കര്‍ണാടകം: ബിജെപിക്ക് വന്‍ മുന്നേറ്റം

Monday 3 September 2018 6:58 pm IST

ശിവമോഗ കോര്‍പ്പറേഷന്‍ ബിജെപിക്ക്. തുമക്കുരു, മൈസൂരു തൂക്കുസഭ. സിപിഎം ഒറ്റ സീറ്റില്‍ ജയിച്ചില്ല.

 

ബെംഗളൂരു: കര്‍ണാടകത്തില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പുനടന്ന 102 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2662 വാര്‍ഡുകളില്‍ബിജെപിക്ക് വന്‍ മുന്നേറ്റം. 2013 ലേക്കാള്‍ 200ല്‍ അധികം സീറ്റ് നേടി 929 സീറ്റില്‍ ബിജെപി ജയിച്ചു. വമ്പന്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് 250 സീറ്റ് കുറഞ്ഞു; 982 സീറ്റ്. ജെഡിഎസിനും ഗണ്യമായി സീറ്റുകുറഞ്ഞു; 300 സീറ്റ്. 2013 ല്‍ സംസ്ഥാനത്ത് ആകെയുള്ള 4976 സീറ്റില്‍ കോണ്‍ഗ്രസിന് 1960, ബിജെപിക്ക് 905, ജെഡിഎസിന് 905 സീറ്റുമാണ് ലഭിച്ചത്. ഇനി 107 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2314 വാര്‍ഡുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. 

  ആദ്യഘട്ടതെരഞ്ഞെടുപ്പ് നടന്ന ഭൂരിപക്ഷം മണ്ഡലങ്ങളും കോണ്‍ഗ്രസ്-ജെഡിഎസ് ശക്തികേന്ദ്രങ്ങളായ വടക്കന്‍ കര്‍ണാടക-മൈസൂരു മേഖലകളാണ്. ഇവിടെ ബിജെപിക്ക് ലഭിച്ച മുന്നേറ്റം സഖ്യസര്‍ക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ഭാഗമാണ്. മൈസൂര്‍, ശിവമോഗ, തുമക്കുരു കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ശിവമോഗയില്‍ ബിജെപി അധികാരത്തിലെത്തി. മൈസൂരു-തുമക്കുരു തൂക്കു സഭകളാണ്.

ശിവമോഗയില്‍  35 സീറ്റില്‍ 20ഉം ബിജെപി നേടി. കോണ്‍ഗ്രസ് -7, ജെഡിഎസ് -2, സ്വതന്ത്രര്‍ -6 എന്നതാണ് കക്ഷിനില. മൈസൂരുവില്‍ 135 സീറ്റില്‍ ബിജെപി -27, കോണ്‍ഗ്രസ് -48, ജെഡിഎസ് -43, ബിഎസ്പി -2, സ്വതന്ത്രര്‍ -14. തുമക്കുരു 115 സീറ്റില്‍ ബിജെപി -24, കോണ്‍ഗ്രസ് -32, ജെഡിഎസ് -51, സ്വതന്ത്രര്‍ -8.

ബിജെപി - ബാഗല്‍ക്കോട്ട് (161 സീറ്റ്), ബെളഗാവി (104), ചാമരാജനഗര്‍ (21), ചിത്രദുര്‍ഗ (35), ദക്ഷിണ കന്നട (42), ദേവനാഗെരെ (31), ഉഡുപ്പി (66) ജില്ലകളില്‍ മുന്നിലെത്തി. 

കോണ്‍ഗ്രസ്- ബെല്ലാരി (20), ഗഡക് (57), ഹവേരി (66), കലബുറഗി (90), കൊപ്പാള്‍ (47), മൈസൂരു(48), റെയ്ച്ചൂര്‍ (90), ഉത്തര കന്നഡ (87), യാദിര്‍ (38) എന്നിവിടങ്ങളില്‍ മുന്നിലെത്തി. 

ജെഡിഎസ്- ഹസന്‍(91), മാണ്ഡ്യ (64), തുമക്കുരു (51) എന്നിവിടങ്ങളില്‍ മുന്നിലെത്തി. 

സിപിഎമ്മിന് ഉണ്ടായിരുന്നതും പോയി

സംസ്ഥാനത്ത് 30 സീറ്റില്‍ മത്സരിച്ച സിപിഎം ഒരു സീറ്റിലും വിജയിച്ചില്ല. ദക്ഷിണ കന്നഡയില്‍ ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടമാവുകയും ചെയ്തു. തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎം ജെഡിഎസുമായി സഖ്യത്തിന് ശ്രമിച്ചു. എന്നാല്‍ ജെഡിഎസ് താത്പര്യം പ്രകടിപ്പിച്ചില്ല. ഇതോടെയാണ് സിപിഎമ്മിന് ഒരു സീറ്റിലും വിജയിക്കാന്‍ സാധിക്കാതിരുന്നത്. 

 

ആകെയുള്ള 207 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 105 ഇടത്താണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. പ്രളയത്തെത്തുടര്‍ന്ന് ഉഡുപ്പി ജില്ലയിലെ മൂന്ന് സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. മൂന്ന് കോര്‍പ്പറേഷന്‍, 29 സിറ്റി മുനിസിപ്പാലിറ്റി, 53 ടൗണ്‍ മൂന്‍സിപ്പാലിറ്റി, 23 ടൗണ്‍ പഞ്ചായത്തിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 68 ശതമാനമായിരുന്നു പോളിങ്ങ്. ഇനി ബെംഗളൂരു കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ 107 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.