തകർന്ന വീടുകൾ; ആ കണക്കുകളും തകരുന്നു

Tuesday 4 September 2018 3:12 am IST

തിരുവനന്തപുരം: കേരളത്തെ പുനര്‍നിര്‍മിക്കാന്‍ എന്ന പേരില്‍ ലോകമാകെ പിരിവിനു സംസ്ഥാന സര്‍ക്കാര്‍ തയാറെടുക്കുമ്പോള്‍ പെരുപ്പിച്ചു കാട്ടിയ കള്ളക്കണക്കുകള്‍ ഓരോന്നായി പൊളിയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ അക്കമിട്ടു നിരത്തിയ കണക്കുകള്‍ യഥാര്‍ഥ കണക്കുകളുമായി പൊരുത്തപ്പെടുന്നില്ല. പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട സാധാരണ വീടുകളിലെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ വരെ പിരിവ് ആസൂത്രണം ചെയ്യുകയാണ് സര്‍ക്കാര്‍. 

എന്നാല്‍ വിവിധ മേഖലകളില്‍ പ്രളയത്തിന്റെ നാശനഷ്ടത്തിന്റെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇത്രയും ദിവസങ്ങളില്‍ പറഞ്ഞ കോടികളുടെ കണക്കുകള്‍ പൊളിയുന്നു. ഇരുപതിനായിരം കോടിയില്‍ തുടങ്ങി അമ്പതിനായിരം കോടിയില്‍ എത്തി നില്‍ക്കുന്ന പുനര്‍നിര്‍മാണത്തിന്റെ കണക്കാണ് സര്‍ക്കാര്‍ പറയുന്നത്.

ലക്ഷക്കണക്കിനു വീടുകള്‍ തകര്‍ന്നു എന്നാണ് കഴിഞ്ഞ ദിവസം വരെ സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ സംസ്ഥാനം കേന്ദ്രത്തിനു നല്‍കിയ കണക്കില്‍ പറയുന്നു, തകര്‍ന്നത് 12477 വീടുകള്‍ മാത്രമെന്ന്. ഇവയുടെ പുനര്‍നിര്‍മാണത്തിന് വേണ്ടത് 498.94 കോടി രൂപയും. കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തൊമാറിന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ ഇന്നലെ അയച്ച കത്തില്‍ തകര്‍ന്ന വീടുകളുടെ കൃത്യമായ  കണക്കുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കണക്കെടുപ്പു പ്രകാരം പൂര്‍ണമായി തകര്‍ന്ന വീടുകള്‍ 12477 മാത്രം. വീടൊന്നിന് നാലു ലക്ഷം രൂപ വെച്ചാണ് 498.94 കോടി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയില്‍പ്പെടുത്തി പണം അനുവദിക്കണമെന്നാണ് ആവശ്യം. ഏറ്റവും കൂടുതല്‍  വീടുകള്‍ തകര്‍ന്നത് തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലാണ്. തൃശൂരില്‍ (3461), പാലക്കാട് (1838) എറണാകുളത്ത് (1546) വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 58,0502 കുടുംബങ്ങള്‍ പ്രളയത്തിന്റെ ഇരകളായെന്നും 82,853 വീടുകള്‍ക്ക് കേടുപാടുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. 

ഒന്നേകാല്‍ ലക്ഷത്തിലധികം വീടുകള്‍ തകര്‍ന്നെന്നും പുനരുദ്ധാരണത്തിനായി അമ്പതിനായിരം കോടിയിലധികം തുക വേണമെന്നുമുള്ള പ്രചാരണത്തിന്റെ മുന ഒടിക്കുന്നതാണ് ഔദ്യോഗിക കണക്ക്. പ്രധാനമന്ത്രി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മുന്നില്‍ വെച്ച കണക്കുകളുടെ അടുത്തൊന്നും എത്തുന്നില്ല യഥാര്‍ഥ കണക്കുകള്‍ എന്ന് കൂടുതല്‍ വ്യക്തമാകുന്നതാണ് തദ്ദേശവകുപ്പിന്റെ കണക്ക്.

പി.ശ്രീകുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.