ഭിന്നശേഷി വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാന്‍ അധ്യാപകരില്ല

Wednesday 5 September 2018 1:04 am IST
അധ്യാപകരുടെ നിയമനകാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കാണിക്കുന്ന മടിയാണ് തടസ്സമാകുന്നത്. ബഡ്‌സ് സ്‌കൂള്‍ തുടങ്ങാനും അധ്യാപകര്‍ക്കുള്ള ശമ്പളം നല്‍കാനുമുള്ള ചുമതല അതത് തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. ഒരു അധ്യാപകന് 32,000 രൂപവരെ ശമ്പളം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

മലപ്പുറം: ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ സംസ്ഥാനത്തെ പല സ്‌കൂളുകളിലും പ്രത്യേകം അധ്യാപകരില്ല. ഒരു പൊതു വിദ്യാലയത്തില്‍ അഞ്ചുപേരില്‍ കൂടുതല്‍ ഭിന്നശേഷിയുള്ള കുട്ടികളുണ്ടെങ്കില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച ഒരു അധ്യാപകനെ നിയമിക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കുമ്പോഴാണ് ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളോടുള്ള അവഗണന തുടരുന്നത്. 

ഇത്തരം കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് അഞ്ചുമുതല്‍ എട്ട് കുട്ടികള്‍ക്ക് ഒരാള്‍ എന്ന കണക്കില്‍ അധ്യാപകരെ നിയമിക്കണമെന്ന മാനദണ്ഡം നടപ്പാക്കുന്നില്ലെന്നാണു രക്ഷിതാക്കളുടെ പരാതി.  പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച ശേഷം ഭിന്നശേഷി അധ്യാപകരുടെ നിയമനം ഉടന്‍ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ട് മാസങ്ങളായി. സംസ്ഥാനത്ത് 181 ബഡ്‌സ് സ്‌കൂളുകളാണ് ഉള്ളത്. ജൂണില്‍ ജില്ലാ അടിസ്ഥാനത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ പരിശീലനം ലഭിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖം നടത്തിയിരുന്നു. എന്നാല്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. 

അധ്യാപകരുടെ നിയമനകാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കാണിക്കുന്ന മടിയാണ് തടസ്സമാകുന്നത്. ബഡ്‌സ് സ്‌കൂള്‍ തുടങ്ങാനും അധ്യാപകര്‍ക്കുള്ള ശമ്പളം നല്‍കാനുമുള്ള ചുമതല അതത് തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. ഒരു അധ്യാപകന് 32,000 രൂപവരെ ശമ്പളം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അനധ്യാപകര്‍ക്ക് 17,000 രൂപയും. നാല്‍പ്പത് കുട്ടികളുള്ള ഒരു സ്‌കൂളില്‍ നാല് അധ്യാപകരും രണ്ട് ആയമാരെയും ആവശ്യമായിവരും. തനത് ഫണ്ടില്‍നിന്ന് ഇവര്‍ക്ക് വേതനം നല്‍കേണ്ടിവരുന്നത് ബാധ്യതയായി മാറുന്നതുകൊണ്ടാണ് കൂടുതല്‍ പേരെ നിയമിക്കാന്‍ തയാറാവാത്തത്. 

ഇതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും മതിയായ അധ്യാപകരുടെ അനുപാതത്തേക്കാള്‍ കുറവ് ആളുകളെ നിയമിക്കുകയാണ് ചെയ്യുന്നത്. എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന അനുപാതത്തിലാണ് നിയമനം നടത്തേണ്ടത്. എന്നാല്‍ പകുതിയില്‍ താഴെ അധ്യാപകരാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ അധ്യാപകരെ കൂടാതെ തൊഴില്‍പരിശീലകര്‍, തെറാപ്പിസ്റ്റ് എന്നിവരെക്കൂടി നിയമിക്കണം. ഇതും അധികബാധ്യതയാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. എന്നാല്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടന്ന് ഘോഷിക്കുന്നതല്ലാതെ യാതൊരു നടപടിയും എടുക്കുന്നില്ലന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.