ഉപസമിതി രൂപീകരണം: ഭിന്നത വ്യക്തം; തോമസ് ഐസക്കിനെ ഒഴിവാക്കി

Monday 3 September 2018 1:12 am IST
ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവരാണ് പ്രളയദുരിതം രൂക്ഷമായി അനുഭവിക്കുന്നത്. കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ തോമസ് ഐസക്കിനേയും ജി. സുധാകരനേയും ഉപസമിതിയില്‍ ഉള്‍പ്പെടുത്തിയില്ല.

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയില്‍ പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലെ മന്ത്രിമാരെ ഉള്‍പ്പെടുത്താതെ ഒഴിവാക്കി.  സാധാരണ മന്ത്രിസഭയില്‍  മുഖ്യമന്ത്രിയില്ലെങ്കില്‍ ധനമന്ത്രിക്കാണ് അടുത്ത ചുമതല. എന്നാല്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ദുരിതാശ്വാസ ഫണ്ടുകള്‍ വിനിയോഗിക്കാന്‍ ചുമതല നല്‍കിയതാകട്ടെ വ്യവസായ മന്ത്രി ഇ.പി. ജയരാജനും. 

 ആലപ്പുഴ, പത്തനംതിട്ട  ജില്ലകളിലുള്ളവരാണ് പ്രളയദുരിതം രൂക്ഷമായി അനുഭവിക്കുന്നത്. കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ തോമസ് ഐസക്കിനേയും ജി. സുധാകരനേയും ഉപസമിതിയില്‍ ഉള്‍പ്പെടുത്തിയില്ല.

ഇ.പി. ജയരാജന്‍, ഇ. ചന്ദ്രശേഖരന്‍, മാത്യൂ ടി. തോമസ്, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് മന്ത്രിസഭാ ഉപസമിതി അംഗങ്ങള്‍. പത്തനംതിട്ടയില്‍ നിന്നുള്ള മാത്യു ടി. തോമസ് മാത്രമാണ് വെള്ളപ്പൊക്കകെടുതി അനുഭവിക്കുന്ന ജില്ലയിലെ ഏക മന്ത്രി. ജയരാജനും രാമചന്ദ്രന്‍ കടന്നപ്പള്ളിയും കണ്ണൂര്‍ ജില്ലയിലെയും,  റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ കാസര്‍കോടും എ.കെ.ശശീന്ദ്രന്‍ കോഴിക്കോടുമാണ്. പ്രളയക്കെടുതി രൂക്ഷമായ മറ്റൊരു ജില്ലയായ തൃശൂരില്‍ നിന്നുള്ള കൃഷി മന്ത്രി സുനില്‍കുമാറിനെയും സമിതിയില്‍ നിന്നും  തഴഞ്ഞു.

ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ധനവിനിയോഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണെങ്കിലും ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഇനി നടത്തേണ്ടത് ധനവകുപ്പാണ്. തോമസ് ഐസക്കിനെ ഉള്‍പ്പെടുത്തിയാല്‍ സമിതിയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് പോകില്ല എന്ന തിരിച്ചറിവ് ബോധപൂര്‍വമായ ഒഴിവാക്കലിനു പിന്നിലുണ്ട്. സമിതിയിലെ മറ്റ് മന്ത്രിമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയോ ഇ.പി. ജയരാജന്റെയോ തീരുമാനത്തിന് എതിരഭിപ്രായം പറയുന്നവരല്ല. 

മുഖ്യമന്ത്രിയുടെ അസാന്നിധ്യം ഐസക്ക് മുതലെടുക്കരുത് എന്നതും ഇതിനു പിന്നിലുണ്ട്. തുടര്‍ച്ചയായി വാര്‍ത്താ സമ്മേളനം നടത്തിയും മറ്റും തോമസ് ഐസക്ക് ശ്രദ്ധനേടാനും സാധ്യതയുണ്ട്. ഇത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ വിഭാഗത്തിന് ശക്തി പകരും. കേന്ദ്രസഹായവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഐസക്ക് അനഭിമതനാണ്. മുഖ്യമന്ത്രി നിരവധി തവണ കേന്ദ്രത്തെ അഭിനന്ദിച്ചപ്പോള്‍ തോമസ് ഐസക്ക് പ്രധാനമന്ത്രിയുടള്‍പ്പെടെയുള്ളവരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് ഐസക്കിനെ മാറ്റി നിര്‍ത്താന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.