മലപ്പുറത്തെ ദുരിതാശ്വാസം സിപിഎം നിയന്ത്രണത്തില്‍

Tuesday 4 September 2018 2:45 am IST

മലപ്പുറം: ദുരിതാശ്വാസമോ? ആദ്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ആശ്വാസം. ഇതാണ് മലപ്പുറം ജില്ലയിലെ അവസ്ഥ. മണ്ണിടിച്ചിലില്‍ വീടിന് പോറല്‍പോലുമില്ലെങ്കിലും നഷ്ടപരിഹാരം ലഭിക്കും, സിപിഎം അനുഭാവിയായിരിക്കണമെന്നതാണ് ഇതിന്റെ കുറഞ്ഞ യോഗ്യത. സിപിഎം ഭരിക്കുന്ന തൃക്കലങ്ങോട് പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ നടന്ന തട്ടിപ്പ് പുറത്തുവന്നിരുന്നു.

ദുരിതാശ്വാസ കിറ്റുകളുടെ വിതരണത്തില്‍ വരെ ഈ രാഷ്ട്രീയ ചേരിതിരിവ് പ്രകടമാണ്. തദ്ദേശ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥതലത്തിലും നടക്കുന്ന ചേരിതിരിഞ്ഞുള്ള ദുരിതാശ്വാസ പ്രവര്‍ത്തനം ജനങ്ങളെ വലയ്ക്കുകയാണ്. മറ്റ് പാര്‍ട്ടിയുടെ പ്രതിനിധികള്‍ അംഗമായുള്ള തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് സര്‍ക്കാരിന്റെ ദുരിതാശ്വാസം വേണ്ടതുപോലെ എത്തുന്നില്ല. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വഴി വിതരണം ചെയ്യുന്ന ധനസഹായ അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ അറിയുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. അപേക്ഷകള്‍ പാര്‍ട്ടി ഗ്രാമങ്ങളിലേക്കാണ് ആദ്യം എത്തുന്നത്. 

പരപ്പനങ്ങാടി നഗരസഭാ കാര്യാലയം പോലും അറിയാതെയാണ് കൃഷിനാശം സംഭവിച്ചവര്‍ക്കുള്ള സഹായ അപേക്ഷ കൃഷിവകുപ്പ് വിതരണം ചെയ്തത്. പട്ടികജാതി വകുപ്പ് വഴി എസ്‌സി കുടുംബങ്ങള്‍ക്കുള്ള 5000 രുപ ധനസഹായം നല്‍കുന്ന അപേക്ഷ എസ്‌സി പ്രമോട്ടര്‍മാര്‍ വഴി പാര്‍ട്ടി കേന്ദ്രങ്ങളിലാണ് ആദ്യം വിതരണം ചെയ്തതെന്നും പരാതിയുണ്ട്.

ജനപ്രതിനിധികള്‍ വഴി വിതരണം ചെയ്യേണ്ട അപേക്ഷാഫോമുകള്‍ ദുരുപയോഗപ്പെടുത്തി ദുരിതാശ്വാസത്തിലും രാഷ്ട്രീയ ലാഭമുണ്ടാക്കുകയാണ് സിപിഎം. പരപ്പനങ്ങാടിക്ക് പുറമെ മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സമാനമായ പരാതി ഉയരുന്നുണ്ട്. യഥാര്‍ഥ ദുരിതബാധിതര്‍ക്ക് സഹായം ലഭിക്കാതെ അനര്‍ഹര്‍ക്ക് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ആനുകുല്യങ്ങള്‍ നല്‍കുന്ന നടപടിക്കെതിരെ മലപ്പുറത്ത് പ്രതിഷേധം ശക്തമാകുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.