എല്ലാ മുന്നറിയിപ്പും നല്‍കിയിരുന്നെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

Monday 3 September 2018 1:28 am IST

ഇടുക്കി: ശക്തമായ മഴപെയ്ത ഓഗസ്റ്റില്‍ സാധ്യമായ എല്ലാ മുന്നറിയിപ്പുകളും നല്‍കിയിരുന്നതായി ഇന്ത്യന്‍ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കൃത്യമായ അറിയിപ്പ് നല്‍കാത്തത് മൂലമാണ്് മഹാപ്രളയം ഉണ്ടായതെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം പുറത്ത് വന്നതോടെയാണിത്. തിരുവനന്തപുരത്തെ ഓഫീസ് വഴിയാണ് കേന്ദ്രം മുന്നറിയിപ്പുകള്‍ നല്‍കിയതെന്നും ഇത് വെബ്‌സൈറ്റില്‍   പ്രദര്‍ശിപ്പിച്ചിരുന്നതായും ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഇറക്കിയ പത്രക്കുറിപ്പില്‍ കണക്കുകള്‍ സഹിതം വ്യക്തമാക്കുന്നു. 

തെക്കന്‍ ഉപദ്വീപില്‍ ഒമ്പത് മുതല്‍ 15 വരെ അതിശക്തമായ മഴ പെയ്യുമെന്ന് ആഗസ്റ്റ് 2ന് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. പിന്നീട് ഒമ്പതിന് മഴകുറയുമെന്ന് അറിയിച്ചെങ്കിലും 13 മുതല്‍ അതിശക്തമാകുമെന്നും മുന്നറിയിപ്പ് നല്‍കി. ചില ജില്ലകളില്‍ എട്ടാം തീയതി ഓറഞ്ച് അലര്‍ട്ടും ഒമ്പതിന് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. 14ന് ആലപ്പുഴയിലും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട്. കൂടാതെ വയനാട് റെഡ് അലര്‍ട്ടും. 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഇടുക്കിയിലും വയനാട്ടിലും അതിശക്തമായ മഴയും മുന്നറിയിപ്പ് നല്‍കി. 

ഇടുക്കിയില്‍ 14ന് റെഡ് അലര്‍ട്ട്. 14നും 15നും എല്ലാ ജില്ലകിലും റെഡ് അലര്‍ട്ടോ ഓറഞ്ച് അലര്‍ട്ടോ ഉണ്ടായിരുന്നു. 15ന് ഇറങ്ങിയ അറിയിപ്പില്‍ 16ന് എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 17ന് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ടും ബാക്കിയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കി. രണ്ട് മുതല്‍ മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഇത്തരത്തില്‍ റെഡ് അലര്‍ട്ട് നല്‍കാന്‍ ആകുകയുള്ളവെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഓരോ ജില്ല തിരിച്ചും ലഭിക്കാവുന്ന മഴ കളര്‍ കോഡുകള്‍ ചേര്‍ത്താണ് കേന്ദ്രം പ്രസിദ്ധീകരിക്കുന്നത്. ഗ്രീന്‍, യെല്ലോ, ഓറഞ്ച്, റെഡ് എന്നിവയാണ് ഈ കളര്‍ കോഡുകള്‍. 7-11, 12-20, 20 സെ. മീറ്ററിനും മുകളില്‍ എന്നിങ്ങനെ മഴയുടെ ശക്തിയും തിരിച്ചാണ് അറിയിപ്പ് നല്‍കുന്നത്. ഓറഞ്ച് ഒരുങ്ങിയിരിക്കാനും റെഡ് അലര്‍ട്ട് സാധ്യമായ എല്ലാം മുന്നൊരുക്കം എടുക്കാനുമാണ് നിര്‍ദ്ദേശിക്കുന്നത്. ഗ്രീന്‍, യെല്ലോ എന്നിവ സാധാരണ ഗതിയിലുള്ള മുന്നറിയിപ്പുകളുമാണ്. 

ഇവ ദിവസത്തില്‍ മൂന്ന് തവണ മാറ്റമുണ്ടെങ്കില്‍ പുതുക്കി നല്‍കുകയും ചെയ്യും. ഓരോ മൂന്ന് മണിക്കൂറിലും എസ്എംഎസ്സിലൂടെയും മറ്റും  ജില്ലാ കളക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.  മഴ പെയ്യാന്‍ സാധ്യതയുള്ള ഇടങ്ങളും ഇത്തരത്തില്‍ വെബ്‌സൈറ്റില്‍ നല്‍കുന്നുണ്ട്.

വരുന്ന അഞ്ച് ദിവസത്തെ കാലാവസ്ഥയും ഇതില്‍ ഏറ്റവും കൃത്യമായ രണ്ട് ദിവസത്തെ പ്രവചനവും ശക്തമായ മഴയടക്കം റവന്യൂ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ചീഫ് സെക്രട്ടറി, അഡീ. ചീഫ് സെക്രട്ടറി, നേവി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ദൃശ്യ-പത്രമാധ്യമങ്ങള്‍ തുടങ്ങിവര്‍ക്കും നല്‍കി വരുന്നതായും പത്രക്കുറിപ്പില്‍ പറയുന്നു. മണ്‍സൂണ്‍ അതിശക്തമാകും എന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആഗസ്റ്റ് 9ന് മീറ്റിങ് വിളിച്ച് കൂട്ടി സാഹചര്യം വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയതായും പത്രക്കുറിപ്പില്‍ ഇന്ത്യന്‍ മീറ്ററോളിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.