മുഖ്യമന്ത്രി അമേരിക്കയില്‍; ഏകോപനം ഇ.പി. ജയരാജന്

Monday 3 September 2018 1:11 am IST
പ്രധാനപ്പെട്ട ഫയലുകള്‍ ഇ-ഫയല്‍ സംവിധാനം വഴി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. മുഖ്യമന്ത്രിയുടെ വിദേശയാത്ര യാതൊരു ഭരണസ്തംഭനവും ഉണ്ടാക്കില്ലെന്ന് മന്ത്രി ഇ.പി. ജയരാജന്‍ അറിയിച്ചു. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നാലും അതിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 4.40ന് എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായ് വഴിയാണ് മുഖ്യമന്ത്രി യാത്ര പുറപ്പെട്ടത്. ഒപ്പം ഭാര്യ കമലയുമുണ്ട്. മുഖ്യമന്ത്രിയുടെ ചുമതല പകരം ആര്‍ക്കും നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിക്കും. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയും ജയരാജനാണ്. 

തിങ്കളാഴ്ച പോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ തീരുമാനം മാറ്റി രഹസ്യമായി ഇന്നലെ പുറപ്പെടുകയായിരുന്നു. മൂന്ന് ആഴ്ച മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് വിധേയനാകുമെന്നാണ് വിവരം. അമേരിക്കയിലെ പ്രശസ്തമായ മേയോ ക്ലിനിക്കിലാണ് ചികിത്സ. കഴിഞ്ഞമാസം 19ന് പോകാനായിരുന്നു തീരുമാനമെങ്കിലും പ്രളയം കാരണം യാത്ര മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പി. സദാശിവത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി തന്റെ യാത്രാവിവരം ചര്‍ച്ച ചെയ്തിരുന്നു. 

 പ്രധാനപ്പെട്ട ഫയലുകള്‍ ഇ-ഫയല്‍ സംവിധാനം വഴി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. മുഖ്യമന്ത്രിയുടെ വിദേശയാത്ര യാതൊരു ഭരണസ്തംഭനവും ഉണ്ടാക്കില്ലെന്ന്  മന്ത്രി ഇ.പി. ജയരാജന്‍ അറിയിച്ചു. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നാലും അതിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. 

ആധുനിക ശാസ്ത്രസാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ച് പരസ്പരം കൂടിയാലോചിച്ച് കാര്യങ്ങള്‍ ഭംഗിയായി നടത്തും. മുഖ്യമന്ത്രി പോയത് വൈദ്യപരിശോധനയ്ക്കാണ്. അത് പൂര്‍ത്തിയാകുന്നപക്ഷം മടങ്ങി വരും. എപ്പോഴാണ് അത് എന്നത് പരിശോധന കഴിഞ്ഞാലേ പറയാന്‍ കഴിയൂ. മുഖ്യമന്ത്രിയുടെ ചുമതല പ്രത്യേകിച്ച് മറ്റാര്‍ക്കും കൊടുക്കേണ്ട കാര്യമില്ല. മന്തിമാര്‍ ടീമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. 

മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ആര് അധ്യക്ഷത വഹിക്കും എന്ന കാര്യം മന്ത്രിസഭായോഗം കഴിയുമ്പോള്‍ മനസ്സിലാകും. പ്രളയം കേരളത്തിനുണ്ടാക്കിയ നഷ്ടങ്ങള്‍ നികത്താന്‍ കേരളത്തിന് അകത്തും പുറത്തുമുള്ള എല്ലാ സഹായങ്ങളും സ്വീകരിക്കേണ്ടതുണ്ട്. മന്ത്രിമാര്‍ വിദേശത്ത് പോകുന്നത് കൂടുതല്‍ സഹായം ലഭിക്കാന്‍ ഇടയാക്കും. 10 മുതല്‍ 15 വരെ മന്ത്രിമാര്‍ ഓരോ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. അതിനുശേഷമാവും യാത്ര. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ മന്ത്രിതല സബ്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എലിപ്പനി പടരുന്നത് വളരെ ഗുരുതരമായ പ്രശ്‌നമാണ്. അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ പ്രതിരോധമരുന്നുകള്‍ ഉപയോഗിക്കണമെന്നും ജയരാജന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.