സിപിഎം വിഭാഗീയത ദുരിതാശ്വാസ പ്രവര്‍ത്തനത്തെ ബാധിച്ചു: ബിജെപി

Wednesday 5 September 2018 1:12 am IST
മന്ത്രിസഭയിലെയും പാര്‍ട്ടിയിലെയും ഭിന്നത വ്യക്തമാക്കുന്നതാണ് കുട്ടനാട്ടിലെ പമ്പിങ് സംബന്ധിച്ച് മന്ത്രി ജി. സുധാകരന്റെ വിമര്‍ശനം. ആത്മാഭിമാനമുണ്ടെങ്കില്‍ തോമസ് ഐസക് ധനമന്ത്രിസ്ഥാനം രാജിവയ്ക്കുകയാണ് വേണ്ടത്. 2016ലെ രാഷ്ട്രീയ ദുരന്തമാണ് ഇപ്പോഴത്തെ ദുരിതങ്ങള്‍ക്കെല്ലാം കാരണം.

ആലപ്പുഴ: മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നതയും സിപിഎമ്മിന്റെ വിഭാഗീയതയും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയിലും ധനമന്ത്രിക്ക് സ്ഥാനം ലഭിക്കാത്തത് മുഖ്യമന്ത്രിക്ക് അദ്ദേഹത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണെന്ന് കൃഷ്ണദാസ് വാര്‍ത്താസമ്മേളത്തില്‍ ആരോപിച്ചു. 

മന്ത്രിസഭയിലെയും പാര്‍ട്ടിയിലെയും ഭിന്നത വ്യക്തമാക്കുന്നതാണ് കുട്ടനാട്ടിലെ പമ്പിങ് സംബന്ധിച്ച് മന്ത്രി ജി. സുധാകരന്റെ വിമര്‍ശനം. ആത്മാഭിമാനമുണ്ടെങ്കില്‍ തോമസ് ഐസക് ധനമന്ത്രിസ്ഥാനം രാജിവയ്ക്കുകയാണ് വേണ്ടത്. 2016ലെ രാഷ്ട്രീയ ദുരന്തമാണ് ഇപ്പോഴത്തെ ദുരിതങ്ങള്‍ക്കെല്ലാം കാരണം. 

ഓഖിയിലും പ്രളയത്തിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യഥാസമയം മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിച്ചില്ല. ആഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളില്‍ പ്രളയത്തെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നല്കിയതായി കേന്ദ്ര ഭൗമ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത് തെറ്റാണെങ്കില്‍ തുറന്നു പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം. പ്രളയക്കെടുതി സംബന്ധിച്ച് തെറ്റായ കണക്കുകളാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കിയത്. 

കേന്ദ്ര സഹായം സംസ്ഥാനത്തിന്റെ റവന്യൂ കമ്മി കുറയ്ക്കാന്‍ ഉപയോഗിക്കാനാണ് ധനമന്ത്രിയുടെ നീക്കം. ഇത് അംഗീകരിക്കാനാവില്ല. പണം ആവശ്യപ്പെടുകയല്ല, പ്രോജക്ടുകള്‍ തയ്യാറാക്കി കേന്ദ്രത്തില്‍ നിന്ന് പദ്ധതികള്‍ നേടിയെടുക്കുകയാണ് വേണ്ടത്. കുട്ടനാട് പാക്കേജിലെ അഴിമതിയെക്കുറിച്ച് സിബിഐയോ സെന്‍ട്രല്‍വിജിലന്‍സോ അന്വേഷിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു. 

മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ പ്രസിഡന്റ് കെ. സോമന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.