കുട്ടനാട്ടിലെ സ്ത്രീകളും കുട്ടികളും കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക്

Tuesday 4 September 2018 2:46 am IST

ആലപ്പുഴ: പ്രത്യേക ശ്രദ്ധ നല്‍കിയില്ലെങ്കില്‍ കുട്ടനാട്ടിലെ സ്ത്രീകളും കുട്ടികളും വിഷാദരോഗത്തിലേക്ക് എത്തിപ്പെടുമെന്ന് ആരോഗ്യ വിദഗ്ധര്‍. ഇവിടുത്തെ സ്ത്രീകളും കുട്ടികളും കടുത്ത മാനസിക സംഘര്‍ഷവും പിരിമുറുക്കവും അനുഭവിക്കുന്നതിനെ തുടര്‍ന്നാണിത്. അമിത ഉത്കണ്ഠ, വിഷാദം, ഏകാഗ്രത ഇല്ലായ്മ, കുട്ടികളില്‍ പഠിക്കാനുള്ള താത്പര്യക്കുറവ്, ഉറക്കമില്ലായ്മയുമാണ് പ്രകടമായിട്ടുള്ളത്. 

പഠന സാമഗ്രികളും തങ്ങളേറെ ഇഷ്ടപ്പെടുന്ന കളിപ്പാട്ടങ്ങളും മറ്റും നഷ്ടപ്പെട്ടതും കുട്ടികളെ വിഷാദത്തിലേക്കു നയിക്കുന്നുണ്ട്. മാത്രമല്ല തങ്ങള്‍ കടന്നുപോയ സംഘര്‍ഷാവസ്ഥ മനസ്സിനെ വല്ലാതെ അലട്ടുന്നതും മാനസിക സംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്. ഇത് ആഴ്ചകളോളം നീണ്ടുനില്‍ക്കാന്‍ പാടില്ല, ഇതു മാനസിക രോഗങ്ങള്‍ക്കു കാരണമാകും. ഇതിനുള്ള പ്രതിവിധി പെട്ടെന്ന് കാണേണ്ടതുണ്ട്.

ഭൂരിഭാഗം വീടുകളിലും ശൗചാലയങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ ഏറ്റവും കൂടുതല്‍ മാനസികപിരിമുറുക്കം അനുഭവിക്കുന്നത് സ്ത്രീകളാണ്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഇതേ തുടര്‍ന്ന് സ്ത്രീകള്‍ ആഹാരം കുറച്ച് കഴിച്ച് പ്രശ്‌നത്തെ നേരിടുന്നതും അവരുടെ ആരോഗ്യത്തെ ബാധിച്ചു തുടങ്ങി.

കൈനകരിയിലെ 13 വാര്‍ഡുകളിലായി നാലായിരത്തോളം വീടുകള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്. പകുതി വീടുകളിലും ഇപ്പോഴും കഴുത്തറ്റം വെള്ളമാണുമുള്ളത്. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണ്ടിവരും വെള്ളമിറങ്ങാന്‍. എത്രയും പെട്ടെന്ന് ശൗചാലയ സൗകര്യം ഒരുക്കിയില്ലെങ്കില്‍ സ്ത്രീകള്‍ക്ക് മാനസിക സംഘര്‍ഷം താങ്ങാവുന്നതിനും അപ്പുറമാകും. 

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക പരിഗണന നല്‍കി മുന്നോട്ടു പോയില്ലെങ്കില്‍ കുട്ടനാട്ടിലെ സ്ത്രീകളുടെ ആരോഗ്യ സ്ഥിതി പരിതാപകരമാകും. കുട്ടികളുടെ മാനസികാവസ്ഥ സാധാരണ നിലയിലെത്തിയശേഷം മാത്രം പരീക്ഷകള്‍ നടത്തുന്നതാണ് ഉചിതമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. സ്‌കൂളുകളില്‍ സന്തോഷകരമായ അന്തരീക്ഷം നിലനിര്‍ത്തുകയാണ് ഇപ്പോഴത്തെ ആവശ്യം. കൂടാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സിലിങ് നല്‍കണമെന്നും ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.