പശ്ചിമഘട്ട സംരക്ഷണവും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും

Monday 3 September 2018 1:15 am IST
നിര്‍ഭാഗ്യവശാല്‍ ഹരിതമേലാപ്പിന്റെ കട്ടിയായ പച്ചപ്പട്ട് പുതച്ച് പ്രൗഢയായി വിരാജിച്ചിരുന്ന അവളിന്ന് അതിന്റെ കീറിപ്പറിഞ്ഞ അവശിഷ്ടങ്ങള്‍ ചുറ്റി നാണം മറയ്ക്കാനാവാതെ കേഴുന്ന സ്ഥിതിയിലാണ്. പശ്ചിമഘട്ടത്തെ ഇങ്ങനെ നാശോന്മുഖമാക്കിയത് ദരിദ്രരുടെ വിശപ്പടക്കാനുള്ള പരാക്രമങ്ങള്‍ അല്ല. അതിസമ്പന്നരുടെ അടക്കി നിര്‍ത്താനാവാത്ത ആര്‍ത്തിയുടെ കൂര്‍ത്ത നഖങ്ങളാണ്.

പശ്ചിമഘട്ട വികസനവും സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് 7 വര്‍ഷം പിന്നിട്ടിരിക്കുന്നു.

(1) പശ്ചിമഘട്ടം സംബന്ധിച്ച് വിവരങ്ങളുടെ ക്രോഡീകരണം, (2) പരിസ്ഥിതിലോല പ്രദേശങ്ങളെ തിരിച്ചറിയല്‍, (3) തിരിച്ചറിഞ്ഞ പ്രദേശങ്ങളുടെ തരംതിരിച്ചുള്ള സംരക്ഷണം, (4) പശ്ചിമഘട്ട നിവാസികളുടെ ജീവിതസുരക്ഷ, (5) പങ്കാളിത്ത ശൈലിയിലുള്ള പശ്ചിമഘട്ട വികസനം (6) മേല്‍നോട്ട ചുമതല വഹിക്കുവാന്‍ പശ്ചിമഘട്ട അതോറിട്ടിയുടെ രൂപീകരണം എന്നീ ആറുകാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

അതിരുവിട്ട വനവിഭവ വിനിയോഗവും വനഭൂമി കയ്യേറ്റവും വനനശീകരണവും നടത്തി നേട്ടമുണ്ടാക്കുന്ന മാഫിയകളും സംഘടിത മതവിഭാഗങ്ങളുമാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെടുന്നത്.

എന്നാല്‍ പരിരക്ഷണത്തിലൂടെ ദീര്‍ഘകാല വികസനം സാധ്യമാക്കുകയെന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ മൗലിക സമീപനം, മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഗുണകരമാണ്. ഇതിനാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ അന്തസത്ത ചോര്‍ത്തിക്കളയാതെ വികസനോന്മുഖമായും ജനക്ഷേമപരമായും എങ്ങനെ നടപ്പിലാക്കാമെന്ന് ചിന്തിക്കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, ജനപ്രതിനിധികളുമാണ്. നമ്മുടെ നിയമനിര്‍മ്മാണ സഭകളില്‍ ചര്‍ച്ച നടക്കേണ്ടത് അതിനെ സംബന്ധിച്ചാണ്.

അതേസമയം ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എങ്ങിനെ നടപ്പിലാക്കാം എന്ന് തീരുമാനിക്കുന്നതിന് വേണ്ടി നിശ്ചയിച്ച കസ്തൂരി രംഗന്‍, ഏല്‍പ്പിച്ച ജോലിക്ക് പകരം പുതിയ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുകയായിരുന്നു. അതുരണ്ടും അംഗീകരിക്കാത്ത കേരളസര്‍ക്കാര്‍ ഉമ്മന്‍ വി ഉമ്മന്റെ നേതൃത്വത്തില്‍ പുതിയൊരു സംഘത്തെ നിയോഗിച്ചു. 7 വര്‍ഷമായിട്ടും ഇന്നുവരെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയോ, പഠനം നടത്തുകയോ ചെയ്തതായി അറിയില്ല.

ഇന്ന് ഒരു മഹാദുരന്തത്തിന്റെ കരിനിഴലില്‍ കേരളം കഴിയുമ്പോള്‍, നാം മനസ്സിലാക്കേണ്ട വസ്തുത ദുരന്തത്തിന് ഇരയായ പ്രദേശങ്ങള്‍ മുഴുവന്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ദുര്‍ബലമേഖലയായി ചൂണ്ടികാട്ടിയവയാണ് എന്നതാണ്. കഴിഞ്ഞ ദിവസം നിയമസഭാ യോഗത്തില്‍ എസ്. രാജേന്ദ്രന്‍ എംഎല്‍എ പ്രസംഗിച്ചത് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമൊന്നുമല്ല നമുക്ക് വേണ്ടത് പ്രായോഗിക സമീപനമാണെന്നാണ്. 

എന്നാല്‍ മഹാപ്രളയത്തിലും തുടര്‍ന്നുള്ള കെടുതിയിലുംപെട്ട് കേരള ജനത ഉഴലുമ്പോള്‍ അതിന് തടയിടാന്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചചെയ്ത് നടപ്പാക്കുകയല്ലാതെ എന്താണ് പ്രായോഗിക നടപടി. മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും പ്രതിപക്ഷ എംഎല്‍എമാരും ആരെയാണ് സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നത്.

ആയിരക്കണക്കിന് അനധികൃത ക്വാറികള്‍ നടത്തുന്ന ക്വാറിമാഫിയകളെയോ, അതോ വനവിഭവങ്ങള്‍ കൊള്ളയടിക്കുന്ന കാട്ടുകൊള്ളക്കാരെയോ, അതോ പതിനായിരക്കണക്കിന് ഏക്കര്‍ വനഭൂമി കയ്യേറിയ സംഘടിത മതക്കാരെയോ. നിങ്ങള്‍ സംരക്ഷിക്കേണ്ടിയിരുന്നത് വനവും വനസമ്പത്തും വനവിഭവങ്ങളും വനസംസ്‌കൃതിയും സംരക്ഷിച്ചുപോന്നിരുന്ന വനവാസികളെ ആയിരുന്നില്ലേ... കൂരവയ്ക്കാന്‍ ഒരുതുണ്ട് ഭൂമിയില്ലാതെ, വിശപ്പടക്കാന്‍ അന്നമില്ലാതെ നാട്ടില്‍ നില്‍പ്പുസമരവും നിരാഹര സമരവുമൊക്കെ നടത്തേണ്ടിവന്ന കാടിന്റെ മക്കളുടെ ശാപമായിരുന്നില്ലെ ഈ പ്രളയം.

നിയമവിരുദ്ധമായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ക്വാറികളല്ലെ ഒരുപരിധിവരെ ഉരുള്‍പ്പൊട്ടലിന് കാരണമായത്. 30 ഡിഗ്രി ചരിവുള്ള മേഖലകളില്‍പോലും മേല്‍മണ്ണിനെ ഉഴുതിളക്കി താല്‍ക്കാലിക ലാഭത്തിനുവേണ്ടി കൃഷിചെയ്തതല്ലെ മണ്ണൊലിപ്പിന് ഇടയാക്കിയത്. കേരളത്തിലെ നദികളുടെ പ്രളയതടങ്ങള്‍ കയ്യേറി കെട്ടിടം വച്ചപ്പോള്‍ ആ കെട്ടിടങ്ങള്‍ക്ക് അംഗീകാരവും അനുവാദവും നല്‍കിയത് രാഷ്ട്രീയ സര്‍ക്കാരുകളല്ലേ... നദീതടങ്ങള്‍ മാത്രമല്ല സ്വച്ഛമായൊഴുകുന്ന നദിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തി നദിതന്നെ കയ്യേറിയ സംഭവങ്ങള്‍ എത്ര. അതൊക്കെയല്ലെ നദികള്‍ കരകവിഞ്ഞൊഴുകുവാന്‍ കാരണമായത്.

ഇവിടുത്തെ വയലുകളെല്ലാം മണ്ണിട്ടുനികത്താന്‍ ഭൂമാഫിയകള്‍ക്ക് അനുവാദം കൊടുക്കുമ്പോള്‍ നിങ്ങള്‍ ഓര്‍ത്തില്ലെ നദിയും തോടുകളും കരകവിഞ്ഞാല്‍ അധികജലം വഹിക്കേണ്ടത് ഈ വയലുകളും തണ്ണീര്‍തടങ്ങളും ആണെന്ന്. പ്രകൃതിയെ ചൂഷണം ചെയ്യുന്നവരെ സഹായിക്കുന്നവരും പരിസ്ഥിതി വിരുദ്ധരാണ്. അതുകൊണ്ട് പഞ്ചായത്ത് മെമ്പര്‍ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍, വില്ലേജ് ഓഫീസര്‍ മുതല്‍ ചീഫ് സെക്രട്ടറി വരെയുള്ളവര്‍, കോണ്‍സ്റ്റബിള്‍ മുതല്‍ ഡിജിപി വരെയുള്ളവര്‍ എന്നിവര്‍ക്കെല്ലാം കുറ്റം ഏറ്റെടുക്കേണ്ടിവരും. കാരണം ഇവരൊക്കെ പരിസ്ഥിതിനിയമം നടപ്പിലാക്കുന്നതില്‍ വീഴ്ചവരുത്തി. അറിഞ്ഞോ, അറിയാതെയോ ഇത്തരം മാഫിയകളെ സഹായിച്ചു.

കേരളത്തിന്റെ കാലാവസ്ഥ നിര്‍ണ്ണയിക്കുന്നത് പശ്ചിമഘട്ടമാണ്. പരിസ്ഥിതി ആധാരമാക്കിയ വികസനമാണ് സുസ്ഥിര വികസനം, ദീര്‍ഘകാല വികസനം സാര്‍ത്ഥകമാക്കാനുള്ള ഏതൊരു നീക്കത്തിന് പിന്നിലും പശ്ചിമഘട്ടം പോലുള്ള ഒരു ഭൂപ്രദേശത്തിന് കേന്ദ്രസ്ഥാനമുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മഹാകവി കാളിദാസന്‍ പശ്ചിമഘട്ടത്തെ ഒരു കന്യകയോടാണ് ഉപമിച്ചത്. നിര്‍ഭാഗ്യവശാല്‍ ഹരിതമേലാപ്പിന്റെ കട്ടിയായ പച്ചപ്പട്ട് പുതച്ച് പ്രൗഢയായി വിരാചിച്ചിരുന്ന അവളിന്ന് അതിന്റെ കീറിപ്പറിഞ്ഞ അവശിഷ്ടങ്ങള്‍ ചുറ്റി നാണം മറയ്ക്കാനാവാതെ കേഴുന്ന സ്ഥിതിയിലാണ്. പശ്ചിമഘട്ടത്തെ ഇങ്ങനെ നാശോന്മുഖമാക്കിയത് ദരിദ്രരുടെ വിശപ്പടക്കാനുള്ള പരാക്രമങ്ങള്‍ അല്ല. അതിസമ്പന്നരുടെ അടക്കി നിര്‍ത്താനാവാത്ത ആര്‍ത്തിയുടെ കൂര്‍ത്ത നഖങ്ങളാണ്.

ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണ്ണാടക, ആന്ധ്ര, തമിഴ്‌നാട്, ഗോവ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളുടെ പരിസ്ഥിതി സുരക്ഷയുടെ ആധാരവും സാമ്പത്തിക സുരക്ഷയുടെ അടിത്തറയുമായ പശ്ചിമഘട്ടം സംരക്ഷിച്ചേ പറ്റൂ. അതിനിന്ന് പ്രതീക്ഷാനിര്‍ഭരമായ ഒരു സാഹചര്യം മുന്നില്‍ ഉണ്ട്. കേരളജനത അനുഭവം കൊണ്ട് ബോധവല്‍ക്കരിക്കപ്പെട്ട് കഴിഞ്ഞു. സമാജശക്തി ഇനിയുണ്ടാകുക പ്രകൃതിസംരക്ഷകരുടെ കൂടെയാകും. കാരണം അവര്‍ അനുഭവത്തില്‍നിന്നും പാഠം പഠിക്കുന്നവരാണ്.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുപോലുള്ളവ നടപ്പിലാക്കുവാനുള്ള ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. പരിസ്ഥി സംരക്ഷണത്തിനും പശ്ചിമഘട്ടസംരക്ഷണത്തിനും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നമുക്ക് പറ്റാത്തതുണ്ടെങ്കില്‍ ഭേദഗതിവരുത്തുകയുമാവാം. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും പശ്ചിമഘട്ട സംരക്ഷണവും കേരളത്തിന്റെ വികസനവും ജനങ്ങള്‍ ചര്‍ച്ച ചെയ്‌തേ തീരു. ഗവണ്‍മെന്റും സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പൊതുപ്രവര്‍ത്തകരും അതിന് നേതൃത്വം കൊടുക്കണം. പ്രകൃതിയെ ചൂഷണം ചെയ്യുന്ന മാഫിയകളും സംഘടിത മതവിഭാഗങ്ങളുമല്ല പശ്ചിമഘട്ട സംരക്ഷണത്തിന് ഏത് റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്ന് തീരുമാനിക്കേണ്ടത്. അതിന് മുന്‍കൈ എടുക്കേണ്ടത് ഇവിടുത്തെ ഭരണവര്‍ഗ്ഗമാണ്. അവരെ പ്രേരിപ്പിക്കേണ്ടത് ഭരണത്തിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. ഇനിയും നിങ്ങള്‍ കണ്ണടച്ചാല്‍ ഈ പ്രളയജലം വീണ്ടും വരും. കാലത്തിന്റെ കുത്തൊഴിക്കില്‍ നിങ്ങള്‍ അതില്‍ ഒലിച്ചുപോയേക്കാം.

(പ്രകൃതി സംരക്ഷണ വേദി സംസ്ഥാന ജനറല്‍ കണ്‍വീനറാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.