ദുരന്തഭൂമിയിലെ കഴുകന്‍ കണ്ണുകള്‍

Tuesday 4 September 2018 2:51 am IST

ചോരച്ചുവപ്പുള്ള കൊടിപിടിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി, കാട്ടിക്കൂട്ടുന്നത് കണ്ണില്‍ച്ചോരയില്ലാത്ത പ്രവര്‍ത്തികളാണ്. സര്‍ക്കാര്‍ സ്വയം സൃഷ്ടിച്ച മഹാപ്രളയത്തിന്റെ ദുരന്തമനുഭവിക്കുന്ന പാവങ്ങള്‍, കഷ്ടപ്പാടിന്റെ നിലയില്ലാക്കയത്തില്‍ കിടന്ന് സഹായത്തിനായി വിലപിക്കുമ്പോള്‍, ദുരന്തത്തിന്റെ പേരില്‍ ഭരണകക്ഷി കഴുകന്‍ കണ്ണുകളുമായി കൊയ്ത്തുത്സവം കൊണ്ടാടുകയാണ്. പാര്‍ട്ടി ഫണ്ടിലേയ്ക്ക് കിട്ടാവുന്നത്ര വാരിക്കൂട്ടാനും തല്‍പ്പരകക്ഷികള്‍ക്ക് ഒത്താശ ചെയ്യാനുമാണ,് പാവങ്ങളുടെ പാര്‍ട്ടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന സിപിഎമ്മിന്റെ ശ്രമം. ദുരന്തത്തിന്റെ പേരില്‍ പിരിച്ചും പിഴിഞ്ഞും പാര്‍ട്ടിഫണ്ട് വളര്‍ത്താനിറങ്ങിയവര്‍ സര്‍ക്കാര്‍ സഹായം പാര്‍ട്ടിവിധേയത്വം നോക്കി വിതരണം ചെയ്യാനുള്ള തിടുക്കത്തിലാണിപ്പോള്‍. 

ദുരന്തത്തില്‍ നഷ്ടം സംഭവിച്ചോ എന്നതല്ല, തങ്ങളോട് വിധേയത്വമുണ്ടോ എന്നതാണ് സിപിഎമ്മിന്റെ മാനദണ്ഡം. എല്ലാം പാര്‍ട്ടിവഴിമാത്രം. അതിന്, വിതരണം ചെയ്യാന്‍ പോകുന്നത് പാര്‍ട്ടി ഫണ്ടൊന്നുമല്ലല്ലോ. കേന്ദ്രം തന്നതും തരാനിരിക്കുന്നതും മനസ്സുമരവിക്കാത്തവര്‍ കയ്യയച്ച് സഹായിച്ചതുമൊക്കെയാണ് ആ ഫണ്ടിലുള്ളത്. അതില്‍ക്കയറി അവകാശം സ്ഥാപിക്കാന്‍ ഈ പാര്‍ട്ടിക്ക് ആര് അധികാരം കൊടുത്തു? സിപിഎം ഭരണകക്ഷിയായിരിക്കാം. പക്ഷേ, ഭരിക്കുന്നത് സര്‍ക്കാരാണ്. പാര്‍ട്ടിയല്ല. 

മലപ്പുറത്ത് സിപിഎം ഭരിക്കുന്ന തൃക്കലങ്ങോട് പഞ്ചായത്തിലാണ് പോറല്‍ പോലുമേല്‍ക്കാത്ത ആര്‍ഭാടവീടിന് പ്രളയത്തിന്റെ പേരില്‍ അഞ്ചര ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശയുണ്ടായത്. ഏഴു കിടപ്പുമുറികളും 11 എസിയുമുള്ള വീടിനോടാണ് തൊഴിലാളിപ്പാര്‍ട്ടിക്ക് ഈ അനുകമ്പ. പിന്നില്‍ ഇടിഞ്ഞുവീണ മണ്ണ് വീടിന്റെ മുറ്റംവരെപ്പോലും എത്തിയിട്ടില്ല. പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് കൊടുത്തുകഴിഞ്ഞു. സമീപത്തെ രണ്ട് മണിമന്ദിരങ്ങള്‍ക്കുകൂടിയുണ്ട് പാര്‍ട്ടിയുടെ ഈ അനുഗ്രഹം. ഒന്നിന് മൂന്നരലക്ഷവും രണ്ടാമത്തേതിന് നാലു ലക്ഷത്തോളവുമാണ് ശുപാര്‍ശ. മുറ്റത്ത് മണ്ണുവീണാല്‍ പാര്‍ട്ടിക്ക് സഹായിച്ചല്ലേ പറ്റൂ. ഇന്നും വെള്ളമിറങ്ങാത്ത വീട്ടില്‍ കുടിക്കാന്‍ വെള്ളമോ ഭക്ഷണമോ പാചകത്തിന് സൗകര്യമോ ഇല്ലാത്തവര്‍ പതിനായിരക്കണക്കിന് വേറെയുണ്ട് ഇന്നു കേരളത്തില്‍. പലര്‍ക്കും വീടുപോലുമില്ല. വെള്ളമിറങ്ങിയ വീടുകളില്‍ അടിഞ്ഞുകൂടിയ ചെളിമാറ്റി വൃത്തിയാക്കാന്‍പോലും സഹായം തേടുകയാണ് പാവപ്പെട്ട വീട്ടുകാര്‍. 

അവിടങ്ങളിലൊക്കെ ചെന്ന് പാര്‍ട്ടിവിധേയത്വം നോക്കി ദുരിതാശ്വാസത്തിന് പട്ടിക തയ്യാറാക്കുന്ന ഇത്തരമൊരു ഭരണകക്ഷി നാടിന് നാണക്കേടാണ്. അത്തരം വീടുകളില്‍ കെട്ടിക്കിടക്കുന്ന ചെളിയുടെ കനത്തേക്കാള്‍ കൂടുതലുണ്ട് ഇവരുടെ തൊലിയുടെ കട്ടി. സര്‍ക്കാര്‍ സംവിധാനത്തിന് ഒരു വിലയുമില്ല. ധനസഹായം കിട്ടണമെങ്കില്‍ പാര്‍ട്ടി സഖാക്കള്‍ കനിയണം. അവരുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ പട്ടിക തയ്യാറാക്കുക. കേന്ദ്ര പദ്ധതി പ്രകാരമുള്ള വീടുകിട്ടണമെങ്കിലും സിപിഎം പട്ടികയില്‍ കയറിക്കൂടണം. പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്ന് കേട്ടിട്ടേയുണ്ടായിരുന്നുള്ളു. ദുരിതാശ്വസ ക്യാമ്പുകളും ക്യാമ്പുകളിലേയ്ക്ക് വരുന്ന ടണ്‍കണക്കിന് സാധനസാമഗ്രികളും പിടിച്ചെടുത്ത പാര്‍ട്ടി, പുനരധിവാസ പദ്ധതികളും സ്വാര്‍ഥ താത്പര്യത്തിനായി പിടിച്ചടക്കുകയാണ്. ഇക്കണക്കിനുപോയാല്‍ കേരളത്തിന്റെ നവനിര്‍മാണമായിരിക്കില്ല സിപിഎമ്മിന്റെ നവനിര്‍മാണമായിരിക്കും നടക്കുക. 

നിറവും മതവും ജാതിയും നോക്കാതെ ദുരിതബാധിത മേഖലകളില്‍ സഹായത്തിനെത്തുന്ന സേവാഭാരതി പോലുള്ള സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ പാര്‍ട്ടിയും ജാതിയും മതവും ചോദിച്ചിട്ടല്ലല്ലോ പ്രവര്‍ത്തനം നടത്തുന്നത്. ആ ആത്മാര്‍ഥത ജനം തിരിച്ചറിയുന്നതില്‍ അസ്വസ്ഥത പൂണ്ട സഖാക്കള്‍, അവരെ അറിയാവുന്ന ഭാഷയിലൊക്കെ ചീത്ത വിളിക്കുന്നുണ്ട്. അവരവിടെ ചെയ്യുന്നത് എന്താണെന്നൊന്ന് കണ്‍തുറന്ന് കാണാനെങ്കിലും ഇക്കൂട്ടര്‍ മെനക്കെട്ടാല്‍ നന്നായിരുന്നു. 

ഇതു കേരളത്തിന്റ ശാപമാണ്. മറിഞ്ഞാലും കലത്തില്‍ത്തന്നെ എന്ന മട്ടില്‍ രണ്ടു മുന്നണികള്‍ ജയിച്ചും തോറ്റും ഭരിച്ചുമുടിക്കുന്നൊരു നാടിന്റെ ശാപം. ഇന്നിപ്പോള്‍ നിവര്‍ന്നുനിന്ന് കാര്യം പറയാന്‍ നട്ടെല്ലുള്ളൊരു പ്രതിപക്ഷം ഇല്ലാതെ പോകുന്നതും യുഡിഎഫ് എന്ന മറുമുന്നണിയുടെ ദൗര്‍ബല്യം കൊണ്ടുതന്നെ. വല്യേട്ടനോട് നേരേനിന്ന് കാര്യം പറയാന്‍ കെല്‍പ്പുള്ളൊരു പാര്‍ട്ടി ഭരണമുന്നണിയിലുമില്ല. ജനങ്ങള്‍ തന്നെ ഇതിനൊക്കെ പരിഹാരം കണ്ടെത്തേണ്ട കാലമായി. ആരാണ് തങ്ങള്‍ക്കൊപ്പമെന്ന് സാധാരണ ജനത്തിന് തിരിച്ചറിയാന്‍ അവസരമൊരുക്കിയ ദിവസങ്ങളാണിത്. അവര്‍ തീരുമാനിക്കട്ടെ കേരളത്തിന്റെ ഭാവി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.