എലിപ്പനി ഇന്നലെ മാത്രം എട്ടു മരണം; രണ്ടാഴ്ചയ്ക്കുള്ളില്‍ മരണം 51

Monday 3 September 2018 1:20 am IST
എലിപ്പനി ക്രമാതീതമായി പടരുന്നതിനു കാരണം സംസ്ഥാന ആരോഗ്യവകുപ്പിന്റെ അനാസ്ഥ. വെള്ളപ്പൊക്കത്തിന്റെ പേരില്‍ വീഴ്ച മറയ്ക്കാന്‍ സര്‍ക്കാരിന്റെ ശ്രമം. വെള്ളപ്പൊക്കത്തിന് മുമ്പേ സംസ്ഥാനത്ത് എലിപ്പനി രൂക്ഷമായിരുന്നെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: എലിപ്പനി ബാധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ മരിച്ചത് 43 പേര്‍. ഇന്നലെ മാത്രം ജീവന്‍ നഷ്ടമായത് എട്ടുപേര്‍ക്ക്. 

എലിപ്പനി സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പെരുന്തല്‍മണ്ണ സ്വദേശി പ്രമീള (42), കോഴിക്കോട് വില്യാപ്പള്ളി സ്വദേശി വിജീഷ്(34), കാരശ്ശേരി സ്വദേശി സലീം ഷാ (42), രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന തിരുവന്തപുരം പൂജപ്പുര സ്വദേശി അയ്യപ്പന്‍ ചെട്ടിയാര്‍(67), മലപ്പുറം തൃപ്രങ്ങോട് സ്വദേശിനി ശ്രീദേവി (44), പാലക്കാട് മുണ്ടൂര്‍ സ്വദേശി പ്രകാശന്‍ (43), തൃത്താല സ്വദേശി കോയക്കുട്ടി (60), കോഴിക്കോട് വേങ്ങേരി സ്വദേശി സുമേഷ് (46) എന്നിവരാണ് മരിച്ചത്. പനിബാധിച്ചും രണ്ട് പേര്‍കൂടി മരിച്ചു. എറണാകുളം ആലുവ സ്വദേശി, രാജ (48), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി സന്തോഷ് എന്നിവരാണ് പനിബാധിച്ച് മരിച്ചത്. 

ഇന്നലെ മാത്രം 33 പേരില്‍ എലിപ്പനി സ്ഥിരീകരിച്ചു. 68 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ 73 പേരില്‍ രോഗം സ്ഥിരീകരിക്കുകയും 160 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലുമാണ്.

എലിപ്പനി ക്രമാതീതമായി പടരുന്നതിനു കാരണം സംസ്ഥാന ആരോഗ്യവകുപ്പിന്റെ അനാസ്ഥ. വെള്ളപ്പൊക്കത്തിന്റെ പേരില്‍ വീഴ്ച മറയ്ക്കാന്‍ സര്‍ക്കാരിന്റെ ശ്രമം. വെള്ളപ്പൊക്കത്തിന് മുമ്പേ സംസ്ഥാനത്ത് എലിപ്പനി രൂക്ഷമായിരുന്നെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എലിപ്പനി രൂക്ഷമായി പടരുമെന്ന നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) ന്റെ മുന്നറിയിപ്പ് അവഗണിച്ചതും രോഗവ്യാപനം തീവ്രമാക്കി.

ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 2018 ജനുവരി മുതല്‍ ഇന്നലെ വരെ എലിപ്പനി സ്ഥിരീകരിച്ചവരും നിരീക്ഷണത്തലിരുന്നവരുമായി 113 പേരാണ് മരിച്ചത്. 821 പേരില്‍ രോഗം സ്ഥിരീകരിച്ചു. 1651 പേര്‍ക്ക് എലിപ്പനി സംശയത്തിലുമായി. മഴശക്തമായി തുടങ്ങിയ ജൂണ്‍ മാസത്തില്‍ 126 പേരില്‍ രോഗം കണ്ടെത്തിയിരുന്നു. ഒമ്പതുപേര്‍ മരിച്ചു. മഴ കൂടുതല്‍ ശക്തമായ ജൂലൈയിലെ കണക്കനുസരിച്ച് 166 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായി. 150ല്‍ അധികം പേര്‍ രോഗസംശയത്താല്‍ നിരീക്ഷണത്തിലുമായിരുന്നു. 

എന്‍സിഡിസിയുടെ മുന്നറിയിപ്പ് ആരോഗ്യവകുപ്പ്  ചെവിക്കൊണ്ടില്ല. മുന്‍കൂട്ടിയുള്ള പ്രതിരോധ പ്രവര്‍ത്തനം കാര്യക്ഷമമാകാതെ വന്നതോടെ ആഗസ്റ്റ് മാസത്തോടെ രോഗം പടര്‍ന്നുപിടിക്കുകയായിരുന്നു. ആഗ്‌സറ്റ് 15 ലെ കണക്കനുസരിച്ച് 15 ദിവസത്തിനുള്ളില്‍ 13പേര്‍ക്ക് ജീവന്‍ നഷ്ടമായി. 106 പേര്‍ക്ക് രോഗ സ്ഥിരീകരണവും 209 പേര്‍ നിരീക്ഷണത്തിലും ആയി. എന്നിട്ടും ആരോഗ്യ വകുപ്പ് രോഗം നിയന്ത്രിക്കുന്നതിനും ചികിത്സിക്കുന്നതിനും പ്രോട്ടോക്കോള്‍ പോലും തയാറാക്കിയില്ല. മരണം 48 കടക്കുകയും 269 പേരില്‍ രോഗം സ്ഥിരീകരണവും 651 പേര്‍ക്ക് രോഗലക്ഷണവും ഉണ്ടായശേഷം സപ്തംബര്‍ ഒന്നിന് വൈകിട്ടാണ് ചികിത്സാപ്രോട്ടോകോളും അതീവജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ് എത്തിയത്.

വെള്ളത്തില്‍ ഇറങ്ങിയവരെല്ലാം പ്രതിരോധ മരുന്ന് കഴിക്കണം എന്ന നിര്‍ദേശം ആദ്യമേ നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണം നടത്തുന്നതിലും ആരോഗ്യവകുപ്പ് പരാജയപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനും ശുചീകരണങ്ങള്‍ക്കും ഇറങ്ങിയവരില്‍ നിരവധിപേര്‍ പ്രതിരോധ മരുന്നുകള്‍ കഴിച്ചിട്ടില്ല. 

 സംസ്ഥാനത്ത് എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ ക്രമാതീതമായി പടര്‍ന്നുപിടിക്കുന്ന വാര്‍ത്ത ജൂണ്‍ മൂന്നിന് 'ജന്മഭൂമി' നല്‍കിയിരുന്നു. പ്രളയ ബാധിത സമയത്ത് പ്രതിരോധ പ്രവര്‍ത്തനം നടത്തേണ്ട സമയത്ത് ആരോഗ്യവകുപ്പ് ഡയറക്ടര്‍ വിദേശത്ത് പോയത് വിവാദം ആയിരുന്നു. ഇതെല്ലാം മറച്ചുവച്ചാണ് വെള്ളപ്പൊക്കത്തില്‍ പൊട്ടിപ്പുറപ്പെട്ടെന്ന രീതിയില്‍ സര്‍ക്കാര്‍ പെരുമാറുന്നത്.

എന്‍സിഡിസി നിര്‍ദേശം അവഗണിച്ചു

മണ്‍സൂണ്‍ കാലം ആയതിനാല്‍  എലിപ്പനി 'ഔട്ട് ബ്രേക്കിംഗിന്' (അതിവ്യാപനം)സാധ്യതയുണ്ടെന്നും അതീവ ജാഗ്രതപാലിക്കണമെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിനും എന്‍സിഡിസി ജൂലൈ 26 ന് നിര്‍ദേശം നല്‍കിയിരുന്നു.

സംസ്ഥാനത്തെ എലിപ്പനിയുടെ കണക്കുകള്‍ കൂടി കണക്കിലെടുത്തായിരുന്നു ഇത്. വെള്ളപ്പൊക്കം ഉണ്ടായ ജില്ലകളില്‍ എലിപ്പനി നിയന്ത്രണാതീതമാകാന്‍ സാധ്യത ഉള്ളതിനാല്‍ ശക്തമായ നിരീക്ഷണം നടണം, പ്രതിരോധ ഗുളികള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തരുത് തുടങ്ങിയവയും നിര്‍ദേശത്തിലുണ്ട്. രോഗനിര്‍ണയം വേഗത്തിലാക്കാന്‍ ആവശ്യമായ ലബോറട്ടറിയും രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങളും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.