പ്രളയത്തിൽ മുങ്ങിയാൽ നന്മയും കിട്ടും

Tuesday 4 September 2018 3:00 am IST
സഹ്യസാനുക്കളില്‍ നിന്നും, മലയാളമണ്ണിനെ തഴുകിയും, സംഹാരതാണ്ഡവമാടിയും, ഗര്‍ജ്ജിച്ചും, അട്ടഹസിച്ചും അവളങ്ങ് അറബിക്കടലില്‍ ശാന്തത തിരയുമ്പോള്‍, പ്രളയം കടന്നു പോയ വഴികളിലെല്ലാം എക്കല്‍ നിറഞ്ഞിരിക്കുകയാണ്. പതിറ്റാണ്ടുകളായി നാം നിക്ഷേപിച്ച രാസനിക്ഷേപങ്ങളെല്ലാം അവള്‍ പാടേ തുടച്ചു മാറ്റിയിരിക്കുന്നു.

ഈ നൂറ്റാണ്ടിനെ തന്നെ പിടിച്ചുലച്ച മഹാപ്രളയം നഷ്ടങ്ങളുടേതു മാത്രമാണെന്നു കരുതിയെങ്കില്‍ തെറ്റി. അത് പുതിയ പ്രതീക്ഷകളുടേതും, പ്രത്യാശകളുടേതും, മനുഷ്യനാല്‍ അസാദ്ധ്യമായ നവീകരണത്തിന്റെ അനന്തസാദ്ധ്യതകളുടേതും കൂടിയാണ്. ഒരു കുട്ടനാട്ടുകാരന്‍ എന്ന നിലയില്‍, പ്രളയാനന്തര കാലഘട്ടത്തെ അത്യധികം പ്രതീക്ഷയോടെ നോക്കുവാനാണ് ഞാനിഷ്ടപ്പെടുന്നത്. ഇത് ഡാമുകള്‍ നിറഞ്ഞു കവിഞ്ഞ്, സര്‍വ്വനാശകാരിയായ ജലബോംബുകളായി പരിണമിക്കുമ്പോള്‍, അതു കണ്ട് ആനന്ദം കൊള്ളുകയും, മാധ്യമങ്ങളുമായി ആ സന്തോഷം പങ്കുവയ്ക്കുകയും ചെയ്യുന്ന, തുറന്നു വിടാന്‍ നിര്‍ബന്ധിതമാവുമ്പോള്‍ നഷ്ടപ്പെടുന്ന ജലം കാശായി പെട്ടിയില്‍ വീഴുമായിരുന്നുവെന്നോര്‍ത്ത് പരിതപിക്കുകയും ചെയ്യുന്ന തരത്തിലുള്ള മാനസികാവസ്ഥയല്ലെന്ന് ആദ്യമേ തന്നെ പറഞ്ഞു കൊള്ളട്ടെ.

പ്രളയവും, അതു വിതച്ച നാശനഷ്ടങ്ങളും വളരെ വലുതു തന്നെയാണ്. എന്നാല്‍ സംഭവിക്കാനുള്ളതു സംഭവിച്ചു. അല്ല, ഒഴിവാക്കാമായിരുന്നത് കയ്യെത്തിപ്പിടിച്ചു. കേരളത്തിന്റെ ഭൂപ്രകൃതിയേക്കുറിച്ച് ശാസ്ത്രീയമായിത്തന്നെ അറിവുള്ള മാധവ് ഗാഡ്ഗില്‍ ഉള്‍പ്പെടെയുള്ളവര്‍ അത് വ്യക്തമായി പറയുകയും ചെയ്തതാണ്. ഏതാണ്ട് ഒരു നൂറ്റാണ്ടോളമായി മനുഷ്യന്‍ പ്രകൃതിയോട് തുടര്‍ന്നു വന്നിരുന്ന കടുത്ത അനീതിക്കും, നന്ദികേടിനും ഒടുവില്‍ പ്രകൃതി തിരിച്ചടിച്ചു. നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ നമുക്കു കഴിഞ്ഞുള്ളൂ.

മലകളോട്, പുഴകളോട്, മരങ്ങളോട്, വനത്തോട് ഒക്കെ നാം പുലര്‍ത്തിയ ക്രൂരമായ യജമാനഭാവത്തിന് ഏറ്റ കനത്ത തിരിച്ചടി തന്നെയാണിത്. വനഭൂമികകളെ യാതൊരു 'മനുഷ്യത്വവും' ഇല്ലാതെ നാം കയ്യടക്കി. മണ്ണിനും, പ്രകൃതിക്കും തൂണായിരുന്ന സുദൃഢങ്ങളായ വൃക്ഷസമ്പത്തിനെ കൊള്ളയടിച്ചു നാടു കടത്തി. പകരം, ഒരു സാധാരണ കാറ്റിനെ പോലും പ്രതിരോധിക്കാന്‍ ശേഷിയില്ലാത്ത റബ്ബറുകള്‍ നട്ടു വളര്‍ത്തി. പുഴകളെ വഴി തിരിച്ചു വിട്ടു. മലകള്‍ ഇടിച്ചു നിരത്തി കാശാക്കി. ഭക്ഷ്യവിളകളേക്കാള്‍ മലയാളികള്‍ ഇതരവിളകള്‍ക്ക് പ്രാധാന്യം നല്‍കി. അവകളെ നാണ്യവിളകളെന്ന് ഓമനപ്പേരിട്ടു വിളിച്ചു. 

അതു നല്‍കിയ താല്‍ക്കാലിക സമ്പത്തില്‍ അഹങ്കരിച്ചു. എന്നിട്ട് ആ പണം നല്‍കി അന്നന്നത്തെ അന്നത്തിനായി അയല്‍സംസ്ഥാനങ്ങളിലേക്ക് കണ്ണു നട്ടിരുന്നു. അവര്‍ തന്ന വിഷം വാങ്ങി ഭുജിച്ചു. പൂര്‍വ്വികരിലേക്കു തിരിഞ്ഞൊന്നു നോക്കിയില്ല. പ്രതീക്ഷയോടെ ഇനി വരും പുലരികളില്‍ ഇവിടെ ജനിച്ചു വീഴാന്‍ പോകുന്ന പുതുതലമുറയേക്കുറിച്ചു ചിന്തിച്ചതു പോലുമില്ല. പരിസ്ഥിതിലോലപ്രദേശങ്ങളില്‍ അവയ്ക്കു താങ്ങാവുന്നതിലധികം ഭാരം നാം കെട്ടി വച്ചു. പുഴയോരങ്ങള്‍, കണ്ടല്‍ക്കാടുകള്‍, വനങ്ങള്‍ എന്നു കണ്ട സര്‍വ്വയിടവും നാം കയ്യേറി. പുഴ ഞെരുങ്ങിയൊഴുകി. അവള്‍ മലിനമാക്കപ്പെട്ടു. ജീവവാഹികളായിരുന്ന അവയില്‍ വിഷമൊഴുകാന്‍ തുടങ്ങി.

പൂര്‍വ്വികര്‍ ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ നമ്മെയേല്‍പ്പിച്ചു കടന്നു പോയ മണ്ണില്‍ അതിമാരക രാസപദാര്‍ത്ഥങ്ങള്‍ കൊണ്ട് നാം അഭിഷേകമാടി. ഉത്പാദനോന്മുഖ വികസനമെന്ന് വിളിച്ച് നാം ആ കൊടും ക്രൂരതയെ പൊന്നാട ചാര്‍ത്തി. വിരുന്നു വന്ന വിഷക്കമ്പനികള്‍ക്കെല്ലാം നാം നമ്മുടെ മണ്ണു തീറെഴുതി. പകരം കാന്‍സര്‍ പോലെയുള്ള മഹാമാരികള്‍ പ്രതിഫലമായി പറ്റി.

മലയാള മണ്ണിന്റെ ജീവനാഡിയായിരുന്ന, മലയാളിയുടേതു മാത്രമായിരുന്ന മുല്ലപ്പെരിയാറിനെ 'പുറകോട്ടൊഴുക്കി'! (ഓര്‍ക്കുക, എത്രവലിയ വെല്ലുവിളിയാണ് നാം പ്രകൃതിയോടുയര്‍ത്തിയതെന്ന്.) കൗരവസഭയില്‍ പാഞ്ചാലിയെയെന്ന പോലെ തമിഴകത്തിന്റെ ധാര്‍ഷ്ട്യത്തിനു മുന്‍പില്‍ നക്കാപ്പിച്ചയ്ക്കു വേണ്ടി അവളെ പണയം വച്ചു ചൂതാടി. അവളുടെ ഒരു തുള്ളി വെള്ളത്തിനു പോലും, അവളുടെ മക്കള്‍ക്ക് - മലയാളികള്‍ക്ക്- അവകാശം നിഷേധിച്ചു. അപ്പുറത്തു സമൃദ്ധി നിറഞ്ഞപ്പോള്‍, ഇപ്പുറം ഭീതിയുടെ കാണാക്കയങ്ങള്‍ കണ്ടു. 

നീതിക്കു വേണ്ടി കൊതിച്ച ജനങ്ങള്‍ക്കു വേണ്ടി പരമോന്നത നീതിപീഠത്തിനു മുന്‍പില്‍ പോലും, നാം തിരഞ്ഞെടുത്ത നമ്മുടെ സര്‍ക്കാരുകള്‍ പൊറാട്ടു നാടകം കളിച്ചു. വസ്തുതകള്‍ പറയാതെയിരുന്നു. അസത്യവാദങ്ങളെ എതിര്‍ക്കാതെയിരുന്നു. പ്രപഞ്ചസ്പന്ദങ്ങളെ, കാറ്റിനെ, കടലിനെ, പുഴയെ, സമയത്തെ, കാലത്തെ, പ്രകൃതിയെയൊക്കെ പിടിച്ചു നിര്‍ത്താമെന്നും വരുതിയിലാക്കാമെന്നും വ്യാമോഹിച്ച മനുഷ്യന്റെ പതനമാണ് നാമിവിടെ കണ്ടത്.

അതേ, സംഭവിച്ചതിനേക്കുറിച്ചല്ല, ഇനി സംഭവിക്കേണ്ടതിനേക്കുറിച്ചാണ് നാമിവിടെ ചിന്തിക്കേണ്ടത്. പ്രകൃതിയുടെ തനതു വ്യവസ്ഥകളില്‍ നിന്നും മനുഷ്യന്‍ എന്തൊക്കെ പിടിച്ചു വാങ്ങിയോ, അവളില്‍ എന്തൊക്കെ കൃത്രിമത്വം അവന്‍ കാട്ടിയോ അവയെല്ലാം ഏതാനും മണിക്കൂറുകള്‍ കൊണ്ട് അവള്‍ പഴയ പടിയാക്കിയിട്ടുണ്ട്. അടച്ചു കെട്ടിയ ജലവഴികള്‍ അവള്‍ സ്വയം തുറന്നു. അവളിലേല്‍പ്പിച്ച സര്‍വ്വം വിധമായ മുറിവുകള്‍ക്കും അവള്‍ സ്വയം മരുന്നായി മാറി.

ഏതാണ്ട് അര നൂറ്റാണ്ടെങ്കിലുമായിട്ടുണ്ട് കാര്‍ഷിക മേഖലയെ കൊടും വിഷങ്ങളും, രാസവസ്തുക്കളും അടക്കി ഭരിക്കാന്‍ തുടങ്ങിയിട്ട്. മണ്ണിന്റെ ജൈവസമ്പുഷ്ടി വീണ്ടെടുക്കാനാവാത്ത വിധം തുടച്ചു മാറ്റപ്പെട്ടിരുന്നു. തുടര്‍ന്നങ്ങോട്ട് കൃഷി ചെയ്യണമെങ്കില്‍ വീണ്ടും രാസവസ്തുക്കളെ ആശ്രയിച്ചേ മതിയാവൂ എന്ന അവസ്ഥ. മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ ജൈവകൃഷി ഉപേക്ഷിക്കേണ്ടി വന്ന കര്‍ഷകര്‍ നിരവധി. ഇന്നിപ്പോള്‍ ഈ മഹാപ്രളയം ഉടച്ചു വാര്‍ത്തിരിക്കുന്നത് ആ ദൈന്യാവസ്ഥയെയാണ്. മണ്ണില്‍ മനുഷ്യനേല്‍പ്പിച്ച ജീര്‍ണ്ണതയെയാണ്.

സഹ്യസാനുക്കളില്‍ നിന്നും, മലയാളമണ്ണിനെ തഴുകിയും, സംഹാരതാണ്ഡവമാടിയും, ഗര്‍ജ്ജിച്ചും, അട്ടഹസിച്ചും അവളങ്ങ് അറബിക്കടലില്‍ ശാന്തത തിരയുമ്പോള്‍, പ്രളയം കടന്നു പോയ വഴികളിലെല്ലാം എക്കല്‍ നിറഞ്ഞിരിക്കുകയാണ്. പതിറ്റാണ്ടുകളായി നാം നിക്ഷേപിച്ച രാസനിക്ഷേപങ്ങളെല്ലാം അവള്‍ പാടേ തുടച്ചു മാറ്റിയിരിക്കുന്നു. വെള്ളമിറങ്ങി, ഒട്ടൊന്നു ശാന്തമായി കൃഷിയുടെ സാദ്ധ്യതകളിലേക്കു നാം തിരിയുമ്പോള്‍ നമ്മുടെ മണ്ണ് കന്യകാഭാവത്തിലായിരിക്കുമെന്നത് തീര്‍ച്ച. അവളില്‍ യാതൊരു കളങ്കവും അവശേഷിച്ചിട്ടുണ്ടാവില്ല. പ്രകൃതി സ്വയം ഒരു ഓട്ടോമാറ്റിക് ന്യൂട്രലൈസേഷന്‍ പ്രോസസ് ആണ് നടത്തിയിട്ടുള്ളത്.

ഇതൊരു സുവര്‍ണ്ണാവസരമാണ്. പരമ്പരാഗത കാര്‍ഷികരീതിയിലേക്ക് നമുക്ക് മടങ്ങിപ്പോകാനുള്ള അവസരം. രാസവളമോ, കീടനാശിനികളോ മണ്ണിനെ പരിക്കേല്‍പ്പിക്കാതെ തികച്ചും ജൈവകൃഷിയിലൂടെ ലാഭവും, ആരോഗ്യവും നേടാന്‍ പ്രകൃതിയൊരുക്കിത്തന്ന അവസരം. പുഴയൊഴുകിയ വഴികളിലെല്ലാം മണ്ണ് വളക്കൂറുള്ളതായി മാറിക്കഴിഞ്ഞു. അവിടുത്തെ രാസനിക്ഷേപം നിര്‍വ്വീര്യമാക്കപ്പെട്ടു കഴിഞ്ഞു. ഇനിയും അവിടേക്ക് നാം വിഷമൊഴുക്കരുതേ... വരും തലമുറയെ ഓര്‍ക്കാന്‍ ഇനിയെങ്കിലും അമാന്തിക്കരുതേ... മനുഷ്യന്റെ ഇനിയൊരു ധാര്‍ഷ്ട്യം കൂടി അവള്‍ വച്ചു പൊറുപ്പിച്ചെന്നു വരില്ല. പ്രളയാനന്തര കാലഘട്ടം പ്രത്യാശയുടേതും, നന്മയുടേതുമാവട്ടെ. നന്മ വിതച്ച് നന്മ കൊയ്യാം നമുക്ക്.

കാവാലം ജയകൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.