അച്ചടക്കം ആവശ്യപ്പെടുന്നവരെ ഏകാധിപതികളായി ചിത്രീകരിക്കുന്നു: മോദി

Monday 3 September 2018 1:04 am IST
വെങ്കയ്യ നായിഡു ഏറെ അച്ചടക്കമുള്ള വ്യക്തിത്വത്തിനുടമയാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. എന്നാല്‍ അച്ചടക്കം ജനാധിപത്യ വിരുദ്ധമാണെന്ന വിചാരമാണ് രാജ്യത്ത് ചിലര്‍ക്കെങ്കിലുമുള്ളത്. അച്ചടക്കം ആവശ്യപ്പെടുന്നവരെ സ്വേച്ഛാധിപതികളായി മുദ്രകുത്തുന്ന പ്രവണതയാണുള്ളത്, മോദി പറഞ്ഞു.

ന്യൂദല്‍ഹി: അച്ചടക്കം ആവശ്യപ്പെടുന്നവരെ ഏകാധിപതികളായി ചിത്രീകരിക്കുന്ന കാലമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുറ്റപ്പെടുത്തല്‍. ഉപരാഷ്ട്രപതി സ്ഥാനത്തെ ഒരുവര്‍ഷത്തെപ്പറ്റി എം. വെങ്കയ്യ നായിഡു രചിച്ച പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നമ്മുടെ രാജ്യത്ത് അച്ചടക്കരാഹിത്യം പ്രകടമാണെന്നും മോദി പറഞ്ഞു.

വെങ്കയ്യ നായിഡു ഏറെ അച്ചടക്കമുള്ള വ്യക്തിത്വത്തിനുടമയാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. എന്നാല്‍ അച്ചടക്കം ജനാധിപത്യ വിരുദ്ധമാണെന്ന വിചാരമാണ് രാജ്യത്ത് ചിലര്‍ക്കെങ്കിലുമുള്ളത്. അച്ചടക്കം ആവശ്യപ്പെടുന്നവരെ സ്വേച്ഛാധിപതികളായി മുദ്രകുത്തുന്ന പ്രവണതയാണുള്ളത്, മോദി പറഞ്ഞു.

എന്തൊക്കെ ചുമതലകളാണോ വെങ്കയ്യ നായിഡു ഏറ്റിട്ടുള്ളത്, അതെല്ലാം അദ്ദേഹം ഏറ്റവും ആത്മാര്‍ഥതയോടെ തന്നെ നിര്‍വഹിക്കുകയാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി അദ്ദേഹം പൊതു ജീവിതരംഗത്തുണ്ട്. പത്തുവര്‍ഷം വിദ്യാര്‍ഥി രാഷ്ട്രീയത്തിലും നാല്‍പ്പതുവര്‍ഷം സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലുമുണ്ടായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം സ്വയം അച്ചടക്കത്തിന്റെ ഉദാത്തമായ മാതൃക കാട്ടിത്തന്നു, പ്രധാനമന്ത്രി പറഞ്ഞു. 

മനസ്സുകൊണ്ട് ഒരു കര്‍ഷകനാണ് വെങ്കയ്യ നായിഡു. കൃഷിയുടേയും കൃഷിക്കാരുടേയും ക്ഷേമത്തെപ്പറ്റി അദ്ദേഹത്തിന്റെ ചിന്തകള്‍ ഉദാത്തമാണ്. അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയില്‍ മറ്റൊരു വകുപ്പ് വെങ്കയ്യ നായിഡുവിന് നല്‍കാനായിരുന്നു വാജ്‌പേയി ആഗ്രഹിച്ചത്. എന്നാല്‍ ഗ്രാമവികസന മന്ത്രാലയത്തിന്റെ ചുമതല മാത്രം മതിയെന്ന് വെങ്കയ്യ നായിഡു അടല്‍ജിയോട് അഭ്യര്‍ഥിക്കുകയായിരുന്നു, മോദി വെളിപ്പെടുത്തി. 

മുന്നോട്ട്, മുന്നോട്ട് തന്നെ; ഓഫീസിലെ ഒരുവര്‍ഷം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍സിങ്, എച്ച്.ഡി. ദേവഗൗഡ, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, കോണ്‍ഗ്രസ് രാജ്യസഭാ കക്ഷി നേതാവ് ആനന്ദ് ശര്‍മ എന്നിവര്‍ പങ്കെടുത്തു. 

കഴിഞ്ഞ ആഗസ്റ്റ് 11നാണ് സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി ചുമതലയേറ്റത്. ഇതിന് ശേഷം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടത്തിയ യാത്രകളുടെ അടിസ്ഥാനത്തിലാണ് പുസ്തകമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.