മാവോയിസ്റ്റുകള്‍ക്കൊപ്പം ആരൊക്കെ?

Monday 3 September 2018 1:14 am IST
ഇവിടെ ഓര്‍ക്കേണ്ടത് ഈ മാവോയിസ്റ്റുകള്‍ ഇതുവരെ ഹരിശ്ചന്ദ്രന്മാരായി കഴിഞ്ഞിരുന്നവരല്ല എന്നതാണ്; അനവധി തവണ യുഎപിഎ അടക്കം ചുമത്തപ്പെട്ട കേസുകളില്‍ പ്രതികളായിരുന്നവരും ഐഎസ്ഐ അടക്കമുള്ളവരുമായി അവിഹിത ബാന്ധവമുണ്ടെന്ന് ആക്ഷേപിക്കപ്പെട്ടവരുമാണ്.

ഇന്ത്യയുടെ പ്രധാനമന്ത്രിയെ വധിക്കാന്‍ ഒരു കൂട്ടര്‍ പദ്ധതിയിടുന്നു. അവര്‍ പിടിക്കപ്പെടുന്നു. എന്നാല്‍ ഈ  വധ പദ്ധതി തയ്യാറാക്കിയവര്‍ക്ക് വേണ്ടി പരസ്യമായി രംഗത്ത് ഇറങ്ങുന്നവരില്‍ രാജ്യത്തെ ഒട്ടെല്ലാ പ്രതിപക്ഷ കക്ഷികളും ഉള്‍പ്പെടുന്നു... ഇത് ഇന്ത്യയില്‍ മുന്‍പുണ്ടായിട്ടുണ്ടോ; ഇത്രക്ക് തരം താണ രാഷ്ട്രീയം ഇന്ത്യയില്‍ ഇതിനു മുന്‍പ് കണ്ടിട്ടുണ്ടോ?. എന്താണതില്‍ നിന്ന് ഊഹിക്കേണ്ടത്... ഈ 'പ്രധാനമന്ത്രി വധപദ്ധതി'ക്ക് ആ പ്രതിപക്ഷ കക്ഷികളും അനുകൂലമാണ് എന്നാണോ?. അതിന് ഇന്ത്യയുടെ ശത്രുരാജ്യങ്ങളുടെ പിന്തുണയുണ്ടോ?. അതിനൊക്കെയുള്ള സാഹചര്യ തെളിവുകളെങ്കിലും ലഭ്യമാണോ?. അതാണ് ഇന്നിപ്പോള്‍ പരിശോധിക്കുന്നത്. 

മഹാരാഷ്ട്രയിലെ പൂനക്ക് സമീപം അരങ്ങേറിയ ഭീമ- കൊറേഗാവ് കലാപമാണ് ഇത്തരമൊരു പ്രശ്‌നത്തിലേക്ക് പോലീസിന്റെ ശ്രദ്ധ എത്തിച്ചത്. അവിടെ ഇക്കഴിഞ്ഞ ജനുവരി ഒന്നിന് സാധാരണനിലക്ക് നടക്കാന്‍    പാടില്ലാത്തത് പലതും നടന്നു. അത് ആസൂത്രിതമായിരുന്നു എന്ന് വ്യക്തമായി. പിന്നെ അന്വേഷിച്ചത് ആരൊക്കെയാണ് അതിന് പിന്നില്‍ എന്നാണ്. അതാണ് മാവോയിസ്റ്റുകളിലേക്ക് എത്തിച്ചത്. അവിടെയുണ്ടായിരുന്നവരില്‍ ചിലര്‍ കോണ്‍ഗ്രസുകാരോ, എന്‍സിപിക്കാരോ അവരുടെ വിശ്വസ്തരോ ആണെന്നതും ശ്രദ്ധയില്‍പെട്ടു. 

ആ അന്വേഷണമാണ് ദല്‍ഹിയിലേക്കും മറ്റു ചില നഗരങ്ങളിലേക്കും എത്തിച്ചത്. ആദ്യഘട്ടത്തില്‍ പിടിയിലായവരില്‍ നിന്ന്തന്നെ സുപ്രധാന വിവരങ്ങള്‍ ലഭിച്ചു എന്നതാണ് പ്രധാനം. അതാവട്ടെ ഈ പറയുന്ന നക്സലുകള്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ് തുടങ്ങിയവയില്‍ നിന്നും. അതൊക്കെ മറയ്ക്കാന്‍ കഴിയാത്ത തെളിവുകളാണല്ലോ. അങ്ങനെ ലഭിച്ച ഒരു ഇ- മെയില്‍ ആണ് നരേന്ദ്ര മോദിയെ വധിക്കാനുള്ള വലിയ പദ്ധതി വെളിച്ചത്ത് കൊണ്ടുവന്നത്. സ്വാഭാവികമായും മഹാരാഷ്ട്ര പൊലീസിന് അന്വേഷണം മുന്നോട്ട് കൊണ്ടുപോയേ കഴിയുമായിരുന്നുള്ളൂ. 

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ കോണ്‍ഗ്രസുകാരും മറ്റ് പ്രതിപക്ഷ കക്ഷികളും സ്വീകരിച്ചുവരുന്ന നിലപാട് വ്യക്തമാണ്. തിരഞ്ഞെടുപ്പില്‍, ഒന്നല്ല അനവധി, ജനങ്ങളാല്‍ നിരാകരിക്കപ്പെട്ടവര്‍, പാര്‍ലമെന്റില്‍ ഒന്നും നടക്കാന്‍ അനുവദിക്കാതിരുന്നത് പലപ്പോഴും ചര്‍ച്ച ചെയ്തതാണ്. രാജ്യസഭയിലുള്ള സാങ്കേതികമായ സംഖ്യാബലം ഉപയോഗിച്ചുകൊണ്ട് രാജ്യത്തെ കുഴപ്പത്തിലാക്കാന്‍ ശ്രമിച്ചു. 

സാധാരണ നിലയ്ക്ക് അതൊന്നും ഒരു കക്ഷിയും ചെയ്യാറില്ല. എന്നാല്‍ ഇറ്റാലിയന്‍ അജണ്ട അതായിരുന്നു. അതിനു പിന്നാലെയാണ് നാഷണല്‍ ഹെറാള്‍ഡ്, കല്‍ക്കരി കോഴക്കേസ്, പി. ചിദംബരം, ചിദംബര പുത്രന്‍, റോബര്‍ട്ട് വാദ്ര, അഹമ്മദ് പട്ടേല്‍ തുടങ്ങിയവരൊക്കെ ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍ ഒന്നൊന്നായി പുറത്തുവരുന്നത്. നോട്ട് നിരോധനം പോലുള്ള നടപടികള്‍ ഏറെ ബാധിച്ചതും ഇത്തരക്കാരെത്തന്നെ. കള്ളപ്പണക്കാര്‍, കള്ള ഇടപാടുകാര്‍ ഒക്കെ അതോടെ മോദിക്കെതിരായി. സോണിയ ഗാന്ധിയും മകനും മകളും മരുമകനുമടക്കം പ്രതിക്കൂട്ടിലായപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് മുന്നില്‍ ഒരുവഴിയെ ഉണ്ടായിട്ടുണ്ടാവൂ... അത് അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കില്ലെന്ന് ഉറപ്പുവരുത്തലാണ്.

പക്ഷെ അവിടെ മോദി തന്നെയാണ് ഏക പ്രശ്‌നമെന്ന് കണ്ടുവോ എന്നതറിയില്ല. ഇന്നിപ്പോള്‍ മാവോയിസ്റ്റുകള്‍ സ്വീകരിച്ച നിലപാട് കാണുമ്പൊള്‍ നരേന്ദ്ര മോദിയെ ഇല്ലാതാക്കിയാലേ രക്ഷയുള്ളൂ എന്ന് ചിലര്‍ ചിന്തിച്ചു എന്നു വ്യക്തം. 

ഇവിടെയാണ്, ഒരു സാധാരണക്കാരന്റെ ദൃഷ്ടിയില്‍, സാഹചര്യ തെളിവുകള്‍ക്ക് പ്രസക്തിയേറുന്നത്. ഭീമ -കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് പിടിയിലായവരാണ് മോദിവധത്തിന് പദ്ധതിയിട്ടവരില്‍ ഉള്‍പ്പെടുന്നത് എന്നത് വ്യക്തമാണല്ലോ. അതിന് തെളിവായി രേഖകളുണ്ട്. അവര്‍ കൈമാറിയ കത്തുകള്‍, ഇ-മെയിലുകള്‍, ഫോണ്‍ സന്ദേശങ്ങള്‍ എന്നിവയൊക്കെ കണ്ടെത്തിയിരിക്കുന്നു എന്നാണ് മഹാരാഷ്ട്ര പോലീസ് അവകാശപ്പെടുന്നത്. അത് അവിശ്വസിക്കേണ്ട കാര്യമില്ല. മാത്രമല്ല, പലതും ഫോറന്‍സിക് പരിശോധനകള്‍ക്ക് വിധേയമാക്കി എന്നുവേണം കരുതാന്‍. അങ്ങിനെയാണ് രാഹുല്‍ ഗാന്ധി മുതല്‍ സീതാറാം യെച്ചൂരിയും മമത ബാനര്‍ജിയും വരെ പരസ്യമായി ന്യായീകരിക്കുന്ന' മാവോയിസ്റ്റ് ബുദ്ധിജീവികള്‍' കുടുങ്ങുന്നത്. 

ഇവിടെ ഓര്‍ക്കേണ്ടത് ഈ മാവോയിസ്റ്റുകള്‍ ഇതുവരെ ഹരിശ്ചന്ദ്രന്മാരായി കഴിഞ്ഞിരുന്നവരല്ല എന്നതാണ്; അനവധി തവണ യുഎപിഎ അടക്കം ചുമത്തപ്പെട്ട കേസുകളില്‍ പ്രതികളായിരുന്നവരും ഐഎസ്ഐ അടക്കമുള്ളവരുമായി അവിഹിത ബാന്ധവമുണ്ടെന്ന് ആക്ഷേപിക്കപ്പെട്ടവരുമാണ്. ചിലരെ മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത്തന്നെ പിടിച്ചുജയിലില്‍ ഇട്ടതാണ് എന്നതുമോര്‍ക്കുക. അതിന് കാരണമായി യുപിഎ സര്‍ക്കാര്‍ പറഞ്ഞത്, ഇക്കൂട്ടര്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് എന്നതാണ്. ആറേഴ് വര്‍ഷം മുന്‍പ് രാജ്യവിരുദ്ധരായിരുന്നവരുമായി ഇന്നിപ്പോള്‍ കോണ്‍ഗ്രസ് ബാന്ധവമുണ്ടാക്കിയാലോ?. അത്തരമൊരു രഹസ്യഇടപാട് ഉണ്ടെന്നാണ് സൂചനകള്‍; അത് പൂനെയില്‍ നാം കേട്ടു. 

രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ ഗുജറാത്ത് നേതാവാണ് മാവോയിസ്റ്റുകള്‍ക്ക് സാമ്പത്തിക സഹായമെത്തിച്ചത് എന്നത് ചെറിയ കാര്യമല്ലല്ലോ. അവര്‍ക്കാവശ്യമായ നിയമസഹായം ഉറപ്പുനല്‍കിയത് കോണ്‍ഗ്രസാണ് എന്നതും ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അവര്‍ക്കായി കോടതിയിലെത്തുന്നത് കോണ്‍ഗ്രസ് വക്കീലന്മാരാണല്ലോ. എന്താണിത് കാണിക്കുന്നത്, രാജ്യസുരക്ഷയ്ക്ക് അപകടകരം എന്ന് പറഞ്ഞുകൊണ്ട് ഒരിക്കല്‍ യുപിഎ സര്‍ക്കാര്‍ നിരോധിച്ച പ്രസ്ഥാനവുമായി കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടാക്കുന്നു. അവര്‍ ഇപ്പോള്‍ മോദിയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു... സ്ഥിതിവിശേഷം അതീവ ഗുരുതരമാണ് എന്നതില്‍ സംശയമുണ്ടോ. 

ഇതിനിടയിലാണ് പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടവരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന്  വേണ്ടുന്നത്ര തെളിവുകള്‍ ഉണ്ടെന്ന് പോലീസ് പറയുന്നുണ്ട്. ഒരു രാഷ്ട്രീയകക്ഷിയും സാധാരണ നിലക്ക് അത്തരം ആക്ഷേപങ്ങളെ നിസാരമായി കാണാറില്ല. അതാണ് ഇന്ത്യയില്‍ കണ്ടിട്ടുള്ളത്. 

കാരണം ഇവിടെ അവര്‍ വധിക്കാന്‍ തീരുമാനിച്ചത് നമ്മുടെ പ്രധാനമന്ത്രിയെയാണ്. അത്തരക്കാരെ രാജ്യദ്രോഹികള്‍ എന്നല്ലാതെ വിളിക്കാനാവുമോ. അവരെ തള്ളിപ്പറയുക എന്നത് ഏതൊരു പൗരന്റെയും ചുമതലയല്ലേ; ആ വധ പദ്ധതി തയ്യാറാക്കിയവരെ ദേശദ്രോഹികളായി ചിത്രീകരിക്കേണ്ടത് അവരുടെയും ചുമതലയല്ലേ. ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ സാധാരണനിലക്ക് ഈ വേളയില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ടതല്ലേ. പാകിസ്ഥാനില്‍ പോലും അങ്ങിനെയാണ് നടക്കാനിട. പക്ഷെ, ഇവിടെ നമ്മുടെ പ്രതിപക്ഷ കക്ഷികളും അവരുടെ അനുചരന്മാരും മാവോയിസ്റ്റുകള്‍ക്കൊപ്പം ആദ്യമേ പരസ്യമായി അണിനിരക്കുന്നു. 

പ്രധാനമന്ത്രിയെ വധിക്കുന്നതിന് ഗ്രനേഡ് ലോഞ്ചറുകള്‍ വാങ്ങിക്കാന്‍ എട്ട് കോടി ഉണ്ടാക്കാനുള്ള അഭ്യര്‍ഥനയും മാവോയിസ്റ്റുകളില്‍ നിന്ന് പിടിക്കപ്പെട്ടവരിലുണ്ട് എന്നതോര്‍ക്കുക. പ്രധാനമന്ത്രിയുടെ ഒരു റോഡ് ഷോ- ക്കിടയില്‍ 'എല്ലാം തീര്‍ക്കാ'നാണ് പദ്ധതിയിട്ടത്; രാജീവ് ഗാന്ധിയെ വധിച്ചതുപോലെ എന്നും ആ ഇ-മെയിലില്‍ പറയുന്നുണ്ട്... ഇത്രയൊക്കെ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും മറ്റും കൈക്കൊള്ളുന്ന അസ്വഭാവികമായ നിലപാട് അവരെയും പ്രതിസ്ഥാനത്ത് നിര്‍ത്തുവാന്‍ ആരെയെങ്കിലും  പ്രേരിപ്പിക്കുന്നുവെങ്കില്‍ കുറ്റപ്പെടുത്താനാവുമോ?. 

എല്ലാവരും ലക്ഷ്യമിടുന്നത് 2019 തന്നെയാണ്. ആ സുപ്രധാന തിരഞ്ഞെടുപ്പിന് മുമ്പുതന്നെ നരേന്ദ്ര മോദിയെ 'ഇല്ലായ്മ ചെയ്യണം' എന്ന് ബിജെപി വിരുദ്ധര്‍ കരുതുന്നു. ആ പൊതുതിരഞ്ഞെടുപ്പില്‍ വിജയത്തിന് അത് അനിവാര്യമാണ് എന്നും കരുതുന്നുണ്ട് എന്ന് വ്യക്തം. അപ്പോഴാണ് പ്രധാനമന്ത്രി വധിക്കപ്പെടണം എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു സ്വാധീനവുമില്ലാത്ത മാവോയിസ്റ്റുകളുടെ മാത്രം പദ്ധതിയല്ല എന്ന് തിരിച്ചറിയേണ്ടിവരിക അല്ലെങ്കില്‍ സംശയിക്കേണ്ടിവരിക. 

അവിടെയാണ് പൂനയില്‍ മാവോയിസ്റ്റുകള്‍ക്ക് പണവും നിയമസഹായവും മറ്റു പലതുമെത്തിച്ചത് ഒരു വലിയ പദ്ധതിയുടെ ഭാഗമായിരുന്നു എന്ന് കരുതേണ്ടിവരുന്നത്. തീര്‍ച്ചയായും ആ വഴികളിലൂടെ പോകാനും യഥാര്‍ഥ കാര്യകാരണങ്ങള്‍ തിരിച്ചറിയാനും മഹാരാഷ്ട്ര പോലീസിനായി എന്ന് വ്യക്തം.  

ഇവിടെയാണ് പ്രതിപക്ഷം ഇപ്പോള്‍ സ്വീകരിച്ച മാവോയിസ്റ്റ് അനുകൂല നിലപാടുകളെ സംശയിക്കേണ്ടിവരുന്നത്. മുന്‍കാലങ്ങളില്‍ പ്രതിക്കൂട്ടിലായിട്ടുള്ള ആളുകള്‍ പിടിക്കപ്പെടുമ്പോള്‍ പലരുടെയും മന: സമാധാനം നഷ്ടപ്പെടുന്നതല്ലെ കഴിഞ്ഞദിവസങ്ങളില്‍ രാജ്യം കണ്ടത്. അവര്‍ക്കും ഈ ഗൂഢ പദ്ധതിയില്‍ പങ്കുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയാത്തത് ആ പ്രതികരണങ്ങള്‍ കൊണ്ടുകൂടിയാണല്ലോ. തങ്ങളുടെ പേരുകള്‍ പുറത്തുവരുമോ എന്നും പലരും കരുതുന്നുണ്ടാവണം. 

ആയിരത്തിലേറെ ഇ-മെയില്‍ ഉള്ളപ്പോള്‍ ആശങ്ക ഉയരുന്നില്ലെങ്കിലേ അതിശയമുള്ളൂ. തീര്‍ച്ചയായും ഇനിയും കുറെ കാര്യങ്ങള്‍ വെളിച്ചം കാണാനുണ്ട്; അത് കോടതിയിലെത്തുകതന്നെ ചെയ്യും. എന്നാല്‍ രാജ്യം ഇന്നിപ്പോള്‍ വലിയൊരു പ്രതിസന്ധിയിലാണ് എന്നത് മറന്നുകൂടാ. അതാണ് ഈ സംഭവങ്ങള്‍ നല്‍കുന്ന സൂചനകള്‍. 2019 ല്‍  ഇന്ത്യന്‍ ജനതക്ക് മുന്നിലുണ്ടാവുക ബിജെപിയെയും നരേന്ദ്രമോദിയെയും വിജയിപ്പിക്കുക എന്നത് മാത്രമല്ല ഇന്ത്യ വിരുദ്ധ ശക്തികളെ തകര്‍ക്കുക എന്നതുമാണ്. പ്രതിപക്ഷമെന്നത് കുറെ രാഷ്ട്രീയ കക്ഷികള്‍ മാത്രമല്ല മറിച്ച് ഇന്ത്യയെ തളര്‍ത്താന്‍, തകര്‍ക്കാന്‍, ആഗ്രഹിക്കുന്ന ചില ശത്രു രാജ്യങ്ങള്‍ കൂടിയുണ്ടാവാം എന്നതാണ് പ്രധാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.