ഒരു കോടിയിലേറെ വിലമതിക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

Monday 3 September 2018 1:22 am IST

തിരുവനന്തപുരം: ഒരു കോടിയിലേറെ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മൂന്ന് പേരെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് പിടികൂടി. നേമം പ്രാവച്ചമ്പലം സ്വദേശി ഷൈജു, കല്ലാട്ട്മുക്ക് സ്വദേശികളായ അസ്‌കര്‍, റഫീക്ക് എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരത്തും കൊല്ലത്തും വ്യാപകമായി പുകയില ഉല്‍പ്പന്നങ്ങള്‍ മൊത്ത കച്ചവടത്തിന് എത്തിച്ച് കൊടുക്കുന്നവരാണിവര്‍. 

  തമിഴ്നാട്ടില്‍ നിന്നും ലോറികളില്‍ എത്തിക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ ഷൈജു തിരുവനന്തപുരം വെങ്ങാനൂര്‍ ഭാഗത്ത് ഒരു വീട് വാടകയ്ക്ക് എടുത്ത് അതില്‍ സൂക്ഷിച്ച് കച്ചവടം നടത്തിവരുകയായിരുന്നു. കുടിവെള്ളത്തിന്റെ വിതരണ ഗോഡൗണ്‍ എന്നാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇയാളില്‍ നിന്നു ഏകദേശം 80 ലക്ഷത്തോളം രൂപയ്ക്കുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം അസ്‌കര്‍, റഫീക്ക് എന്നിവരില്‍ നിന്നായി 25 ലക്ഷത്തോളം രൂപ വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ കല്ലാട്ട്മുക്ക് ഭാഗത്ത് നിന്ന് ഷാഡോ പോലീസ് പിടിച്ചെടുത്തിരുന്നു. ഇവര്‍ രണ്ട് വീടുകളായിട്ടാണ് പുകയില ഉല്‍പ്പന്നങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരുന്നത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസ് രഹസ്യമായി നിരീക്ഷിച്ച് ഷൈജുവിന്റെ ഗോഡൗണ്‍ കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ കുട്ടികളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ്,  കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണറുടെ നേത്യത്വത്തില്‍ ഒരു പ്രത്യേക ഷാഡോ സംഘം രൂപീകരിച്ച്  അന്വേഷണം നടത്തുകയായിരുന്നു. ഡിസിപി ആര്‍. ആദിത്യ, കണ്‍ട്രോള്‍ റൂം എസി വി. സുരേഷ് കുമാര്‍, വിഴിഞ്ഞം എസ്എച്ച്ഒ  ബൈജു എല്‍.എസ്. നായര്‍, ഫോര്‍ട്ട് എസ്എച്ച്ഒ അജിചന്ദ്രന്‍ നായര്‍, ഷാഡോ എഎസ്‌ഐ ഗോപകുമാര്‍, ഷാഡോ ടീമംഗങ്ങള്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.