ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയില്ല: രാജ്‌നാഥ് സിങ്

Sunday 2 September 2018 9:30 pm IST
പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നത് സംബന്ധിച്ച് യാതൊരു ചോദ്യങ്ങളും ഉയരേണ്ട സാഹചര്യമില്ല. യഥാസമയം തന്നെയാകും തെരഞ്ഞെടുപ്പ് പ്രക്രികയകള്‍ നടത്തുക. ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുന്നതു സംബന്ധിച്ച നിലപാടുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് സ്വീകരിക്കേണ്ടത്.

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കില്ലെന്നും അടുത്ത മെയ് മാസത്തില്‍ തന്നെയാകുമെന്നും വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്. 2019ല്‍ നടക്കേണ്ട പൊതുതെരഞ്ഞെടുപ്പ് നിശ്ചയിച്ച പ്രകാരം തന്നെ പൂര്‍ത്തിയാക്കും. മെയ് 15ന് മുമ്പായി വോട്ടെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തീകരിക്കും, രാജ്‌നാഥ്‌സിങ് പറഞ്ഞു.

പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നത് സംബന്ധിച്ച് യാതൊരു ചോദ്യങ്ങളും ഉയരേണ്ട സാഹചര്യമില്ല. യഥാസമയം തന്നെയാകും തെരഞ്ഞെടുപ്പ് പ്രക്രികയകള്‍ നടത്തുക. ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുന്നതു സംബന്ധിച്ച നിലപാടുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് സ്വീകരിക്കേണ്ടത്. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിന്റെ സാധ്യതകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുന്നോട്ടു വെച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നു, രാജ്‌നാഥ്‌സിങ് പറഞ്ഞു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ 1951-52, 1957, 1962, 1967 എന്നീ വര്‍ഷങ്ങളില്‍ പൊതുതെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും യോജിച്ചാണ് നടത്തിയത്. എന്നാല്‍ 1968-ല്‍ ചില നിയമസഭകള്‍ പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായതോടെയാണ് ഈ ക്രമം തെറ്റിയത്. 1970-ല്‍ ലോക്‌സഭ തന്നെ പിരിച്ചുവിടേണ്ടിവന്നു. ഇതോടെ പൊതുതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും പല സമയങ്ങളിലായി മാറുകയായിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടായി ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും വ്യത്യസ്ത സമയങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2014 ഏപ്രില്‍ 7 മുതല്‍ മെയ് 12 വരെ വിവിധ ഘട്ടങ്ങളിലായി നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഫലം മെയ് 16ന് പുറത്തുവന്നു. മെയ് 26നാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പൊതുതെരഞ്ഞെടുപ്പ് നേരത്തെ ആക്കേണ്ടതില്ലെന്നാണ് ബിജെപിയുടെ അഭിപ്രായം. കാലാവധി കഴിയാറായ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് കൂടി പൊതുതെരഞ്ഞെടുപ്പിനൊപ്പം നടത്താനുള്ള സാധ്യതകളാണ് കേന്ദ്ര സര്‍ക്കാര്‍ ആരായുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.