ബിഷപ്പിന്റെ പീഡനം: കന്യാസ്ത്രീ കോടതിയിലേക്ക്

Tuesday 4 September 2018 2:58 am IST

കുറവിലങ്ങാട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാനുള്ള പോലീസിന്റെയും സഭയുടെയും ശ്രമങ്ങളൊന്നും ലക്ഷ്യത്തിലെത്തുന്നില്ല. കന്യാസ്ത്രീ തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയും തുടര്‍നടപടികളുമായി മുന്നോട്ടുപോകുകയും ചെയ്തതോടെയാണ് സഭയും പോലീസും വെട്ടിലായിരിക്കുന്നത്.

കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ച് ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് അടുത്ത ആഴ്ച ബിഷപ്പിനെ കോട്ടയത്തേയ്ക്ക് വിളിച്ചുവരുത്താന്‍ പോലീസ് ആലോചിക്കുന്നത്.

ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയശേഷം വെള്ളിയാഴ്ച അഞ്ചുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ പലതവണ പൊട്ടിക്കരഞ്ഞ കന്യാസ്ത്രീ, തനിക്ക് നേരിട്ട ലൈംഗിക വൈകൃതങ്ങള്‍ തുറന്നു പറഞ്ഞു. കോടതിയില്‍ നല്‍കിയ രഹസ്യമൊഴി തന്നെ അന്വേഷണ സംഘത്തിനു മുന്നില്‍ രണ്ടാം തവണയും കന്യാസ്ത്രീ തുറന്നു പറഞ്ഞതോടെ ബിഷപ്പിന്റെ അറസ്റ്റല്ലാതെ പോലീസിനും മറ്റ് മാര്‍ഗങ്ങളില്ലാതെയായി. 

കന്യാസ്ത്രീ പീഡനത്തിന് ഇരയായ മെയ് 15ന് മഠത്തില്‍ എത്തിയിരുന്നില്ലെന്നാണ് ബിഷപ്പ് ഫ്രാങ്കോ പോലീസിന് നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇത് തെറ്റാണെന്ന് കാര്യകാരണ സഹിതം കന്യാസ്ത്രീ നല്‍കിയ മൊഴിയില്‍ വ്യക്തമാകുന്നു. ഇവര്‍ പറഞ്ഞ സാഹചര്യ തെളിവുകളും, ബിഷപ്പിന്റെ ഫോണിന്റെ ടവര്‍ ലൊക്കേഷനും ലഭിച്ചിട്ടുണ്ട്. ബിഷപ്പ് മഠത്തില്‍ എത്തിയതിന് മഠത്തിലെ രേഖകളും വാഹന രജിസ്റ്ററും മഠത്തില്‍നിന്ന് ചെയ്ത ഫോണ്‍ കോളുകളും തെളിവാകും. 

പീഡനം സംബന്ധിച്ച് പലതവണ കര്‍ദിനാളിനോടും സഭയിലെ മുതിര്‍ന്ന പാതിരിമാരോടും വെളിപ്പെടുത്തിയിരുന്നു. ഇവര്‍ അന്വേഷണ കമ്മിഷനെ നിയോഗിക്കുമെന്നും, പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നിട്ടും നടപടിയില്ലാതെ വന്നതോടെയാണ് പോലീസില്‍ പരാതി കൊടുത്തതെന്നും കന്യാസ്ത്രീ വെളിപ്പെടുത്തുന്നു. കന്യാസ്ത്രീയുടെ രഹസ്യമൊഴിയും വെളിപ്പെടുത്തലും പുറത്തുവന്നതോടെ പോലീസ് കൂടുതല്‍ പ്രതിരോധത്തിലായി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.