അതിതീവ്രമഴയുടെ മുന്നറിയിപ്പ് നൽകിയത് സൂപ്പർ കമ്പ്യൂട്ടർ

Tuesday 4 September 2018 3:08 am IST

തിരുവനന്തപുരം: കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ സൂപ്പര്‍ കമ്പ്യൂട്ടര്‍ നല്‍കിയ വിവരങ്ങള്‍ പോലും  ദുരന്തനിവാരണ അതോറിറ്റി ചെവിക്കൊണ്ടില്ല. അതിതീവ്ര മഴയുടേതടക്കം എല്ലാ വിവരങ്ങളും റെഡ് അലര്‍ട്ടും സഹിതമാണ് മൂന്ന് മണിക്കൂര്‍ ഇടവിട്ട് ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിറ്റിക്കും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയത്.

സൂപ്പര്‍ കമ്പ്യൂട്ടര്‍, ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍, സാറ്റലൈറ്റ്, റഡാര്‍ തുടങ്ങി നിരവധി മാര്‍ഗങ്ങളിലൂടെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാലാവസ്ഥാ പ്രവചനം നടത്തുന്നത്. അതില്‍ ഏറ്റവും കൃത്യതയുള്ളതാണ് സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള നിരീക്ഷണം. 'മാത്തമാറ്റിക്കല്‍ ഡൈനാമിക്കല്‍ മോഡല്‍' പ്രകാരം കണക്കുകൂട്ടലുകളിലൂടെയാണ് കാലാവസ്ഥ പ്രവചിക്കുന്നത്. കളര്‍ കോഡോടുകൂടിയ ഗ്രാഫിക്കല്‍ ചിത്രങ്ങളടക്കം ആണ് അറിയിപ്പുകള്‍ നല്‍കുന്നത്. ഓരോ മൂന്നുമണിക്കൂറിലും ഇത് ലഭിക്കും. മൂന്ന് സ്‌ക്വയര്‍ കിലോമീറ്റര്‍ പരിധിയിലെ കാര്യങ്ങള്‍ വരെ കൃത്യമായി നല്‍കാനാകും. അഞ്ച് ദിവസം മുന്നേയുള്ള വിവരങ്ങള്‍ വരെ  സൂപ്പര്‍ കമ്പ്യൂട്ടര്‍ വഴി ലഭിക്കും. ഇതനുസരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കൃത്യമായി ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിറ്റിക്കും കൈമാറിയിരുന്നു. 

 മഴ ശക്തമാകുമെന്നതിനാല്‍ ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചതും സൂപ്പര്‍ കമ്പ്യൂട്ടറിലൂടെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നിട്ടും ദുരന്തനിവാരണ അതോറിറ്റി ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചിരുന്നില്ല. ഈ വിവരങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പത്രക്കുറിപ്പ് ഇറക്കി. ഇതിന് പിന്നാലെ റഡാറുകള്‍ കേടുവന്നതിനാല്‍ കൃത്യമായ വിവരം ലഭിച്ചിരുന്നില്ലെന്ന പുത്തന്‍ വാദവുമായാണ് ദുരന്തനിവാരണ അതോറിറ്റി രംഗത്തെത്തിയിരിക്കുന്നത്. 

എന്നാല്‍ റഡാറിനേക്കാള്‍ കൃത്യമായ വിവരം നല്‍കുന്ന സൂപ്പര്‍ കമ്പ്യൂട്ടറിന്റെ നിഗമനങ്ങള്‍ ആണ് കഴിഞ്ഞ ഏതാനും വര്‍ഷമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. റഡാറില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നതിന് പരിമിതികളുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പ് ലഭ്യമായ ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് റഡാര്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നത്. രണ്ട് റഡാറുകളില്‍ ഒരെണ്ണം ഐഎസ്ആര്‍ഒയുടേതാണ്. ഇതിന്റെ സഹായം എപ്പോഴും ലഭ്യവുമല്ല. മാത്രമല്ല ഏത് ഉപകരണത്തിലൂടെയുള്ള നിരീക്ഷണമാണ് നടത്തേണ്ടതെന്ന് തീരുമാനിക്കുന്നത് ദുരന്ത നിവാരണ അതോറിറ്റി അല്ലെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. 

കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്ന് ഭൗമശാസ്ത്ര മന്ത്രാലയം നൽകിയിരുന്നു

ന്യൂദല്‍ഹി: കേരളത്തില്‍ ഇക്കഴിഞ്ഞ  ആഗസ്റ്റില്‍  കനത്ത മഴയുണ്ടാകുമെന്ന് കൃത്യമായ  മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയവും അറിയിച്ചു.   കേന്ദ്ര കാലാവസ്ഥ  (ഐ.എം.ഡി.) വകുപ്പിന്റെ  തിരുവനന്തപുരം ഓഫീസ് വഴിയാണ്  മുന്നറിയിപ്പ് നല്‍കിയത്.  ദിവസവും മുന്നറിയിപ്പുകള്‍ വെബ്‌സൈറ്റായ www.imdt vm.gov.inല്‍ അപ്‌ലോഡ് ചെയ്തിരുന്നു. 

സൈറ്റില്‍ നല്‍കി,  എസ്എം എസ് അയച്ചു

ജില്ല തിരിച്ചുള്ള മഴയുടെ സാധ്യതയും, ഏറ്റവും പുതിയ മുന്നറിയിപ്പുകളും ദിവസം മൂന്ന് തവണയാണ് സൈറ്റില്‍ നല്‍കുക.  കൂടാതെ ഡോപ്ലര്‍ കാലാവസ്ഥ വിവരങ്ങള്‍,   മൂന്ന് മണിക്കൂര്‍  വരെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളായ നൗകാസ്റ്റുകള്‍ എന്നിവ നല്‍കി. കൂടാതെ  എസ്.എം.എസ്. മുഖേന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, സ്‌റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍, ജില്ലാ കളക്ടര്‍മാര്‍ മുതലായവരെയും  അറിയിച്ചിരുന്നു. ഓരോ അഞ്ച് ദിവസത്തേയ്ക്കും തുടര്‍ന്നുള്ള അഞ്ച് ദിവസത്തേയ്ക്കുമുള്ള കനത്ത മഴ, കാറ്റ് എന്നിവയെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി (റവന്യൂ ആന്‍ഡ് ദുരന്ത നിവാരണം),  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, നാവിക സേന, അച്ചടി ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ മുതലായവര്‍ക്ക് ഇമെയിലിലും അയക്കാറുണ്ട്.

ആഗസ്റ്റ് ഒമ്പതിന് മുഖ്യമന്ത്രി വിളിച്ച  ഉദ്യോഗസ്ഥരുടെയോഗത്തില്‍ രൂക്ഷമായ മണ്‍സൂണ്‍ സാഹചര്യവും കനത്ത മഴയ്ക്കുള്ള സാധ്യതയും ധരിപ്പിച്ചിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറിയെ (റവന്യൂ ആന്‍ഡ് ദുരന്ത നിവാരണം) ഫോണിലൂടെ നേരിട്ട് അറിയിച്ചിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറിയെ ആഗസ്റ്റ് 10 നും, തിരുവനന്തപുരം, കൊല്ലം ജില്ലാ കളക്ടര്‍മാരെ ആഗസ്റ്റ് 14 നും ധരിപ്പിച്ചിരുന്നു. 

രണ്ട് ആഴ്ച മുന്‍കൂറായി മുന്നറിയിപ്പ്

2018 ആഗസ്റ്റ് 08 ന് പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ 9 മുതല്‍ 15 വരെ  സാധാരണയില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി.  ആഗസ്റ്റ് ഒമ്പതിന് പുറപ്പെടുവിച്ച പത്രക്കുറിപ്പിലും ഇതുണ്ടായിരുന്നു.  13 മുതല്‍ സംസ്ഥാനത്ത് വ്യാപകമായി മഴയുണ്ടാകുമെന്നും, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചു. ഈ പത്രക്കുറിപ്പുകള്‍ വിവിധ  ചീഫ് സെക്രട്ടറിമാര്‍ക്ക്  ഇമെയില്‍ ആയി അയച്ചു.  വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.