പ്രളയബാധിതര്‍ക്ക് കൈത്താങ്ങേകാന്‍ ലളിതകലാ അക്കാദമിയും

Tuesday 4 September 2018 2:46 am IST

തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് കൈത്താങ്ങേകാന്‍ ലളിതകലാ അക്കാദമിയും. ദുരിതാശ്വാസ നിധിയിലേക്കുള്ള പണം കണ്ടെത്തുന്നതിനായി ചിത്രക്യാമ്പുകള്‍, വിപണനമേള, വിവിധ കലാകാരന്‍മാര്‍ സംഭാവന ചെയ്ത സൃഷ്ടികളുടെ ലേലം, എന്നിവ സംഘടിപ്പിക്കുന്നു. 

 പ്രളയത്തെ ആസ്പദമാക്കി ശില്‍പി ഡാവിഞ്ചി സുരേഷ് നല്‍കിയ ശില്‍പ്പവും രാജാരവിവര്‍മ പുരസ്‌കാരം നേടിയ അനിതാജേക്കബ് തയാറാക്കിയ ശില്‍പ്പവും അക്കാദമിക്ക് കൈമാറിയിട്ടുണ്ട്. ഈ ശില്‍പ്പങ്ങള്‍  ഇന്ന് രാവിലെ 10 ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ലേലം ചെയ്യും. രാവിലെ 10 മുതല്‍ നാലുവരെ കേരളത്തിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുക്കുന്ന തത്സമയ കാരിക്കേച്ചര്‍- കാര്‍ട്ടൂണ്‍ രചനയും നടക്കും. ഇതുവഴി ലഭിക്കുന്ന തുകയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. 

കൊച്ചി ദര്‍ബാര്‍ ഹാള്‍, ആലപ്പുഴ ബീച്ച്, ആലുവ റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളിലും ചിത്രരചനയും കാരിക്കേച്ചര്‍- കാര്‍ട്ടൂണ്‍ രചനയും നടന്നിരുന്നു. കൊച്ചിയില്‍ 270 ചിത്രകാരന്മാര്‍ ചേര്‍ന്ന് 1000 ചിത്രങ്ങള്‍ വരച്ച് ഇതിലൂടെ ആറു ലക്ഷം രൂപ സമാഹരിച്ചിരുന്നു. 5,6 തീയതികളില്‍ മ്യൂസിയം ഓഡിറ്റോറിയത്തില്‍ 65 ഓളം ചിത്രകാരന്‍മാരെ ഉള്‍പ്പെടുത്തി ക്യാമ്പ് സംഘടിപ്പിക്കും.

ശില്‍പി കാനായി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ 10,11 തീയതികളില്‍ മ്യൂസിയം ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കും. ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.