സ്‌കൂള്‍ കലോത്സവം ഉപേക്ഷിച്ചിട്ടില്ല; റിപ്പോര്‍ട്ടുകള്‍ തള്ളി സര്‍ക്കാര്‍

Tuesday 4 September 2018 11:13 am IST

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉപേക്ഷിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍. തിയതി മാറ്റി ആര്‍ഭാടം കുറഞ്ഞ രീതിയില്‍ കലോത്സവം നടത്തുമെന്നും മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനമില്ലെന്നും കെ.വി.മോഹന്‍കുമാര്‍ ഐഎഎസ് അറിയിച്ചു.

പ്രളയക്കെടുതിയില്‍ നട്ടം തിരിയുന്ന ആലപ്പുഴയിലാണ് ഇത്തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഒട്ടേറെ സ്‌കൂളുകളില്‍ വെള്ളം കയറുകയും കുട്ടികള്‍ ദുരിതം അനുഭവിക്കുകയും ചെയ്യുന്ന വേളയില്‍ കലോത്സവം നടത്തണോ എന്നതാണ് ഉയര്‍ന്നിരിക്കുന്ന ആശയക്കുഴപ്പം. ഇക്കാര്യത്തില്‍ അധ്യാപക സംഘടനകളുടെ അഭിപ്രായമറിയാന്‍ സര്‍ക്കാര്‍ ഏഴിന് ഗുണമേന്മാ പരിശോധനാസമിതി യോഗം വിളിച്ചതായാണ് റിപ്പോര്‍ട്ട്.

ഡിസംബര്‍ 5 മുതല്‍ 9 വരെ ആലപ്പുഴയില്‍ സംസ്ഥാന സ്‌കൂള്‍ കലാമേളയും ഒക്ടോബര്‍ അവസാനം കണ്ണൂരില്‍ പ്രവൃത്തിപരിചയ മേളയും നടത്താനായിരുന്നു തീരുമാനം. കലോത്സവത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെങ്കിലും സംസ്ഥാന സ്‌കൂള്‍ കായികമേള നടത്തുമെന്ന് ഏറെക്കുറെ ഉറപ്പായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.