ഐസിസി ടെസ്റ്റ് റാങ്കിങ്ങ്; തോറ്റിട്ടും കോഹ്‌ലിയും ഇന്ത്യയും ഒന്നാമത്

Tuesday 4 September 2018 3:07 am IST

ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തോറ്റെങ്കിലും ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വിരാട് കോഹ്‌ലിയും ടീം ഇന്ത്യയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ഇന്ത്യന്‍ നായകന്‍ കോഹ്‌ലി 937 റേറ്റിങ്ങ് പോയിന്റാണ് നേടിയത്. കോഹ്‌ലിയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങ് പോയിന്റാണിത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ കോഹ്‌ലി ആദ്യ ഇന്നിങ്ങ്‌സില്‍ 48 ഉം രണ്ടാം ഇന്നിങ്ങ്‌സില്‍ 58 ഉം റണ്‍സും നേടിയിരുന്നു. 929 പോയിന്റുമായി ഓസീസ് താരം സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്ത്. ന്യൂസിലാന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ 847 പോയിന്റുമായി മൂന്നാം സ്ഥാനത്തും 820 പോയിന്റുമായി ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ നാലാം സ്ഥാനത്തും നില്‍ക്കുന്നു. നാലാം ടെസ്റ്റിലെ സെഞ്ചുറി പ്രകടനത്തോടെ ചേതേശ്വര്‍ പൂജാര ആറാം സ്ഥാനം നിലനിര്‍ത്തി. പതിനെട്ടാം സ്ഥാനത്തുള്ള അജിന്‍ക്യാ രഹാനെയാണ് ആദ്യ ഇരുപതില്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ താരം.

ബൗളര്‍മാരുടെ പട്ടികയില്‍ 896 പോയിന്റുമായി ഇംഗ്ലീഷ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഒന്നാമതും 882 പോയിന്റുമായി ദക്ഷിണാഫ്രിക്കയുടെ റബാദ രണ്ടാമതും 832 പോയിന്റുമായി ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ മൂന്നാമതും നില്‍ക്കുന്നു. എട്ടാമതുള്ള അശ്വിനാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ താരം. നാലാം ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമി മൂന്ന് സ്ഥാനങ്ങള്‍ മുന്നേറി 19-ാം സ്ഥാനത്തെത്തി.

ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയ ഓള്‍ റൗണ്ടര്‍ സാം കറനും റാങ്കിങ്ങില്‍ വലിയ കുതിപ്പ് നടത്തി. ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ 29 സ്ഥാനം മെച്ചപ്പെടുത്തിയ കറന്‍ 43-ാം സ്ഥാനത്തെത്തി. ബൗളര്‍മാരുടെ പട്ടികയില്‍ 11 സ്ഥാനങ്ങള്‍ കയറിയ കറന്‍ 55-ാം സ്ഥാനത്താണ്. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ 27 സ്ഥാനം മെച്ചപ്പെടുത്തി പതിനഞ്ചാമതെത്താനും കറനായി.

ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ അവസരം ലഭിക്കാതിരുന്ന രവീന്ദ്ര ജഡേജ ഒരു സ്ഥാനം താഴേക്കിറിങ്ങി മൂന്നാമതായി. അശ്വിന്‍ ഒരു സ്ഥാനംതാഴോട്ടിറങ്ങി അഞ്ചാമതായി. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സനും ദക്ഷിണാഫ്രിക്കയുടെ ഫിലാന്‍ഡറുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

ടെസ്റ്റ് പരമ്പര കൈവിട്ടെങ്കിലും 125 പോയിന്റുമായി ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 1ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. ഓസ്‌ട്രേലിയ മൂന്നും ന്യൂസിലാന്‍ഡ് നാലും സ്ഥാനത്തെത്തിയപ്പോള്‍ ഇന്ത്യക്കെതിരായ പരമ്പര ജയിച്ച ഇംഗ്ലണ്ട് അഞ്ചാമതാണ്.

റെക്കോഡുകളുടെ കൂട്ടുകാരനായി കോഹ്‌ലി

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട്‌കോഹ്‌ലി റെക്കോഡുകള്‍ സ്വന്തമാക്കി കുതിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റനായി 4000 റണ്‍സ് തികച്ച ആദ്യ ഇന്ത്യന്‍ നായകനായി കോഹ്‌ലി. മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ പേരിലുള്ള റെക്കോഡാണ് കോഹ്‌ലി മറികടന്നത്. ധോണി ക്യാപ്റ്റനെന്ന നിലയില്‍ 3454 റണ്‍സാണ് നേടിയിരുന്നത്.

അതേസമയം, ഇംഗ്ലണ്ടിലേക്കു വരുമ്പോള്‍ ക്യാപ്റ്റനെ നിലയില്‍ 4,000 റണ്‍സ് പിന്നിടാന്‍ കോഹ്‌ലിക്കു വേണ്ടിയിരുന്നത് 544 റണ്‍സായിരുന്നു. നാലു ടെസ്റ്റിനുള്ളില്‍ത്തന്നെ കോഹ്‌ലി ഈ നാഴികക്കല്ല് പിന്നിട്ടു. 68.00 റണ്‍സ് ശരാശരിയില്‍ രണ്ടു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെയാണ് കോഹ്‌ലി ഇംഗ്ലണ്ടില്‍ 500 റണ്‍സ് പിന്നിട്ടത്.

ക്യാപ്റ്റനെന്ന നിലയില്‍ 3449 റണ്‍സ് നേടിയിട്ടുള്ള സുനില്‍ ഗവാസ്‌കറാണ് കോഹ്‌ലിക്കും ധോണിക്കും പിന്നിലുള്ളത്. ഇതിനുപുറമെ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ 1500 റണ്‍സ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരവുമായി കോഹ്‌ലി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (2535), സുനില്‍ ഗവാസ്‌കര്‍ (2483), രാഹുല്‍ ദ്രാവിഡ് (1950), ഗുണ്ടപ്പ വിശ്വനാഥ് (1589), ദിലീപ് വെംസര്‍ക്കാര്‍ (1589) എന്നിവരാണ് കോഹ്‌ലിക്ക് പുറമെ ഇംഗ്ലണ്ടിനെതിരെ 1500 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ള മറ്റ് ബാറ്റ്‌സ്മാന്‍മാര്‍.

രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 4,000 ടെസ്റ്റ് റണ്‍സ് തികയ്ക്കുന്ന ക്യാപ്റ്റനായും കോഹ്‌ലി മാറി. സാക്ഷാല്‍ ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡാണ് കോഹ്‌ലിക്കു മുന്നില്‍ തകര്‍ന്നത്. 39 ടെസ്റ്റുകളില്‍നിന്നാണ് കോഹ്‌ലി 4,000 റണ്‍സ് പിന്നിട്ടത്. ലാറ 40 ടെസ്റ്റുകളെടുത്തു 4,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.