ജയരാജന്റെ രണ്ടാംസ്ഥാനം; നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യം

Wednesday 5 September 2018 1:07 am IST
ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസഭയില്‍ നിന്നും രാജിവയ്‌ക്കേണ്ടി വരികയും പിന്നീട് മന്ത്രിസഭയില്‍ തിരിച്ചെത്തുകയും ചെയ്ത ജയരാജനുമായി കണ്ണൂര്‍ ലോബിയിലെ ഒരു വിഭാഗം അകല്‍ച്ചയിലാണ്. വിവാദത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ കെ.കെ.ശൈലജയുള്‍പ്പെടെയുളള പല നേതാക്കളും ജയരാജനെതിരെ നിലപാടെടുത്തവരായിരുന്നു.

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സാര്‍ത്ഥം വിദേശത്തു പോയതോടെ മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനായ ഇ.പി.ജയരാജനിലേക്ക്  ഭരണച്ചുമതല എത്തിയത് സിപിഎമ്മിലെ  കണ്ണൂര്‍ ലോബിയിലും  മറ്റ് നേതാക്കള്‍ക്കിടയിലും അസ്വസ്ഥത വിതയ്ക്കുന്നു.

ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസഭയില്‍ നിന്നും രാജിവയ്‌ക്കേണ്ടി വരികയും പിന്നീട് മന്ത്രിസഭയില്‍ തിരിച്ചെത്തുകയും ചെയ്ത ജയരാജനുമായി കണ്ണൂര്‍ ലോബിയിലെ  ഒരു വിഭാഗം അകല്‍ച്ചയിലാണ്. വിവാദത്തില്‍  സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ കെ.കെ.ശൈലജയുള്‍പ്പെടെയുളള പല നേതാക്കളും ജയരാജനെതിരെ  നിലപാടെടുത്തവരായിരുന്നു.  ജയരാജന്റെ മണ്ഡലമായ മട്ടന്നൂരില്‍  ആരോഗ്യ മന്ത്രിയുടെ പരിപാടിയില്‍ നിന്നും ജയരാജനെ ഒഴിവാക്കിയ സംഭവം പോലും ഉണ്ടായിരുന്നു.  ബന്ധുനിയമന വിവാദത്തിന് മുമ്പേ തന്നെ ജയരാജന്‍ പാര്‍ട്ടിക്കതീതനാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജനുള്‍പ്പെടെ  ഇപിയോട് അകന്നു നില്‍ക്കുകയായിരുന്നു. 

 മന്ത്രിസഭയിലേക്ക് ജയരാജന്‍ തിരിച്ചെത്തിയത്  കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്‌തോ കണ്ണൂരിലെ നേതാക്കളുമായോ കൂടിയാലോചിച്ചോ ആയിരുന്നില്ല. എല്ലാ തീരുമാനിച്ചത് മുഖ്യമന്ത്രിയായിരുന്നു.  പാര്‍ട്ടി കാഴ്ചക്കാരായി മാറുകയായിരുന്നു.  അതിനാല്‍ ജയരാജന് പാര്‍ട്ടി സ്വീകരണം നല്‍കിയുമില്ല.  ഇങ്ങനെയിരി ക്കെ ജയരാജന്‍  മന്ത്രിസഭയുടെ തലപ്പെത്തെത്തിയത്  കണ്ണൂരില്‍ നിന്നുളള  നേതാക്കളെ അസ്വസ്ഥരാക്കി. ജയരാജനെ വീണ്ടും മന്ത്രിയാക്കിയതിലും  മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ യോഗത്തില്‍  അധ്യക്ഷത വഹിക്കാന്‍ അധികാരം നല്‍കിയതിലും എം.വി.ഗോവിന്ദനും അസ്വസ്ഥനാണ്. മറ്റുളളവരെയൊന്നും വിശ്വാസമില്ലാത്തതിനാല്‍ കോടിയേരിയും പിണറായിയും ജയരാജനും ചേര്‍ന്ന് നടത്തിയ ആസൂത്രിത നീക്കങ്ങളാണ് പിന്നിലെന്നും തോമസ് ഐസക്ക് അടക്കമുളളവരെ  തഴയാന്‍ ഇവര്‍ കരുനീക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

 ഭരണം പിണറായി-കോടിയേരി-ജയരാജന്‍ എന്നിവരുടെ നിയന്ത്രണത്തില്‍  ആയിരിക്കണമെന്നുളളതു കൊണ്ടാണ് മുഖ്യമന്ത്രിയുടെയും മന്ത്രി ഇ.പി.ജയരാജന്റെയും  പേഴ്‌സണല്‍ സെക്രട്ടറിമാരായി കണ്ണൂരില്‍ നിന്നു തന്നെയുളള നേതാക്കളെ നിയമിച്ചതും.

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മറ്റാര്‍ക്കും കൈമാറാത്തതും പാര്‍ട്ടിക്കുളളിലും പൊതു സമൂഹത്തിലും ചര്‍ച്ചയായിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.