പടിക്കൽ കലമുടച്ച്

Tuesday 4 September 2018 3:05 am IST

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത് വിജയത്തിന്റെ പടിക്കല്‍വച്ച്. രണ്ടാം ഇന്നിങ്‌സില്‍ ജയിക്കാന്‍ 245 റണ്‍സ് മാത്രം മതിയായിരുന്ന ടീം ഇന്ത്യ 184 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ ഇംഗ്ലണ്ടിന് 60 റണ്‍സിന്റെ ജയം സ്വന്തമായി. ഒപ്പം അഞ്ച് ടെസ്റ്റുകളുടെ പരമ്പര 3-1നും സ്വന്തമാക്കി. സ്‌കോര്‍: ഇംഗ്ലണ്ട്: 246, 271, ഇന്ത്യ: 273, 184.

മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ ദയനീയ പരാജയമാണ് ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണം. പരമ്പരയിലുടനീളം ദയനീയ പ്രകടനം നടത്തുന്ന ഇന്ത്യന്‍ ഓപ്പണര്‍മാരുള്‍പ്പെടെ എല്ലാവരും തോല്‍വിക്ക് അര്‍ഹരാണ്. ഒരു ഘട്ടത്തില്‍ മൂന്നിന് 123 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ 184ന് ഓള്‍ ഔട്ടായത്. രണ്ടാം ഇന്നിങ്‌സില്‍ അര്‍ദ്ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കോഹ്‌ലിയും അജിന്‍ക്യ രഹാനെയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. 58 റണ്‍സെടുത്ത കോഹ്‌ലിയാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ നിരയിലെ ടോപ്‌സ്‌കോറര്‍. രഹാനെ 51 റണ്‍സുമെടുത്തു. 25 റണ്‍സെടുത്ത അശ്വിനാണ് പിന്നീട് അല്പമെങ്കിലും ഇംഗ്ലീഷ് ബൗളര്‍മാരെ ചെറുത്തുനിന്നത്. നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും ചേര്‍ന്ന് 101 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ കൂട്ടുകെട്ട് പിരിഞ്ഞശേഷം ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. പിന്നീട് വെറും 61 റണ്‍സിനിടെ ആറു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യ കപ്പിനും ചുണ്ടിനും ഇടയ്ക്കാണ് മത്സരം നഷ്ടമാക്കിയത്.

കോഹ്‌ലിയും രഹാനെയും ഒഴിച്ചുള്ള മുന്‍നിര ബാറ്റ്‌സ്മാന്മാരെല്ലാം ദയനീയമായി പരാജയപ്പെട്ടു. അതില്‍ എടുത്തു പറയേണ്ടതാണ് ഓപ്പണര്‍മാരായ ലോകേഷ് രാഹുലിന്റെയും ധവാന്റെയും പ്രകടനം. ഇംഗ്ലണ്ടില്‍ കളിച്ച എട്ട് ഇന്നിങ്ങ്‌സുകളില്‍ നിന്ന് 113 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. 4, 13, 8, 10, 23, 36, 19, 0 എന്നിങ്ങനെയാണ് രാഹുലിന്റെ ഇംഗ്ലണ്ടിലെ സ്‌കോറുകള്‍. ഒരു അര്‍ദ്ധസെഞ്ചുറി പോലും ഇംഗ്ലണ്ടില്‍ കണ്ടെത്താന്‍ കഴിയാതിരുന്ന രാഹുലിന്റെ ഉയര്‍ന്ന സ്‌കോര്‍ 36 റണ്‍സാണ്.

ആദ്യ ഇന്നിങ്ങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ മോയിന്‍ അലിയാണ് രണ്ടാം ഇന്നിങ്ങ്‌സിലും നാല് വിക്കറ്റുകള്‍ പിഴുത് ഇന്ത്യയെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കുന്നതില്‍ ഏറ്റവും മികച്ചവരെന്ന് അഭിമാനിച്ചിരുന്ന ടീം ഇന്ത്യയുടെ ദൗര്‍ബല്യങ്ങള്‍ മുഴുവന്‍ മോയിന്‍ അലി മുതലെടുക്കുകയായിരുന്നു. രണ്ടിന്നിങ്‌സിലുമായി 9 വിക്കറ്റുകള്‍ പിഴുത അലിയാണ് മത്സരത്തിലെ താരമായതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.