പ്രളയക്കെടുതി: നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത് എന്തടിസ്ഥാനത്തില്‍ ?

Tuesday 4 September 2018 5:04 pm IST
ദുരിതാശ്വസമായി നല്‍കുന്ന തുകയ്ക്കായി പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

കൊച്ചി: പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക്  നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ നടപടികള്‍ സുതാര്യവും ജനങ്ങള്‍ക്ക് വിശ്വസനീയവുമായിരിക്കണം. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

നഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്‍കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ദുരിതാശ്വസമായി നല്‍കുന്ന തുകയ്ക്കായി പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. നഷ്ടപരിഹാരം നിര്‍ണയിക്കുമ്പോള്‍ മുന്‍ഗണനാക്രമവും നാശനഷ്ടത്തിന്റെ തോതും കണക്കിലെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.  

നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുള്ളവരെ മുന്‍ഗണനാക്രമത്തില്‍ തരംതിരിക്കണം. നഷ്ടത്തിന് അനുസരിച്ച്‌ മാത്രമെ നഷ്ടപരിഹാരം നല്‍കാവൂ. നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. എന്തൊക്കെ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമര്‍പ്പിക്കണം. ശരിയായ നഷ്ടം കണക്കാക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാതെ വന്നാല്‍ അത് വ്യാപക അഴിമതിക്ക് ഇടയാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.