സമൂഹമാധ്യമങ്ങള്‍ സമൂഹവിരുദ്ധമോ?

Tuesday 4 September 2018 3:01 am IST

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ ആള്‍ക്കൂട്ടം കെട്ടിയിട്ടുമര്‍ദ്ദിച്ച യുവാവ് തൂങ്ങിമരിച്ച പത്രവാര്‍ത്ത വായിച്ചു! സമൂഹമാധ്യമങ്ങളില്‍ അപമാനിക്കപ്പെട്ടതിന്റെ മനോദുഖത്തിലണത്രേ യുവാവിന്റെ ആത്മഹത്യ! സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസ്സെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതും കണ്ടു. ചിലതുകുറിക്കട്ടെ, സമൂഹമാധ്യമങ്ങളുടെ ലക്ഷ്യമെന്ത്? സത്യസന്ധമായ വിവരങ്ങള്‍ സമൂഹത്തെ അറിയിക്കുകയല്ലേ ലക്ഷ്യം? എന്നാല്‍ പലവിവരങ്ങളും തെറ്റും ആശങ്കപ്പെടുത്തുന്നതുമാണ്! സംസ്ഥാനത്ത് വാട്‌സാപ്പ് ഹര്‍ത്താല്‍വരെ നടത്തുന്ന സ്ഥിതിയായി! ഫെയ്‌സ്ബുക്കില്‍ തെറിയഭിഷേകമാണ്! പ്രതികരണവും വിയോജിപ്പുകളും മാന്യത പുലര്‍ത്തുന്നുണ്ടോ? സമൂഹമാധ്യമങ്ങളില്‍ സജീവമായുള്ളവര്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്. പ്രതികരണങ്ങള്‍ പോര്‍വിളികളാകരുത്. നവമാധ്യമങ്ങള്‍ ആരുടേയും ജീവന്‍ നഷ്ടപ്പെടുത്താനുള്ള വേദിയാക്കരുത്. സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണത്തിന് ഉപയോഗിക്കുന്നത് ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യത്തിനാണ്. അത് വ്യക്തിപരമായി ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഗൗനിക്കപ്പെടുന്നില്ല. 

നമ്മുടെ ഓണ്‍ലൈന്‍ സംസ്‌കാരം നന്മകളെ മറന്ന് ക്രൂരസാധ്യത തേടുകയാണോ. മനുഷ്യത്വം പാടേ മറക്കുകയാണോ. എല്ലാവരും അങ്ങനെയാണെന്ന പൊതുധാരണ വേണ്ട. നന്മയുടെ നറുവെട്ടം സമൂഹമാധ്യമങ്ങല്‍ലൂടെ പ്രചരിപ്പിച്ചതിന്റെ എത്ര ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് കൂട്ടായി, കൂട്ടുകാര്‍ക്ക് വീടുണ്ടാക്കാന്‍, ആരോഗ്യസംരക്ഷണത്തിന്, രക്തദാനത്തിന്, നിര്‍ധനരുടെ വിവാഹത്തിന് സഹായമെത്തിക്കാന്‍ തുടങ്ങിയ നന്മയുടെ കൈത്താങ്ങായി സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നവരാണ് ഏറെയും. ഇവരെ നമുക്ക് അഭിനന്ദിക്കാം, പ്രോത്സാഹിപ്പിക്കാം. ദുരുപയോഗം ചെയ്യുന്നവരെ ഒറ്റപ്പെടുത്താം.

ജനനന്മയ്ക്കായി ഉപയോഗപ്പെടുത്താവുന്ന നവമാധ്യമങ്ങളെ വ്യാജപ്രചരണത്തിനും മതനിന്ദയ്ക്കും വ്യക്തിഹത്യക്കും ദുരുപയോഗം ചെയ്യുന്നവരെ കരുതിയിരിക്കുക.

ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.