പമ്പാ മണപ്പുറത്ത് ഇനി സ്ഥിരം നിര്‍മാണങ്ങളില്ല

Tuesday 4 September 2018 2:58 am IST

പത്തനംതിട്ട: പമ്പ മണപ്പുറത്തെയും സമീപ പ്രദേശങ്ങളിലെയും കെട്ടിടങ്ങള്‍ മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മണപ്പുറത്ത് ഇനി സ്ഥിരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് തീര്‍ഥാടകരെ കടത്തിവിടാന്‍  താത്ക്കാലികമായി ഒരുക്കുന്ന സംവിധാനങ്ങളുടെ പുരോഗതി വിലയിരുത്തിയ ശേഷം പമ്പയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പമ്പയിലെ രണ്ട് പാലങ്ങളുടെ മുകളില്‍ അടിഞ്ഞുകൂടിയ മണ്ണ് മാറ്റി അവ  ഉപയോഗയോഗ്യമാക്കി. നദി ഗതിമാറി ഒഴുകിയതിനാല്‍ പമ്പ ഗണപതിക്ഷേത്രത്തിലേക്ക് എത്തുന്നതിന് അയ്യപ്പസേതു പമ്പയില്‍ നിര്‍മിച്ചു. ദേവസ്വം ബോര്‍ഡിന്റെ മുന്നൂറോളം തൊഴിലാളികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നാനൂറോളം പേരുടെ പരിശ്രമത്തിലൂടെയാണ് സന്നിധാനത്തേക്ക് കടന്നുപോകുന്നതിന് അയ്യപ്പസേതുവിലൂടെ താത്ക്കാലിക സംവിധാനം ഒരുക്കാനായത്. അടുത്ത മാസപൂജയ്ക്ക് തീര്‍ഥാടകരെ കടത്തി വിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിവരുന്നത്. 

ഇടത്താവളങ്ങളായ എരുമേലി, നിലയ്ക്കല്‍, വണ്ടിപ്പെരിയാര്‍ എന്നിവ ബേസ് ക്യാമ്പുകളായി കണ്ട് ശബരിമല തീര്‍ഥാടനം സുഗമമാക്കുക എന്നതാണ് ബോര്‍ഡിന്റെ ലക്ഷ്യം. നിലയ്ക്കല്‍വരെ വാഹനങ്ങള്‍ കടത്തിവിട്ട് അവിടെനിന്ന് പമ്പവരെയുള്ള 23 കി.മീ യാത്ര കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് മുഖേനയോ മറ്റ് ഏജന്‍സികള്‍ വഴിയോ ക്രമീകരിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുകയെന്നും പ്രസിഡന്റ് പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.