രാജ്യതാത്പര്യ ഭരണം കാഴ്ചവെയ്ക്കുന്നതില്‍ മോദി ഒന്നാമത്

Tuesday 4 September 2018 3:11 pm IST

ന്യൂദല്‍ഹി: രാജ്യതാത്പര്യവുമായി(അജണ്ട ഓഫ് നേഷന്‍) മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദിക്ക് കഴിയുമെന്ന അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തത് പകുതിയോളം പേര്‍. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി(ഐ-പിഎസി) നടത്തിയ സര്‍വേയിലാണ് ഈ വിവരമുള്ളത്. 55 ദിവസം കൊണ്ട് 712 ജില്ലകളിലായി 57 ലക്ഷത്തോളം പേരിലാണ് സര്‍വേ നടത്തിയത്. 

നാഷണല്‍ അജണ്ട ഫോറത്തിനു കീഴില്‍ നടത്തിയ സര്‍വേയില്‍ 923 നേതാക്കളെ നിര്‍ദേശിച്ചിരുന്നു. ഇവരില്‍നിന്നാണ് 48  ശതമാനം പേരുടെ പിന്തുണ മോദിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടാം സ്ഥാനത്തുണ്ടെങ്കിലും 11 ശതമാനം പേരുടെ പിന്തുണ മാത്രമേ അദ്ദേഹത്തിനുള്ളൂ. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍(9.3%), യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്(7%) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. ഇവര്‍ക്കു പിന്നില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും(4.2%) ബിഎസ്പി അധ്യക്ഷ മായാവതിയും(3.1%) ഇടംപിടിച്ചു. 

ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങിയ ദേശീയ, പ്രാദേശിക മുഖങ്ങളും 293 പേരുടെ കൂട്ടത്തിലുണ്ടായിരുന്നു. സ്ത്രീ ശാക്തീകരണം, കാര്‍ഷിക പ്രതിസന്ധി, സാമ്പത്തിക അസമത്വം, വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍, ആരോഗ്യത്തിലും ശുചിത്വത്തിലുമുള്ള വിദ്യാഭ്യാസം, ശുചീകരണം, സാമുദായിക സമത്വം, അടിസ്ഥാന വിദ്യാഭ്യാസം എന്നിവയ്ക്കാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ മുന്‍ഗണന നല്‍കിയത്. 

നടന്‍ അക്ഷയ് കുമാര്‍, റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, ക്രിക്കറ്റ് താരം എം.എസ്. ധോണി തുടങ്ങിയവര്‍ പ്രമുഖര്‍ സജീവരാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നു. തിങ്കളാഴ്ചയാണ് സര്‍വേ ഫലം പുറത്തുവിട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.