ഹ്യുയസ്കയെ ഗോളിൽ മുക്കി ബാഴ്സ

Tuesday 4 September 2018 3:07 am IST

ബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ വിജയം. സൂപ്പര്‍ താരങ്ങളായ മെസ്സിയും സുവാരസും ഇരട്ട ഗോള്‍ കണ്ടെത്തിയ കളിയില്‍ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് ബാഴ്‌സ ലീഗിലെ കുഞ്ഞന്മാരായ ഹ്യുയസ്‌കയെ തകര്‍ത്തു. ഇതോടെ ഗോള്‍ ശരാശരിയില്‍ റയല്‍ മാഡ്രിഡിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും ബാഴ്‌സയ്ക്കായി.

രണ്ടാം ഡിവിഷനില്‍ നിന്ന് ഇത്തവണ ലാ ലിഗയില്‍ പ്രൊമോഷന്‍ കിട്ടിയെത്തിയ ടീമാണ് ഹ്യുയസ്‌ക. കളിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി ബാഴ്‌സയെ ഞെട്ടിക്കാനും അവര്‍ക്കായി. മൂന്നാം മിനിറ്റില്‍ ഹെര്‍ണാണ്ടസിലൂടെയാണ് ഹ്യുയസ്‌ക ലീഡ് നേടിയത്. എന്നാല്‍ 16-ാം മിനിറ്റില്‍ മെസ്സിയിലൂടെ സമനില പിടിച്ചു. 24-ാം മിനിറ്റില്‍ ജോര്‍ജ് പുലീഡോ സ്വന്തം വലയില്‍ പന്തെത്തിച്ച് ബാഴ്‌സയ്ക്ക് ലീഡും സമ്മാനിച്ചു. ഇതോടെ കളി ബാഴ്‌സയുടെ കൈപ്പിടിയിലായി. 39-ാം മിനിറ്റില്‍ സുവാരസും ലക്ഷ്യം കണ്ടതോടെ ബാഴ്‌സ 3-1ന് മുന്നില്‍. എന്നാല്‍ 42-ാം മിനിറ്റില്‍ അലക്‌സ് ഗാലറിയിലൂടെ ഹ്യുയസ്‌ക ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും പിന്നീട് ബാഴ്‌സ ഗോള്‍ മഴയില്‍ അവര്‍ ഒലിച്ചുപോയി. ആദ്യപകുതി അവസാനിക്കുമ്പോള്‍ ബാഴ്‌സ 3-2ന് മുന്നിട്ടുനിന്നു. 

രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റായപ്പോള്‍ ബാഴ്‌സ നാലാം ഗോള്‍ നേടി. ഇത്തവണ ഡെംബലെയായിരുന്നു സ്‌കോറര്‍. പിന്നീട് 52-ാം മിനിറ്റില്‍ ഇവാന്‍ റാക്കിട്ടിച്ചും 61-ാം മിനിറ്റില്‍ ലയണല്‍ മെസ്സിയും 81-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയും പരിക്കുസമയത്ത് പെനാല്‍റ്റിയിലൂടെ ലൂയി സുവാരസും ലക്ഷ്യം കണ്ടതോടെ ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ണമായി. മൂന്ന് മത്സരങ്ങള്‍ കളിച്ച ഹ്യുയസ്‌കയുടെ ആദ്യ തോല്‍വിയാണിത്. 

മത്സരത്തിനിടെ മറ്റൊരു റെക്കോഡുകൂടി മെസ്സി സ്വന്തമാക്കി. ലാ ലിഗ ചരിത്രത്തിലെ അപൂര്‍വ റെക്കോഡാണ് മെസി ഇത്തവണ സ്വന്തം പേരിലാക്കിയത്. രണ്ട് ഗോളുകള്‍ നേടിയ മെസി രണ്ട് അസിസ്റ്റുകളും സ്വന്തമാക്കി. ഇതില്‍ ഒരു അസിസ്റ്റ് നല്‍കിയപ്പോഴാണ് മെസിയെ തേടി റെക്കോഡെത്തിയത്. ആദ്യ അസിസ്‌റ്റോടെ ലാ ലിഗയുടെ ആധുനിക യുഗത്തില്‍ 150 അസിസ്റ്റുകള്‍ നല്‍കുന്ന ആദ്യതാരമായി മെസി. 

മറ്റൊരു റെക്കോഡ് കൂടി താരം സ്വന്തമാക്കി. ലാ ലിഗയിലെ വ്യത്യസ്തമായ 37 ടീമുകള്‍ക്കെതിരേ ഗോള്‍ നേടുന്ന ആദ്യതാരമായി മെസി.ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ഡിപോര്‍ട്ടീവോ അലാവസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എസ്പാനിയോളിനെയും റയല്‍ ബെറ്റിസ് ഏകപക്ഷീയമായ ഒരു ഗോളിന് സെവിയയെയും പരാജയപ്പെടുത്തിയപ്പോള്‍ ലെവന്റെ-വലന്‍സിയ കൡ 2-2ന് സമനിലയില്‍ പിരിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.