എലിപ്പനി : മരണസംഖ്യ ഉയരുന്നു; ആരോഗ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

Monday 3 September 2018 12:24 pm IST

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് ഇന്ന് രണ്ട് മരണം. വടകര സ്വദേശി നാരായണി, എരഞ്ഞിക്കല്‍ അനില്‍ കുമാര്‍ എന്നിവരാണ് പനി ബാധിച്ച് മരിച്ചത്. ജില്ലയില്‍  ഇന്ന് എട്ട് പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 

സംസ്ഥാനത്ത് കൂടുതല്‍ എലിപ്പനി കേസുകള്‍ കോഴിക്കോടാണ് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ 16 പേര്‍ മരിച്ചു, 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 142 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. കോഴിക്കോടിന് പുറമെ മറ്റ് ജി ല്ലകളിലും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പകര്‍ച്ചവ്യാധി ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് ഒരു മാസത്തെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ഇന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 3 മണിക്കാണ് യോഗം. ജില്ലയിലെ  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലേയും മെഡിക്കല്‍ ഓഫീസര്‍മാര്‍, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലെ സൂപ്രണ്ടുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, മെഡിസിന്‍-കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

ആരോഗ്യ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരോടൊപ്പം കേന്ദ്രസംഘത്തിലെ ഡോക്ടര്‍മാര്‍, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. അരുണ്‍കുമാര്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികള്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, കോര്‍പറേഷന്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരും ഈ യോഗത്തില്‍ പങ്കെടുക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.