രക്ഷാദൗത്യത്തിനെത്തിയ ട്രക്ക് ഉടമകളെ അവഗണിക്കുന്നതായി പരാതി

Tuesday 4 September 2018 2:47 am IST

കൊച്ചി: പ്രളയബാധിതരെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട ട്രക്ക് ഉടമസ്ഥര്‍ക്ക് അര്‍ഹമായ പരിഗണന സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് കേരള ട്രക്ക് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അനൂപ് കെ.എ. ആരോപിച്ചു. ദീര്‍ഘനേരം വെള്ളക്കെട്ടിലൂടെ സഞ്ചരിക്കേണ്ടി വന്നതിനാല്‍ ട്രക്കുകളുടെ എഞ്ചിനുകള്‍ ഉള്‍പ്പടെ തകരാറിലായിട്ടുണ്ട്. ഇവ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

നാശനഷ്ടം സംഭവിച്ച വാഹനങ്ങളുടെ ഉടമകള്‍ക്ക് നികുതിയിളവുകളും സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വായ്പാതിരിച്ചടവില്‍ മുടക്കം വന്നതിനാല്‍ പലിശയും പിഴപ്പലിശയും ഒഴിവാക്കി വായ്പാ തിരിച്ചടവില്‍ സാവകാശം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും അവര്‍ പറഞ്ഞു. ഗതാഗത വകുപ്പുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.  

അതാത് ജില്ലകളിലെ കളക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് സേവനത്തിനിറങ്ങിയത്. ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കടന്നെത്താന്‍ സാധിക്കാതിരുന്ന ഇടങ്ങളില്‍ വരെ ട്രക്കുകള്‍ സഹായവുമായി എത്തി. എന്നാല്‍ ഈ പ്രവര്‍ത്തനത്തില്‍ സേവനം ചെയ്തവരെ ഒഴിവാക്കി ഗതാഗത മന്ത്രിക്ക് താല്‍പര്യമുള്ളവരെയാണ് അനുമോദിച്ചതെന്നും ഇതില്‍ പ്രതിഷേധിക്കുന്നതായും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന ജന.സെക്രട്ടറിമാരായ സുബിന്‍ പോള്‍, പ്രശാന്ത് പി.വൈ തുടങ്ങിയവര്‍ പങ്കെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.