കര്‍ശന നടപടികളുമായി വനം-പരിസ്ഥിതി മന്ത്രാലയം കേരളത്തില്‍ ക്വാറികള്‍ക്ക് വിലക്ക്

Tuesday 4 September 2018 2:50 am IST

ന്യൂദല്‍ഹി: കേരളത്തിലെ ഖനനങ്ങള്‍ക്കും ക്വാറികള്‍ക്കും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. പശ്ചിമഘട്ട മലനിരകളിലെ ക്വാറികളും ഖനനവുമാണ് പ്രളയത്തിന് പ്രധാന കാരണമായതെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. 

കേരളത്തില്‍ നടക്കുന്ന ഖനനങ്ങളുടെ സമഗ്രവിവരങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് വനം-പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഇനി പുതിയ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ലെന്നും പരിസ്ഥിതി മന്ത്രാലയ വിദഗ്ധ സമിതി വ്യക്തമാക്കി. ഖനനാനുമതിയും ഇനി കേരളത്തിന് ലഭിക്കില്ല. 

ഇരുപത്തഞ്ച് ഹെക്ടറില്‍ താഴെയുള്ള ആറോളം ക്വാറികള്‍ക്ക് അനുമതി തേടി ക്വാറി ഉടമകള്‍ നല്‍കിയ അപേക്ഷ പരിസ്ഥിതി മന്ത്രാലയ വിദഗ്ധ സമിതി തള്ളി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ക്വാറികള്‍ക്കും ഖനനത്തിനും ഇനി അനുമതികള്‍ നല്‍കേണ്ടതില്ലെന്നാണ് ഈ അപേക്ഷകള്‍ തള്ളിയുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പാരിസ്ഥിതിക പ്രത്യാഘാത അതോറിറ്റിയുടെ കാലാവധി അവസാനിച്ചതിനാലാണ് ക്വാറി ഉടമകള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അനുമതിക്കായി സമീപിച്ചത്. 

പ്രളയത്തിന് മുമ്പും ശേഷവും ക്വാറികളുടെ പ്രവര്‍ത്തനാനുമതി തേടി നിരവധി അപേക്ഷകളാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെത്തുന്നതെന്നത് വിചിത്രമാണെന്ന് വിദഗ്ധസമിതി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. അപേക്ഷകളില്‍ സംസ്ഥാന സര്‍ക്കാര്‍ എത്രയെണ്ണത്തിന് അനുമതി നല്‍കിയിട്ടുണ്ട്, എത്ര മേഖലകളില്‍ എത്ര വ്യാപ്തിയിലാണ് കേരളത്തില്‍ ഖനനം നടക്കുന്നത് തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് കേരളം വിശദമായ വിവരങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും വിദഗ്ധ സമിതി കുറ്റപ്പെടുത്തുന്നു. കേരളത്തിലെ ക്വാറി, ഖനന പ്രവര്‍ത്തനങ്ങളെപ്പറ്റി കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം സമഗ്രമായ വിവരങ്ങള്‍ തേടാനാണ് തീരുമാനം.

എസ്. സന്ദീപ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.