ദുരിതാശ്വാസ നിധിയിലേക്ക് കുത്തിപ്പിരിവിന് സര്‍ക്കാര്‍ നീക്കം

Wednesday 5 September 2018 1:13 am IST
പ്രളയക്കെടുതിയെ തുടര്‍ന്ന് ജനങ്ങള്‍ ആരുടെയും പ്രേരണയില്ലാതെ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നിര്‍ലോഭം നല്‍കുന്ന സാഹചര്യത്തിലാണ് വിവിധ വകുപ്പുകളെ നിയോഗിച്ച് നിര്‍ബന്ധിത പിരിവിനുള്ള ശ്രമം തുടങ്ങിയത്.

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ വിവിധ വകുപ്പുകളെ നിയോഗിച്ച് ജനത്തെ പിഴിയാന്‍ സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ത്ത് തുടങ്ങി. പരമാവധി തുക സ്വരൂപിക്കുന്നതിന് എല്ലാ ജില്ലാതല മേധാവികളും ഡിപ്പാര്‍ട്ട്‌മെന്റ്തലത്തില്‍ നടപടിയെടുക്കണമെന്നാണ് നിര്‍ദേശം.

പ്രളയക്കെടുതിയെ തുടര്‍ന്ന് ജനങ്ങള്‍ ആരുടെയും പ്രേരണയില്ലാതെ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നിര്‍ലോഭം നല്‍കുന്ന സാഹചര്യത്തിലാണ് വിവിധ വകുപ്പുകളെ നിയോഗിച്ച് നിര്‍ബന്ധിത പിരിവിനുള്ള ശ്രമം തുടങ്ങിയത്. സ്‌കൂള്‍ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളില്‍ നിന്ന് പണപ്പിരിവിനുള്ള തീരുമാനം നേരത്തെ തന്നെ സര്‍ക്കാര്‍ എടുത്തു കഴിഞ്ഞു. ഇതുകൂടാതെയാണ് വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളെ ആശ്രയിക്കുന്നവരെയും പിഴിയാനുള്ള നീക്കം. 

കരാറുകാര്‍, വ്യാപാരികള്‍, സ്വകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയവരായിരിക്കും പ്രധാനമായും ഇരകള്‍, റവന്യു ഓഫീസുകളെ ആശ്രയിക്കുന്ന സാധാരണക്കാരും ഇനി കാര്യം സാധിച്ചു കിട്ടണമെങ്കില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കേണ്ടി വരും. 

പോലീസ്, എക്‌സൈസ് സേനകള്‍ക്കും ജനത്തെ പിഴിയാന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. തദ്ദേശസ്ഥാപനങ്ങള്‍ക്കും പ്രത്യേകം ടാര്‍ജറ്റ് നിശ്ചയിച്ചിട്ടുണ്ട്. നിര്‍ബന്ധിച്ച് പിരിവ് പാടില്ലെന്നാണ് പൊതുവെ നല്‍കിയിട്ടുള്ള നിര്‍ദേശമെങ്കിലും പരമാവധി പണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ ദുരിതം പരോക്ഷമായി ബാധിച്ച വ്യാപാരമേഖലയെയും, മറ്റു മേഖലകളെയും ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടാനാണ് സാധ്യത. മുന്‍കാലങ്ങളില്‍ റവന്യു ഓഫീസുകളുടെ ചുമതലയില്‍ വള്ളംകളി ടിക്കറ്റുകളുടെ വില്‍പ്പന നടത്തിയപ്പോഴും കുത്തിപ്പിരിവ് പാടില്ലെന്നായിരുന്നു പരസ്യ നിര്‍ദേശമെങ്കിലും ഫലം മറിച്ചായിരുന്നു. 

 പ്രളയത്തിന്റെ മറവില്‍ പരമാവധി പണം സര്‍ക്കാര്‍ ഖജനാവില്‍ എത്തിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിച്ചിട്ടും പ്രളയദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങളുടെ കിറ്റും, പ്രഖ്യാപിച്ച പതിനായിരം രൂപയും നല്‍കുന്നതില്‍ കാണിക്കാത്ത ജാഗ്രതയാണ് പണപ്പിരിവില്‍ സര്‍ക്കാര്‍ കാട്ടുന്നതെന്ന് വിമര്‍ശനം ഉയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.