ഗ്രഹം, അതിഗ്രഹം എന്നിവയെക്കുറിച്ചുള്ള വിവരണം തുടരുന്നു

Wednesday 5 September 2018 1:01 am IST

ശ്രോത്രം വൈ ഗ്രഹഃ സ ശബ്ദേനാതിഗ്രാഹേണേ ഗൃഹീതഃ ശ്രോത്രേണ ഹി ശബ്ദാന്‍ ശൃണോതി

കാത് ഒരു ഗ്രഹമാണ്. അത് ശബ്ദമാകുന്ന അതിഗ്രഹത്താല്‍ സ്വാധീനമാണ്. കാത് കൊണ്ടാണ് ശബ്ദങ്ങളെ കേള്‍ക്കുന്നത്.

 മനോ വൈ ഗ്രഹഃ സ കാമേനാതിഗ്രാഹേണ ഗൃഹീതഃ മനസാ ഹി കാമാന്‍ കാമയതേ

മനസ്സ് ഒരു ഗ്രഹമാണ്. അത് കാമമാകുന്ന അതിഗ്രഹത്താല്‍ സ്വാധീനമായതാണ്. മനസ്സ് കൊണ്ടാണ് കാമങ്ങളെ കാമിക്കുന്നത്.

ഹസ്തൗ വൈ ഗ്രഹഃ സ കര്‍മണാതിഗ്രാഹേണ ഗൃഹീതഃ ഹസ്താഭ്യാം ഹി കര്‍മ കരോതി.

കൈകള്‍ ഒരു ഗ്രഹമാണ്. അത് കര്‍മമാകുന്ന അതിഗ്രഹത്താല്‍ സ്വാധീനമാണ്. കൈകളെ കൊണ്ടാണ് കര്‍മത്തെ ചെയ്യുന്നത്.

ത്വഗ് വൈ ഗ്രഹഃ സ സ്പര്‍ശേനാതിഗ്രാഹേണ ഗൃഹീതഃ ത്വചാ ഹി സ്പര്‍ശാന്‍ വേദയതേ. 

ഇത്യേതേളഷ്ടൗ ഗ്രഹാഃ അഷ്ടാവതി ഗ്രഹാഃ

ത്വക്ക് ഒരു ഗ്രഹമാണ് അത് സ്പര്‍ശമാകുന്ന അതിഗ്രഹത്താല്‍ സ്വാധീനമാണ്. തൊലി കൊണ്ടാണ് സ്പര്‍ശങ്ങളെ അറിയുന്നത്.

ഈ പറഞ്ഞവയാണ് എട്ട് ഗ്രഹങ്ങളും അതിഗ്രഹങ്ങളും.

 യാജ്ഞവല്‍ക്യേതി ഹോവാച, യദിദം സര്‍വം മൃത്യോരന്നം...

ഇതെല്ലാം മൃത്യുവിന് അന്നമാണ്. എന്നാല്‍ മൃത്യു അന്നമായിരിക്കുന്നത് ഏതു ദേവതയ്ക്കാണോ ആ ദേവത ഏതാണ് എന്ന് ആര്‍ത്തഭാഗന്‍ ചോദിച്ചു.

അഗ്നിയാണ് മൃത്യു. അത് അപ്പുകള്‍ക്ക് അന്നമാണ്. ഇങ്ങനെ അറിയുന്നയാള്‍ മൃത്യുവിനെ ജയിക്കുമെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.

ഈ ലോകം മുഴുവന്‍ നാശമുള്ളതായതിനാ

ല്‍ അത് മൃത്യുവിന്റെ പിടിയിലാണ്. അഗ്നി എല്ലാത്തിനേയും കഴിക്കുന്നതിനാല്‍ മൃത്യുവാണ്. അഗ്നിയെ അപ്പുകള്‍ കഴിക്കും 

 അഗ്നി അപ്പിന്റെ അന്നമാണ്. ഇത് പോലെ ഗ്രഹ, അതിഗ്രഹ രൂപമായ മൃത്യു ബ്രഹ്മാത്മ ഐക്യദര്‍ശന ത്താല്‍ നശിക്കുമ്പോള്‍ മോക്ഷം ഉണ്ടാകുന്നു. ആത്മദര്‍ശനം മൃത്യുവിന്റെയും മൃത്യുവാണ്.

 യാജ്ഞവല്‍ക്യേതി ഹോവാച, യത്രായം പുരുഷോ മ്രിയത...

മുക്തനായ പുരുഷന്‍ മരിക്കുമ്പോള്‍ അയാളുടെ പ്രാണങ്ങള്‍ പുറത്തു പോകുന്നുണ്ടോ ഇല്ലയോ എന്ന് ആര്‍ത്തഭാഗന്‍ ചോദിച്ചു.

ഇല്ല, പ്രാണങ്ങള്‍ ഇവിടെത്തന്നെ പരമാത്മാവില്‍ ചേര്‍ന്ന് ലയിക്കുന്നു. അയാളുടെ ശരീരം വീര്‍ക്കുകയും കാറ്റ്‌കൊണ്ട് നിറയുകയും ചെയ്യും. കാറ്റ് നിറഞ്ഞ് ചലനമറ്റവനായി കിടക്കുമെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.

മുക്ത പുരുഷന്റെ മരണ സമയത്ത് വാക്ക് തുടങ്ങിയ ഗ്രഹങ്ങള്‍ക്ക് എന്ത് പറ്റും എന്നായിരുന്നു ചോദ്യം. അവ മൂലകാരണമായ പരമാത്മാവിനോട് ചേര്‍ന്ന് ഒന്നാകുന്നു. എന്നാല്‍ ദേഹം, പുറമേയുള്ള വായു കയറി വീര്‍ത്ത് അനക്കമറ്റതാകും.

സര്‍വാത്മാവായ ഒരാളുടെ പ്രാണങ്ങള്‍ പുറത്ത് പോകുന്നില്ല എന്ന് പറയുമ്പോള്‍ ആത്മാവിന് മരണമില്ല എന്നാണ് അറിയേണ്ടത്. നാശം ദേഹത്തിനാണ്.

യത്രായം പുരുഷോ മ്രിയതേ കിമേനം ന ജഹാതീതി...

മുക്തപുരുഷന്‍ മരിക്കുമ്പോള്‍ അയാളെ വിട്ടുപിരിയാതിരിക്കുന്നതെന്താണണെന്ന് ആര്‍ത്തഭാഗന്‍ ചോദിച്ചു.

നാമമാണ് വിട്ടുപിരിയാതെയിരിക്കുന്നത് എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. നാമം അനന്തമാണ്. വിശ്വേദേവന്മാരും അനന്തമാണ്. ഇങ്ങനെ അറിയുന്നയാള്‍ ലോകങ്ങളെ ജയിക്കും.

മുക്തപുരുഷന്റെ പ്രാണങ്ങള്‍ മാത്രമാണോ കാമ കര്‍മാദികളൊക്കെയും പരമാത്മാവില്‍ ലയിക്കുമോ എന്നറിയാനാണ് ചോദ്യം.

എല്ലാം ലയിക്കും. എന്നാല്‍ ആകൃതിയുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ നാമം ലയിക്കില്ല. നാമം ശബ്ദമായതിനാലാണ് അനന്തമായത്.

 യത്രാസ്യ പുരുഷസ്യ മൃതസ്യാഗ്‌നിം വാഗപ്യേതി...

അജ്ഞാനിയായ പുരുഷന്‍ മരിച്ച് വാക്ക് അഗ്നിയിലും പ്രാണന്‍ വായുവിലും കണ്ണ് ആദിത്യനിലും മനസ്സ് ചന്ദ്രനിലും ശ്രോത്രം ദിക്കുകളിലും ശരീരം പൃഥ്വിയിലും ഹൃദയം ആകാശത്തിലും രോമങ്ങള്‍ ഓഷധികളിലും കേശങ്ങള്‍ വൃക്ഷങ്ങളിലും ലയിക്കുന്നു. രക്തവും ശുക്ലവും അപ്പുകളിലും ചേരുന്നു. 

അപ്പോള്‍, ഈ പുരുഷന്‍ എന്തിനെ ആശ്രയിച്ചിരിക്കുന്നു എന്ന് ആര്‍ത്തഭാഗന്‍ ചോദിച്ചു.

യാജ്ഞവല്‍ക്യന്‍ ആര്‍ത്തഭാഗന്റെ കയ്യും പിടിച്ച് സഭയ്ക്ക് പുറത്ത് പോയി രണ്ടു പേരും മാത്രമായി അതിനെ നിരൂപണം ചെയ്തു.

അവര്‍ ചര്‍ച്ച ചെയ്തത് കര്‍മത്തെപ്പറ്റിയാണ്. അതിനെ പ്രശംസിക്കുകയും ചെയ്തു. പുണ്യകര്‍മം കൊണ്ട് ഒരാള്‍ പുണ്യനാകുന്നു. പാപകര്‍മത്താല്‍ പാപനുമാകുന്നു. ഗ്രഹ, അതിഗ്രഹ രൂപമായ ബന്ധനത്തിന് പ്രയോജകമെന്താണ് എന്ന് ഈ മന്ത്രത്തില്‍ വിശകലനം ചെയ്യുന്നു. അജ്ഞപുരുഷന്റെ ഇന്ദ്രിയങ്ങള്‍ അധിഷ്ഠാന ദേവതകളില്‍ ലയിക്കുമ്പോള്‍ കര്‍ത്താവും അസ്വതന്ത്രനുമായ പുരുഷന്‍ എന്തിനെയാണ് ആശ്രയിക്കുന്നത് എന്നതാണ് ചോദ്യം.

ഇതിന് ഭിന്ന അഭിപ്രായമുള്ളതിനാലാണ് സഭയില്‍ ചര്‍ച്ച ചെയ്യാഞ്ഞത്.

കാര്യകാരണങ്ങളുടെ ഉപാദാനത്തിന് ആധാരമായി കര്‍മത്തെ മനസ്സിലാക്കി. ഒരാളുടെ കര്‍മഫലമാണ് ഗ്രഹ, അതിഗ്രഹ ബന്ധനത്തിനിടയാക്കുന്നത് എന്ന കാര്യം ഉറപ്പാക്കി.യാജ്ഞവല്‍ക്യനെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായ ആര്‍ത്തഭാഗനും മടങ്ങി.

9495746977

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.