.

 അഞ്ചു ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് ധനമന്ത്രി ഇന്നലെ വീണ്ടും അവകാശപ്പെടുമ്പോഴും എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമാക്കാന്‍ കഴിയുന്നില്ല. കുട്ടനാട്ടിലെ ബഹുഭൂരിപക്ഷം കുടുംബങ്ങള്‍ക്കും ഇതുവരെ സര്‍ക്കാരിന്റെ യാതൊരു സഹായവും ലഭ്യമായിട്ടില്ല. 

സന്നദ്ധസംഘടനകള്‍ നല്‍കുന്ന ഭക്ഷണവും, വെള്ളവുമാണ് ആശ്രയം. തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണികള്‍ പോലും ചെയ്യാന്‍ കഴിയുന്നില്ല. പാത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാം പോയവര്‍ക്ക് ജീവിതം ഒന്നില്‍ നിന്ന് തുടങ്ങേണ്ടതുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ലഭിച്ചാല്‍ മാത്രമേ അവര്‍ക്ക് മൂന്നോട്ട് പോകാന്‍ കഴിയുകയുള്ളു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.