യുണൈറ്റഡിനും ആഴ്സണലിനും ജയം

Tuesday 4 September 2018 3:08 am IST

ലണ്ടന്‍: തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കുശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയവഴിയില്‍. ബേണ്‍ലിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കീഴടക്കിയത്. 71-ാം മിനിറ്റില്‍ യുണൈറ്റഡിന്റെ റാഷ്‌ഫോര്‍ഡ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ മത്സരത്തില്‍ രണ്ട് ഗോളുകളും നേടിയത് റൊമേലു ലുകാകു. മത്സരത്തിനിടെ പോള്‍ പോഗ്ബ പെനാല്‍റ്റിയും നഷ്ടപ്പെടുത്തി.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആക്രമണത്തിന് മുന്‍തൂക്കം നല്‍കിയാണ് കളത്തിലെത്തിയത്. സാഞ്ചസ്-ലുകാകു-ലിങ്ഗാര്‍ഡ് ത്രയം ബേണ്‍ലി പ്രതിരോധത്തെ കൡയുടെ തുടക്കം മുതല്‍ വിറപ്പിച്ചു. ലിങ്ഗാര്‍ഡും ലൂക്ക് ഷോയും തുടക്കത്തില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെങ്കിലും 27-ാം മിനിറ്റില്‍ അവര്‍ ലീഡ് നേടി. സാഞ്ചസ് ബോക്‌സിലേക്ക് നല്‍കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ലുകാകു യുണൈറ്റഡിനെ മുന്നിലെത്തിച്ചു. പിന്നീട് ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് ലുകാകു അനായാസം ലക്ഷ്യം കണ്ട് യുണൈറ്റഡിന്റെ ലീഡ് ഉയര്‍ത്തി. ഇതോടെ ആദ്യപകുതിയിയില്‍ യുണൈറ്റഡ് 2-0ന് മുന്നില്‍. ആദ്യപകുതിയില്‍ ബേണ്‍ലിക്ക് കാര്യമായി യുണൈറ്റഡ് പ്രതിരോധത്തെ പരീക്ഷിക്കാനായില്ല.

രണ്ടാം പകുതിയിലും യുണൈറ്റഡിന്റെ ആധിപത്യമായിരുന്നു. മികച്ച അവസരങ്ങള്‍ സാഞ്ചസും ലൂക്ക് ഷോയും നഷ്ടമാക്കിയതിനു പിന്നാലെ 68-ാം മിനിറ്റില്‍ അവര്‍ക്ക് അനുകൂലമായി പെനാല്‍റ്റിയും ലഭിച്ചു. റാഷ്‌ഫോര്‍ഡിനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. എന്നാല്‍ പോള്‍ പോഗ്ബയുടെ കിക്ക് ബേണ്‍ലി ഗോളി രക്ഷപ്പെടുത്തി. മൂന്നുമിനിറ്റിനുശേഷം ബേണ്‍ലി ഡിഫന്‍ഡര്‍ ബാര്‍ഡ്സ്ലിയുടെ തലയ്ക്ക് തലകൊണ്ട് മുട്ടിയതിന് റാഷ്‌ഫോര്‍ഡിന് ചുവപ്പ് കാര്‍ഡും ലഭിച്ചു. അതിനു ശേഷം ഇരുപതോളം മിനുട്ട് യുണൈറ്റഡ് 10 പേരുമായാണ് കളിച്ചത്. വിജയിച്ചെങ്കിലും നാല് കളികളില്‍ നിന്ന് രണ്ട് ജയത്തോടെ ആറ് പോയിന്റുമായി യുണൈറ്റഡ് പത്താം സ്ഥാനത്ത് തുടരുകയാണ്.

മറ്റൊരു മത്സരത്തില്‍ ആഴ്‌സണലും വിജയിച്ചു. എവേ മത്സരത്തില്‍ കാര്‍ഡിഫ് സിറ്റിയെയാണ് ആഴ്‌സണല്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയത്. ആഴ്‌സണലിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ആഴ്‌സണല്‍ 11-ാം മിനിറ്റില്‍ ലീഡ് നേടി. ഷാക്ക എടുത്ത കോര്‍ണര്‍ നല്ലൊരു ഹെഡറിലൂടെ മുസ്താഫി വലയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ആദ്യപകുതിയുടെ പരിക്കുസമയത്ത് അപ്രതീക്ഷിത നീക്കത്തിലൂടെ കാര്‍ഡിഫ് സമനില പിടിച്ചു. വിക്ടര്‍ കമാരസയാണ് സമനില ഗോള്‍ നേടിയത്.

പിന്നീട് 62-ാം മിനിറ്റില്‍ ഒബാമയങ്ങ് ആഴ്‌സണലിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ ആ ഗോളിലും കാര്‍ഡിഫ് തകര്‍ന്നില്ല. എട്ട് മിനിറ്റിനുള്ളില്‍ ഡാനി വാര്‍ഡിന്റെ നല്ലൊരു ഹെഡ്ഡര്‍ അവര്‍ക്ക് വീണ്ടും സമനില നേടിക്കൊടുത്തു. എന്നാല്‍ 81-ാംമിനിറ്റില്‍ ലകാസെറ്റയുടെ ഗോളില്‍ ആഴ്‌സണല്‍ വിജയം പിടിച്ചെടുത്തു. അതേസമയം മറ്റൊരു മത്സരത്തില്‍ ടോട്ടനം തോല്‍വി ഏറ്റുവാങ്ങി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വാറ്റ്‌ഫോര്‍ഡാണ് ടോട്ടനത്തെ അട്ടിമറിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.