എലിപ്പനി; വളർത്തുമൃഗങ്ങൾക്കും കരുതൽ വേണം

Tuesday 4 September 2018 2:53 am IST

എലിപ്പനിക്കെതിരെ സംസ്ഥാനമൊന്നാകെ ആരോഗ്യജാഗ്രതയിലും അതീവ കരുതലിലുമാണ്. മനുഷ്യരിലെന്നപോലെ വളര്‍ത്തുമൃഗങ്ങളെയും ബാധിക്കുന്നതും, രോഗബാധയേറ്റ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയേറെയുള്ള ജന്തുജന്യരോഗവും കൂടിയാണ് എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്.

മുഖ്യവാഹകരായ എലികളുടെ വൃക്കകളില്‍ വാസമുറപ്പിക്കുന്ന രോഗാണു എന്നാല്‍ എലികളില്‍ യാതൊരുആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കില്ലെന്നുമാത്രമല്ല ഒരു മി.ലിറ്റര്‍ മൂത്രത്തില്‍ ഒരു മില്യണ്‍ രോഗാണുക്കള്‍ എന്ന കണക്കില്‍ രോഗാണുവിനെ പുറന്തള്ളുകയും ചെയ്യും.  

മൃഗങ്ങളില്‍ എലിപ്പനി വ്യാപനം എങ്ങനെ..

രോഗാണുവിന്റെ പ്രധാനവാഹകരായ എലികളുടെയും പെരുച്ചാഴികളുടെയും മൂത്രം കലര്‍ന്ന് മലിനമായ വെള്ളത്തില്‍ കൂടിയാണ് രോഗം പകരുന്നത്. കെട്ടികിടക്കുന്ന വെള്ളത്തിലും ചെളിയിലും നനവുള്ള തറകളിലുംകാണപ്പെടുന്ന രോഗാണുക്കള്‍ കുടിവെള്ളം, തീറ്റ എന്നിവ വഴിയും തൊലിപ്പുറത്തെ പോറലുകളിലൂടെയും മുറിവുകളിലൂടെയും ശരീരത്തില്‍ പ്രവേശിച്ചാണ് മൃഗങ്ങളില്‍ രോഗബാധയുണ്ടാവുന്നത്. മൃഗങ്ങളുടെ കണ്ണിലെയും മൂക്കിലേയുമൊക്കെ ശ്ലേഷ്മസ്തരങ്ങളിലൂടെയും, കൈകാലുകളിലെയും അകിടിലെയുമൊക്കെ മൃദുവായചര്‍മ്മഭാഗങ്ങളിലൂടെയും ശരീരത്തിനകത്തേക്ക് തുളച്ചുകയറാനുള്ള ശേഷിയും 'സ്‌പൈറോകീറ്റ്‌സ്''എന്നറിയപ്പെടുന്ന ബാക്റ്റീരിയല്‍ എലിപ്പനിരോഗാണുവിനുണ്ട്.

രോഗാണുബാധയേറ്റ മൃഗങ്ങളില്‍ നിന്ന് അവയുടെ കുഞ്ഞുങ്ങളിലേക്കും മൂത്രം, ഗര്‍ഭാവശിഷ്ടങ്ങള്‍, ശരീരസ്രവങ്ങള്‍, വിസര്‍ജ്യങ്ങള്‍ എന്നിവ വഴി മറ്റു മൃഗങ്ങളിലേക്കും, മനുഷ്യരിലേക്കും രോഗം പകരാം. പശു, എരുമ, ആട്, പന്നി, കുതിര, നായ്ക്കള്‍ തുടങ്ങി എല്ലാ സസ്തനി മൃഗങ്ങളെയും എലിപ്പനി രോഗാണു ബാധിക്കാമെങ്കിലും പൂച്ചകള്‍ പൊതുവെ രോഗാണുവിനെതിരെ പ്രതിരോധശേഷിയുള്ളവരാണ്.

പ്രളയാനന്തരം രോഗാണുക്കളാല്‍ മലിനമാക്കപ്പെട്ട സാഹചര്യങ്ങളുമായി സമ്പര്‍ക്കമുണ്ടാവാനുള്ള സാധ്യതകള്‍ മൃഗങ്ങളിലും ഏറെയായതിനാല്‍ എലിപ്പനിക്കെതിരെ കൂടുതല്‍ ശ്രദ്ധവേണം. ഉയര്‍ന്ന ആര്‍ദ്രത, കുറഞ്ഞ താപനില തുടങ്ങിയ അനുകൂല സാഹചര്യങ്ങളില്‍ ക്ഷാരഗുണമുള്ള മണ്ണിലും, കെട്ടിനില്‍ക്കുന്ന വെള്ളത്തിലും ആറുമാസം വരെ ഒരു നാശവുമേല്‍ക്കാതെ നിലനില്‍ക്കാന്‍ എലിപ്പനി ബാക്ടീരിയകള്‍ക്ക് സാധിക്കുമെന്നതിനാല്‍ തുടര്‍ന്നുള്ള മാസങ്ങളിലും കരുതല്‍ വേണ്ടതുണ്ട്.

മൃഗങ്ങളിലെ എലിപ്പനി എങ്ങനെ തിരിച്ചറിയാം 

രോഗാണുബാധയേറ്റാല്‍ മൃഗങ്ങളില്‍ തീവ്രരൂപത്തിലോ, ഉപതീവ്രരൂപത്തിലോ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന രീതിയിലോ ലക്ഷണങ്ങള്‍ പ്രകടമാകും. ഇത് രോഗാണുവിന്റെ ജനിതകസ്വഭാവം, രോഗം പടര്‍ത്താനുള്ളശേഷി (ജമവേീഴലിശരശ്യേ), മൃഗങ്ങളുടെ പ്രതിരോധശേഷി (കാാൗിശ്യേ), പ്രായം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

പശുക്കളിലെ തീവ്രരോഗബാധയില്‍ രോഗാണു ബാധയേറ്റ് നാല് മുതല്‍ ഇരുപത് ദിവസത്തിനകം ലക്ഷണങ്ങള്‍ പ്രകടമാകും. തീറ്റയോടുള്ള വിരക്തി, കഠിനമായ പനി, തളര്‍ച്ച, മൂത്രം രക്തനിറത്തില്‍ കാണപ്പെടല്‍, പാലുല്‍പ്പാദനക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രക്തത്തിലൂടെ ശരീരമൊന്നാകെ വ്യാപിക്കുന്നരോഗാണുക്കള്‍, വൃക്ക തുടങ്ങി വിവിധ അവയവങ്ങളില്‍ പെറ്റുപെരുകുകയും ചെയ്യും. രോഗാണു പുറന്തള്ളുന്ന വിഷാംശം രക്തകോശങ്ങളടക്കമുള്ള ശരീരകോശങ്ങളെ നശിപ്പിക്കുകയും, ചെറിയ രക്തനാളികളെ തകര്‍ക്കുകയും ചെയ്യും. ഇത് രക്തസ്രാവത്തിനും വിളര്‍ച്ചക്കും വഴിയൊരുക്കും. 

രോഗം മൂര്‍ച്ഛിക്കുന്നതോടെ മഞ്ഞപ്പിത്തത്തിന്റെ ലക്ഷങ്ങള്‍ കാണിക്കുന്നതിനൊപ്പം അകിടുവീക്കവും പ്രകടമാകും. പാല്‍ രക്തവും രക്തക്കട്ടകളും കലര്‍ന്ന് ചുവന്നനിറത്തില്‍ വ്യത്യാസപ്പെടും. സാധാരണ അകിടുവീക്കത്തില്‍ നിന്നും വ്യത്യസ്തമായി എലിപ്പനിയില്‍ അകിടുകള്‍ തടിച്ച് കൂടുതല്‍ മൃദുത്വമുള്ളതായി (എഹമരരശറ ാമേെശശേ)െ തീരും. ചെനയുള്ള മൃഗങ്ങളില്‍ ഗര്‍ഭമലസല്‍, ആരോഗ്യം കുറഞ്ഞ കിടാക്കളുടെ ജനനം എന്നിവയ്ക്ക് സാധ്യതയേറെയാണ്. ഒരുമാസത്തില്‍ ചുവടെ പ്രായമുള്ള കന്നുകുട്ടികളില്‍ എലിപ്പനി കൂടുതല്‍ മാരകമാണ്. സമാനമായ ലക്ഷണങ്ങള്‍ ആടുകളിലും പന്നികളിലും കാണാം. 

പനി, വിശപ്പില്ലായ്മ, ഛര്‍ദ്ദി, വിറയല്‍, പേശിവേദന കാരണം നടക്കാനുള്ള മടി, പേശീവലിവ്, ക്രമേണയുള്ള ശരീരതളര്‍ച്ച, ശ്വാസമെടുക്കാനുള്ള പ്രയാസം തുടങ്ങിയവയാണ് നായ്ക്കളില്‍ എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. ഛര്‍ദ്ദിയും വയറിളക്കവും കാരണം നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനാല്‍ നായ്ക്കള്‍ ധാരാളമായി വെള്ളം കുടിക്കാന്‍ ശ്രമിക്കും, ഇടയ്ക്കിടെ മൂത്രമൊഴിക്കുകയും ചെയ്യും. കണ്ണിലെയും മറ്റും ശ്ലേഷ്മസ്തരങ്ങള്‍ ചുവന്നുതടിച്ചിരിക്കുന്നതിനൊപ്പം രക്തവാര്‍ച്ചയുടെ ചെറിയപാടുകള്‍ കാണാന്‍ കഴിയും. തുടര്‍ന്ന് മൂത്രവും വയറിളകിവരുന്ന കാഷ്ടവും രക്തനിറത്തില്‍ വ്യത്യാസപ്പെടും. മൂത്രതടസ്സവും അനുഭവപ്പെടും.

ആരംഭഘട്ടത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മഞ്ഞപ്പിത്തവും ശ്വാസതടസ്സവും മൂര്‍ച്ഛിച്ചു മരണംവരെ സംഭവിക്കും. നീണ്ടുനില്‍ക്കുന്ന രോഗാവസ്ഥയില്‍ ചെറിയ പനി, ശരീരശോഷണം, ഭാരക്കുറവ് കണ്ണുകള്‍ ചുവന്നുതടിച്ചിരിക്കല്‍, വിളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകും. എലിപ്പനിക്കെതിരെ കൃത്യമായി പ്രതിരോധ കുത്തിവെയ്‌പ്പെടുത്ത നായ്ക്കളില്‍ രോഗസാധ്യത കുറവാണ്.

ചില മൃഗങ്ങള്‍ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പുറത്തുകാണിക്കാതെ ദീര്‍ഘകാലം രോഗാണുവിന്റെ നിശബ്ദ വാഹകരാകാനും ഇടയുണ്ട്. നിശബ്ദവാഹകരായ മൃഗങ്ങളുടെ വൃക്കയിലും പ്രത്യുല്‍പ്പാദനവയവങ്ങളിലും ഇരിപ്പുറപ്പിക്കുന്ന രോഗാണു മൂത്രത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയും നിരന്തരമായി പുറത്തുവന്നുകൊണ്ടിരിക്കും.

ലക്ഷണങ്ങള്‍ പുറത്തു കാണിക്കാത്ത രോഗാണുവാഹകരായ പശുക്കളടക്കമുള്ള മൃഗങ്ങളില്‍ ഗര്‍ഭമലസലും, തുടര്‍ന്നുള്ള വന്ധ്യതയും ആരോഗ്യശേഷി കുറഞ്ഞ കുഞ്ഞുങ്ങളുടെ ജനനവും ലക്ഷണങ്ങളായി കണ്ടുവരുന്നു. രോഗാണുവാഹകരായ പന്നികളില്‍ പ്രസവത്തിനു 2-4 ആഴ്ച മുന്‍പുള്ള ഗര്‍ഭമലസല്‍ സാധാരണയായി കണ്ടുവരുന്നു. ഗര്‍ഭമലസിയ അവശിഷ്ടങ്ങളും മറ്റും കൈകാര്യം ചെയ്യുമ്പോള്‍ കൈയ്യുറയും മറ്റും നിര്‍ബന്ധമായും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. തൊഴുത്തും പരിസരവും ബ്ലീച്ചിങ് പൗഡറോ മറ്റു അണുനാശിനികളോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും വേണം

പ്രതിരോധവും ചികിത്സയും

ജൈവമാലിന്യങ്ങള്‍, വെള്ളം കയറി നശിച്ച മൃഗങ്ങളുടെ തീറ്റസാധനങ്ങള്‍, മറ്റു ഭക്ഷ്യവസ്തുക്കള്‍ എന്നിവയെല്ലാം എലികള്‍ക്ക് പെറ്റുപെരുകാനുള്ള അനുകൂല സാഹചര്യമൊരുക്കും. ജൈവമാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കുന്നതിനും എലിക്കെണികള്‍ ഉപയോഗിച്ച് എലികളെ നിയന്ത്രിക്കുന്നതിനും മുഖ്യപരിഗണന നല്‍കണം. മൃഗങ്ങളുടെ മൃതശരീരങ്ങള്‍ മാസ്‌ക്, കട്ടികൂടിയ കൈയ്യുറകള്‍, കണ്ണ് മൂടാവുന്ന തരത്തിലുള്ളഗോഗിള്‍, വെള്ളം കയറാത്ത ഗംബൂട്ടുകള്‍ തുടങ്ങിയവ ധരിച്ചശേഷം മാത്രമേ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. വളര്‍ത്തുമൃഗങ്ങളെ തൊട്ടാലും, അവയുടെ വിസര്‍ജ്യങ്ങള്‍ സ്പര്‍ശിക്കാനിടവന്നാലും കൈകാലുകള്‍ സോപ്പിട്ട് വൃത്തിയായി കഴുകണം.

കെട്ടിനില്‍ക്കുന്ന വെള്ളവും, ചെളിയുമായും മൃഗങ്ങള്‍ക്ക് സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. പ്രളയത്തില്‍ മലിനമായ ജലം മൃഗങ്ങള്‍ക്ക് കുടിക്കാന്‍ നല്‍കരുത്. ക്ലോറിന്‍ ടാബ്ലറ്റുകള്‍ ചേര്‍ത്ത് ശുദ്ധീകരിച്ച ജലം കുടിക്കാനായി നല്‍കാം. 20 ലിറ്റര്‍ വെള്ളത്തില്‍ 500 മില്ലി ഗ്രാം ക്ലോറിന്‍ ടാബ്ലറ്റ് ഇട്ട് ശുചീകരിച്ച ജലം അരമണിക്കൂറിന് ശേഷം മൃഗങ്ങള്‍ക്ക് നല്‍കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ പത്തു തുള്ളിവീതം പോവിഡോണ്‍ അയഡിന്‍ ലായനി ചേര്‍ത്ത് ശുദ്ധമാക്കിയും കുടിവെള്ളം നല്‍കാം. ഒരു മില്ലി വീതം വിനാഗിരി അഞ്ചുലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തുനല്‍കിയാല്‍ കുടിവെള്ളത്തിലെ അപകടകാരികളായ അണുക്കളെ ചെറുക്കാന്‍ സാധിക്കും .

അരുമമൃഗങ്ങളില്‍ രോഗലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ആന്റിബയോട്ടിക് കുത്തിവെയ്പ്പ് അടക്കമുള്ള വിദഗ്ദ്ധ ചികിത്സ തേടണം. ഒപ്പം ജന്തുജന്യരോഗമായതിനാല്‍ മൃഗങ്ങളെ പരിചരിച്ചവരും ചികിത്സ തേടണം. പെന്‍സിലിന്‍, സ്‌ട്രെപ്‌റ്റോമൈസിന്‍, ഡോക്‌സിസൈക്ലിന്‍, ടെട്രാസൈക്ലിന്‍ മാക്രോലൈഡ് ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയ മരുന്നുകള്‍ രോഗാരംഭത്തില്‍ മൃഗങ്ങളിലും ഏറെ ഫലപ്രദമാണ്.

നായ്ക്കള്‍ക്ക് എലിപ്പനിക്കെതിരായ പ്രതിരോധകുത്തിവെപ്പുകള്‍ എടുക്കാനും ശ്രദ്ധിക്കണം. നായ്ക്കളില്‍ എലിപ്പനിയടക്കമുള്ള വിവിധരോഗങ്ങള്‍ക്ക് എതിരായുള്ള ആദ്യകുത്തിവെപ്പ് 6-8 ആഴ്ച പ്രായത്തിലും, ബൂസ്റ്റര്‍ കുത്തിവെപ്പ് 9-12 ആഴ്ചയിലും എടുക്കാം. 12-14 ആഴ്ചപ്രായത്തില്‍ വീണ്ടും ഒരുബൂസ്റ്റര്‍ കുത്തിവെപ്പുകൂടി ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്നുണ്ട് പിന്നീട് വര്‍ഷാവര്‍ഷം കുത്തിവെയ്പ്പ് തുടരണം.

രോഗം ഭേദമായ പശുക്കള്‍ തുടര്‍ന്ന് മൂന്ന്മാസത്തോളവും, നായ്ക്കള്‍ ആറുമാസത്തോളവും രോഗാണുവിനെ മൂത്രത്തിലൂടെ പുറന്തള്ളാന്‍ ഇടയുള്ളതിനാല്‍ മൃഗങ്ങളെ പരിചരിക്കുന്നവര്‍ വ്യക്തിസുരക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയുംശ്രദ്ധപുലര്‍ത്തുകയും വേണം.

(ഫാം കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)

ഡോ. മുഹമ്മദ് ആസിഫ്. എം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.