ശ്യാംപ്രസാദ് വധം: പോപ്പുലര്‍ ഫ്രണ്ട് നേതാവ് പിടിയില്‍

Monday 3 September 2018 1:21 am IST
കാക്കയങ്ങാട് ഗവ. ഐടിഐ വിദ്യാര്‍ഥിയും ആര്‍എസ്എസ് കണ്ണവം പതിനേഴാംമൈല്‍ ശാഖ മുഖ്യശിക്ഷകുമായിരുന്ന ശ്യാംപ്രസാദിനെ കഴിഞ്ഞ ജനുവരി 19നാണ് ബൈക്കില്‍ സഞ്ചരിക്കവെ കണ്ണവത്തുവെച്ച് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതക സംഘത്തില്‍പ്പെട്ട നാലംഗ സംഘത്തെ സംഭവം നടന്ന ദിവസം വൈകുന്നേരത്തോടെ വയനാട്-തലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പേരാവൂര്‍ (കണ്ണൂര്‍): കണ്ണവത്തെ എബിവിപി പ്രവര്‍ത്തകന്‍ ശ്യാംപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് ഉരുവച്ചാല്‍ ഡിവിഷന്‍ പ്രസിഡന്റ് കൂത്തുപറമ്പ് മെരുവമ്പായിയിലെ വായോത്ത് മാണിക്കോത്ത് വി.എം. സലീമാണ് പിടിയിലായത്. കൊലപാതകം ആസൂത്രണം ചെയ്തതും പ്രതികള്‍ക്ക് വാഹനം ഏര്‍പ്പാടാക്കിയതും ഇയാളാണെന്ന് പോലീസ് പറഞ്ഞു. ഒളിവില്‍ പോയ സലീം കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലെ ഹോട്ടലില്‍ ജോലി ചെയത് വരികയായിരുന്നു. ഇവിടെവെച്ചാണ് കഴിഞ്ഞ ദിവസം പേരാവൂര്‍ സിഐ കെ.വി. പ്രമോദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടിയത്. കേസില്‍ ഒന്‍പതാം പ്രതിയാണ് സലീം. ഇതോടെ കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ എണ്ണം ആറായി.

കാക്കയങ്ങാട് ഗവ. ഐടിഐ വിദ്യാര്‍ഥിയും ആര്‍എസ്എസ് കണ്ണവം പതിനേഴാംമൈല്‍ ശാഖ മുഖ്യശിക്ഷകുമായിരുന്ന ശ്യാംപ്രസാദിനെ കഴിഞ്ഞ ജനുവരി 19നാണ് ബൈക്കില്‍ സഞ്ചരിക്കവെ കണ്ണവത്തുവെച്ച് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതക സംഘത്തില്‍പ്പെട്ട നാലംഗ സംഘത്തെ സംഭവം നടന്ന ദിവസം വൈകുന്നേരത്തോടെ വയനാട്-തലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

തലശ്ശേരി-നെടുംപൊയില്‍ റോഡില്‍ സുഹൃത്തിനെ പിന്നിലിരുത്തി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മുഖംമൂടി സംഘം കാറിലെത്തി ഇടിച്ചുവീഴ്ത്തിയശേഷം ആക്രമിക്കുകയായിരുന്നു. സുഹൃത്ത് ഓടി രക്ഷപ്പെട്ടു. വെട്ടേറ്റ ശ്യാമപ്രസാദ് ഇടവഴിയിലൂടെ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും വാതില്‍ പൂട്ടിയിരുന്നതിനാല്‍ അകത്തു കടക്കാന്‍ സാധിച്ചില്ല. പിന്നാലെ എത്തിയ അക്രമിസംഘം ശ്യാംപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ശ്യാംപ്രസാദിനെ കൊലപ്പെടുത്തുന്നതിനായി പോപ്പുലര്‍ ഫ്രണ്ടിന്റെ ഉന്നത നേതാക്കളുള്‍പ്പെടെ ഗൂഢാലോചന നടത്തിയതായി അന്വേഷണസംഘം നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ഏഴോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളാണെന്നും ഇവരുടെ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കുമെന്നും പോലീസ് കേസിലെ ആദ്യ കുറ്റപത്ര സമര്‍പ്പണവേളയില്‍ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് പ്രതികളെ പിടിക്കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് കേസിലെ മുഴുവന്‍ പ്രതികളേയും പിടികൂടണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സിഐ ഓഫീസ് മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്നാണ് ഒരു പ്രതിയെക്കൂടി പോലീസ് പിടികൂടിയിരിക്കുന്നത്. എസ്‌ഐ കെ.എം. ജോണ്‍, മുഹമ്മദ് റാഫി, ഇ.കെ. രമേശന്‍, കെ.വി. ശിവദാസന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.