പ്രളയക്കെടുതി ധനസഹായം കുടുംബശ്രീ മുഖേനയാക്കിയതിലും രാഷ്ട്രീയ താല്‍പ്പര്യം

Tuesday 4 September 2018 2:44 am IST

ആലപ്പുഴ: പ്രളയക്കെടുതിക്കിരയായവര്‍ക്ക് സാധനസാമഗ്രികള്‍ വാങ്ങുന്നതിനുള്ള സഹായം കുടുംബശ്രീ മുഖേന നടപ്പാക്കുന്നതില്‍ ദുരൂഹത. വീടുകളിലെ നഷ്ടമായ സാധന സാമഗ്രികള്‍ വാങ്ങുന്നതിന് കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു സഹായങ്ങള്‍ ബാങ്ക് മുഖേനയാക്കിയ സര്‍ക്കാര്‍ പലിശരഹിത വായ്പ കുടുംബശ്രീ മുഖേനയാക്കിയതില്‍ ദുരുദ്ദേശമുണ്ടെന്നാണ് ആക്ഷേപം. 

സിപിഎമ്മിന്റെ പോഷകസംഘടനയെന്ന കുടുംബശ്രീയുടെ പ്രവര്‍ത്തനം. തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവര്‍ക്ക് കോടികണക്കിന് രൂപ ലഭ്യമാക്കാന്‍ സിപിഎമ്മിന് ഈ തീരുമാനത്തിലൂടെ കഴിയുമെന്നാണ് ആരോപണം. കുടുംബശ്രീ മുഖേന വായ്പ നല്‍കുന്നത് സാധാരണ ഒരു വര്‍ഷത്തെ കാലാവധിയിലാണ്. എന്നാല്‍ ഈ പദ്ധതി പ്രകാരമുള്ള വായ്പയുടെ കാലാവധി മൂന്ന് വര്‍ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ക്കെതിരെ വ്യാപക പരാതികളാണുയരുന്നത്. 

 സിപിഎം നേതാക്കളുടെ താല്‍പ്പര്യമാണ് കുടുംബശ്രീ എഡിഎസുകളിലും സിഡിഎസുകളിലും നടപ്പാകുന്നത്. സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിയുടെ ഗുണഭോക്താക്കളെ നിശ്ചയിച്ചതില്‍ രാഷ്ട്രീയ പക്ഷപാതിത്വം ഉള്ളതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിനു പുറമേയാണ് ദുരിതബാധിതര്‍ക്കുള്ള ധനസഹായ പദ്ധതി കുടുംബശ്രീ മുഖേനയാക്കുന്നതിലും വിമര്‍ശനം ഉയരുന്നത്. 

കുട്ടനാട്ടിലടക്കം സര്‍ക്കാരിന്റെ ഒരു രൂപയുടെ സഹായം പോലും ഇതുവരെ ലഭിക്കാത്ത ആയിരക്കണക്കിന് കുടുംബങ്ങളാണുള്ളത്. അവശ്യസാധനങ്ങളുടെ കിറ്റുകളും ഭൂരിപക്ഷത്തിനും ലഭിച്ചിട്ടില്ല, ലഭിച്ചവര്‍ക്കാകട്ടെ കിറ്റുകളില്‍ നേരത്തെ അറിയിച്ചത് പ്രകാരമുള്ള സാധനങ്ങളുമില്ല. കുടിവെള്ളവിതരണം പോലും കാര്യക്ഷമമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. കൃത്യമായ മേല്‍നോട്ടവും ഏകോപനവും ഇല്ലാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.