അഭിമാനത്തോടെ സായി എല്‍എന്‍സിപിഇ

Sunday 2 September 2018 8:30 pm IST

തിരുവനന്തപുരം : ജക്കാര്‍ത്തയില്‍ ട്രാക്കിലും ഫീല്‍ഡിലുമായി ഇന്ത്യ നേടിയ മെഡലുകളില്‍  ഭൂരിഭാഗത്തിലും തിരുവനന്തപുരം  സായി എല്‍എന്‍സിപിയുടെ  കരസ്പര്‍ശം. ഇവിടുത്തെ ട്രാക്കിലും ജമ്പ് പിറ്റുകളിലും പരിശീലിച്ച മിക്ക താരങ്ങളും നേട്ടങ്ങള്‍ കൊയ്തു. ലോങ് ജമ്പില്‍ വെള്ളി നേടിയ നീന വി. പിന്റോ  എല്‍എന്‍സിപിഇയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പരിശീലനം നേടുന്ന താരമാണ്.  48 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്തിനുവേണ്ടി ട്രിപ്പിള്‍ജമ്പില്‍ സ്വര്‍ണം നേടിയ അര്‍പ്പിന്ദര്‍ സിങ്, വിദേശ കോച്ചായ ബെഡ്റോസ് ബെഡ്റോസിയനു കീഴില്‍ എല്‍എന്‍സിപിയിലെ ദേശീയ ക്യാമ്പില്‍ പരിശീലനം നേടി ജക്കാര്‍ത്തയിലേക്ക് പോയ താരമാണ്. 

 400 മീറ്ററിലും പുരുഷ മിക്‌സഡ് റിലേകളിലും വെള്ളി നേടി ഹാട്രിക് നേട്ടം കൊയ്ത സ്‌പോര്‍ട്‌സ് കൗണ്‍സില്‍ താരമായ മുഹമ്മദ് അനസ് മുന്‍ വര്‍ഷങ്ങളില്‍ എല്‍എന്‍സിപിയിലെ പരിശീലന സൗകര്യങ്ങള്‍ ഉപയോഗിച്ചു  സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകനായ ജയകുമാറിന്റെ ശിക്ഷണത്തില്‍ പരിശീലനം നേടിയിരുന്നു. 400മീറ്റര്‍ ഹര്‍ഡില്‍സില്‍ നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമായ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ താരമായ അനു രാഘവനും ഇവിടെ പരിശീലനം നേടിയിരുന്നു. 800  മീറ്ററില്‍ സ്വര്‍ണം നേടിയ മന്‍ജിത് സിങ്, 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടി ഇരട്ടനേട്ടം സ്വന്തമാക്കിയ  ജിന്‍സണ്‍ ജോണ്‍സണ്‍, 3000  മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സില്‍ വെള്ളി നേടിയ സുധസിങ്  എന്നിവര്‍ എല്‍എന്‍സിപിയുടെ കീഴിലുള്ള ഊട്ടിയിലെ ദേശീയ ക്യാമ്പില്‍ നിന്നാണ് ജക്കാര്‍ത്തയിലെത്തിയത്. 10,000 മീറ്ററില്‍ വെങ്കല നേട്ടം കയ്യിലെത്തിയിട്ടും കാലുകള്‍ ട്രാക്കിനു പുറത്തേക്കു പോയതിന്റെ പേരില്‍ അയോഗ്യനാക്കപ്പെട്ട ജി. ലക്ഷ്മണനും ഇവിടെ പരിശീലിച്ചിരുന്നു. മധ്യ ദീര്‍ഘ ദൂര ഇനങ്ങള്‍ക്കായുള്ള മത്സരാര്‍ത്ഥികളെ ഊട്ടി ക്യാമ്പില്‍  പരിശീലിപ്പിച്ചിരുന്നത് ജെ.എസ്. ഭാട്ടിയയും സുരേന്ദ്ര സിങ്ങുമാണ്.  

സ്‌ക്വാഷില്‍ വനിതാ വിഭാഗത്തില്‍ വ്യക്തിഗത വെങ്കല മെഡല്‍ ജേതാക്കളായ  ദീപിക പള്ളിക്കല്‍, ജോഷ്ന ചിന്നപ്പ,   പുരുഷ വിഭാഗത്തില്‍  വെങ്കല മെഡല്‍ നേടിയ സൗരവ് ഘോശാല്‍ തുടങ്ങിയ താരങ്ങള്‍ എല്‍എന്‍സിപിഇ റീജിയണ്‍ പരിധിയിലുള്ള ചെന്നൈ ദേശീയ ക്യാമ്പിലെ താരങ്ങളായിരുന്നു. സ്‌ക്വാഷ് വനിതാ ടീമിന്റെ വെള്ളിത്തിളക്കവും ഈ ക്യാമ്പില്‍ നിന്നാണ്. 100 മീറ്ററിലും 200 മീറ്ററിലും വെള്ളി നേടിയ ദ്യുതി ചന്ദ്,  400 മീറ്ററിലും മിക്‌സഡ് റിലേയിലും വെള്ളി നേടിയ ഹിമദാസ്, 400 മീറ്ററില്‍ വെള്ളി നേടിയ ധരുണ്‍ അയ്യാ സ്വാമി എന്നിവരും വിദേശ കോച്ചായ എസ്. ഗലീനയുടെ ശിക്ഷണത്തില്‍ എല്‍എന്‍സിപിയിലെ ദേശീയ ക്യാമ്പില്‍ കഴിഞ്ഞ വര്‍ഷം പരിശീലനം നേടിയിരുന്നു.  ഏഷ്യന്‍  ഗെയിംസിലെ മെഡല്‍ തിളക്കത്തിന്റെ പിന്നില്‍ സായി എല്‍എന്‍സി പിഇയുടെ പിന്തുണയും പങ്കാളിത്തവും ഉണ്ടെന്നത് ചാരിതാര്‍ഥ്യത്തോടെയാണ് നോക്കികാണുന്നതെന്ന് എല്‍എന്‍സിപിഇ  പ്രിന്‍സിപ്പാളും സായി റീജിയണല്‍ ഡയറക്ടറുമായ ഡോ.ജി.കിഷോര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.