മുഖ്യമന്ത്രി ചുമതല ഏല്‍പ്പിക്കാത്തത് ഗുരുതര വീഴ്ച: ശ്രീധരന്‍പിള്ള

Tuesday 4 September 2018 2:41 am IST

കോഴിക്കോട്:  മുഖ്യമന്ത്രിയുടെ ചുമതല മന്ത്രിസഭയിലെ മറ്റാരെയും ഏല്‍പ്പിക്കാതെ പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോയത്  ഗുരുതരമായ വീഴ്ചയും ഭരണഘടനാപ്രതിസന്ധിയുമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളം ഗുരുതരമായ സാഹചര്യത്തിലാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കേണ്ട  സാഹചര്യമുണ്ടാകും. ഇ-മെയില്‍ ഭരണത്തിന് ഭരണഘടനയില്‍ വകുപ്പുകളില്ല. ക്യാബിനറ്റ് പോലും വിളിക്കാതെ അടിയന്തിര ഘട്ടങ്ങളില്‍ മുഖ്യമന്ത്രിക്ക്   തീരുമാനമെടുക്കേണ്ടി വരും. കേന്ദ്രത്തിന് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളില്‍  ആരെ ബന്ധപ്പെടണമെന്ന്  വ്യക്തമല്ല. സഹപ്രവര്‍ത്തകരില്‍ ഒരാളെയെങ്കിലും ചുമതല ഏല്‍പ്പിക്കുന്നതിനുള്ള തടസ്സമെന്താണെന്ന് വിശദമാക്കണം. നൂറു ശതമാനം വിശ്വസിക്കാവുന്ന ഒരാളും മന്ത്രിസഭയില്‍ ഇല്ലാത്തവിധം സിപിഎമ്മും ഇടതുപക്ഷവും കടുത്ത ആന്തരിക പ്രശ്‌നത്തിലാണോ? 

ദുരിതാശ്വാസ ഫണ്ടിന്റെ വിനിയോഗം സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണം. സര്‍വകക്ഷി സംഘടനകളുടെ നേതൃത്വത്തിലോ ജുഡീഷ്യല്‍ സമിതിയുടെയോ മേല്‍നോട്ടത്തിലോ ആയിരിക്കണം ധനവിനിയോഗം. ദുരിതാശ്വാസ ഫണ്ട് പ്രത്യേകഫണ്ടായി മാറ്റിവെക്കണം. 

കുട്ടനാട്ടില്‍ ആപത്കരമായ സ്ഥിതിയാണ്. മലിനജലം പമ്പ് ചെയ്ത് കളയാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ പമ്പുകള്‍ മുഴുവന്‍ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. കുറ്റകരമായ മൗനം പാലിച്ചവര്‍ സേവാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി ആദ്യമായാണ് കുട്ടനാട്ടില്‍ എത്തുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ ഏറെയുണ്ടായിട്ടും ആരും പ്രളയബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞുനോക്കിയില്ല. രണ്ടാഴ്ച കഴിഞ്ഞതിനുശേഷമാണ് അഖിലേന്ത്യാ അധ്യക്ഷന്‍പോലും എത്തിയത്.

പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തുന്നതിനപ്പുറം എന്തു ചെയ്തു എന്ന് വ്യക്തമാക്കണം.  ദുരിതാശ്വാസ പ്രവര്‍ത്തനം അടിയന്തിരമായി പട്ടാളത്തെ ഏല്‍പ്പിക്കണം. സര്‍ക്കാറിന്റെ ഗുരുതരമായ വീഴ്ചകള്‍ക്കെതിരെ ബിജെപി പ്രക്ഷോഭം നടത്തും. ആറിന് നടക്കുന്ന കോര്‍ കമ്മറ്റിയോഗം വിശദാംശങ്ങള്‍ തീരുമാനിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.