ദുരിതാശ്വാസത്തിന് ശമ്പളം: ഇടഞ്ഞ് സംഘടനകള്‍ സമ്മര്‍ദമുണ്ടാകുമെന്ന് മന്ത്രി

Wednesday 5 September 2018 1:08 am IST
'യെസ് ഓര്‍ നോ' എന്ന നിലപാടെടുക്കാനേ പറ്റൂ എന്നും ജീവനക്കാര്‍ ജനാധിപത്യ സമ്മര്‍ദത്തിന് വഴങ്ങേണ്ടിവരുമെന്നും ഐസക്ക് പറഞ്ഞു. ഇതോടെ സര്‍ക്കാരിന്റെ നിര്‍ബന്ധപിരിവിനെതിരെ ഏതറ്റം വരെയും പോകുമെന്ന് യുഡിഎഫ്‌സംഘടനകളുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടു. ബിജെപി അനുകൂലസംഘടനയായ ഫെറ്റോയും സര്‍ക്കാര്‍ നിലപാട് ധാര്‍ഷ്ട്യമാണെന്നറിയിച്ചു.

തിരുവനന്തപുരം : പ്രളയദുരിതവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷസംഘടനകള്‍. 

ദുരിതബാധിതമേഖലകളില്‍പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു മാസത്തെ ശമ്പളം പൂര്‍ണമായി നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ശമ്പളം നിര്‍ബന്ധമായി പിടിക്കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷസംഘടനകള്‍ നിലപാടെടുത്തു. താല്‍പര്യമുള്ള   ദിവസങ്ങളിലെ ശമ്പളം നല്‍കാന്‍ ജീവനക്കാര്‍ക്ക് സമ്മതപത്രം അനുവദിക്കണമെന്ന്  ഭാരവാഹികള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. 

'യെസ് ഓര്‍ നോ' എന്ന നിലപാടെടുക്കാനേ പറ്റൂ എന്നും ജീവനക്കാര്‍ ജനാധിപത്യ സമ്മര്‍ദത്തിന് വഴങ്ങേണ്ടിവരുമെന്നും ഐസക്ക് പറഞ്ഞു. ഇതോടെ സര്‍ക്കാരിന്റെ നിര്‍ബന്ധപിരിവിനെതിരെ ഏതറ്റം വരെയും പോകുമെന്ന് യുഡിഎഫ്‌സംഘടനകളുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടു. ബിജെപി  അനുകൂലസംഘടനയായ ഫെറ്റോയും സര്‍ക്കാര്‍ നിലപാട് ധാര്‍ഷ്ട്യമാണെന്നറിയിച്ചു.

  പ്രളയബാധിത മേഖലയുടെ പുനര്‍നിര്‍മാണത്തിന്  സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം വിട്ടുനല്‍കുന്നതിന് ചില ഉപാധികള്‍ ധനമന്ത്രി യോഗത്തില്‍ മുന്നോട്ടുവച്ചു. ഒരു മാസത്തെ ശമ്പളമായിട്ടല്ല, ലീവ് സറണ്ടര്‍ തുകയായി നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അത് നല്‍കാമെന്ന് മന്ത്രി പറഞ്ഞു. ഒരു തവണയായോ, 10 മാസമായോ ശമ്പളം നല്‍കാന്‍ സൗകര്യമുണ്ട്. ഇങ്ങനെ നല്‍കുന്ന പണത്തിന് ആദായനികുതി ഇളവുണ്ടാകും. ഇതിന് മുമ്പ് ഇക്കാര്യത്തിനായി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ ആ തുക പിടിക്കുന്ന ശമ്പളത്തില്‍നിന്ന് കിഴിക്കാന്‍ അവസരമുണ്ടാകും. ശമ്പളത്തില്‍നിന്ന് നല്‍കുന്ന തുക അടക്കമുള്ളവ രേഖപ്പെടുത്താവുന്ന ഓപ്ഷന്‍ വേണമെന്ന് ചില സംഘടനകള്‍ നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ ബുദ്ധിമുട്ടുള്ളവര്‍ ഡിഡിഒമാര്‍ക്ക് എഴുതി നല്‍കിയാല്‍ മതിയാകുമെന്ന് ധനമന്ത്രി സൂചിപ്പിച്ചു. പിഎഫ് വായ്പയെടുത്തും ദുരിതാശ്വാസത്തിന് നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങനെയും നല്‍കാം. വിവിധ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് രണ്ടു മൂന്ന് ദിവസത്തിനകം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസത്തിന് ഈടാക്കുന്നത് സംബന്ധിച്ച് ഉത്തരവിറങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി. 

  ദുരിതത്തില്‍പ്പെട്ടവരില്‍ത്തന്നെ പത്തോ ഇരുപേതാ ദിവസത്തെ മാത്രം ശമ്പളം നല്‍കാന്‍ കഴിയുന്നവരുണ്ട്. അതോടൊപ്പം ഒന്നരമാസത്തെയും രണ്ട് മാസത്തെയും വരെ ശമ്പളം നല്‍കാന്‍ ശേഷിയുള്ളവരുണ്ട്. ഈ സാഹചര്യത്തില്‍ ഒരു മാസത്തെ ശമ്പളമെന്ന  നിര്‍ബന്ധ നിബന്ധന ശരിയല്ലെന്നും അത് ജനാധിപത്യവിരുദ്ധവുമാണെന്നുമാണ് പ്രതിപക്ഷസംഘടനകളുടെ നിലപാട്. വകുപ്പ് മേധാവികളെ ഉപയോഗിച്ച് ഭരണകൂട സ്വാധീനം ഉപയോഗിച്ച് ശമ്പളം നിര്‍ബന്ധമായി പിടിക്കാനാണ് നീക്കമെങ്കില്‍ ഇതിനെതിരെ ഏതറ്റം വരെയും പോകുമെന്ന് സെറ്റോ ചെയര്‍മാന്‍ എന്‍.കെ ബെന്നി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാര്‍ നിര്‍ബന്ധപിരിവ് നടത്തുകയാണെങ്കില്‍ നിയമപരമായി നേരിടുമെന്ന് ഫെറ്റോ ജനറല്‍ സെക്രട്ടറി എസ്.കെ.ജയകുമാര്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.