പ്രളയം: 10,000 രൂപ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും

Wednesday 5 September 2018 1:14 am IST
കുട്ടനാട്ടിലെ വെള്ളം ഒഴിവാക്കാന്‍ കൂടുതല്‍ പമ്പുകള്‍ ഉപയോഗിക്കും. ജില്ലാഭരണസംവിധാനത്തിന്റെ 23 പമ്പുകളും പാടശേഖരസമിതിയുടെ 30 പമ്പുകളും ഉപയോഗിക്കുന്നുണ്ട്. അതിനുപുറമെ കൂടുതല്‍ പമ്പുകള്‍ കൊണ്ടുവരും. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ലഭ്യമാക്കാനുളള നടപടികള്‍ ത്വരിതപ്പെടുത്തും. വിവിധ ഏജന്‍സികള്‍ നല്‍കിയ ദുരിതാശ്വാസ സാധനങ്ങളില്‍ ബാക്കിയുളളവ വിതരണം ചെയ്യാനുളള മാനദണ്ഡം അംഗീകരിച്ചു.

തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് താല്‍ക്കാലികാശ്വാസമായി നല്‍കുന്ന 10,000 രൂപയുടെ വിതരണം വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രിസഭാ ഉപസമിതിയോഗം തീരുമാനിച്ചു. വിവരശേഖരണം പരിശോധന എന്നിവയ്ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ തീരുമാനിച്ചു.

മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള  നടപടി സപ്തംബര്‍ 7നകം പൂര്‍ത്തിയാക്കണം. കാണാതായവരില്‍ തിരിച്ചുവരാന്‍ സാധ്യതയില്ലാത്തവരുടെ കുടുംബങ്ങള്‍ക്കും വേഗത്തില്‍ നഷ്ടപരിഹാരം ലഭ്യമാക്കണം. ഓഖി ദുരന്തമുണ്ടായപ്പോള്‍ സ്വീകരിച്ച നടപടി ഇക്കാര്യത്തിലും അനുവര്‍ത്തിക്കും. 

കുട്ടനാട്ടിലെ  വെള്ളം ഒഴിവാക്കാന്‍ കൂടുതല്‍ പമ്പുകള്‍ ഉപയോഗിക്കും.  ജില്ലാഭരണസംവിധാനത്തിന്റെ 23 പമ്പുകളും പാടശേഖരസമിതിയുടെ 30 പമ്പുകളും ഉപയോഗിക്കുന്നുണ്ട്. അതിനുപുറമെ  കൂടുതല്‍ പമ്പുകള്‍ കൊണ്ടുവരും.  രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ലഭ്യമാക്കാനുളള നടപടികള്‍ ത്വരിതപ്പെടുത്തും. വിവിധ ഏജന്‍സികള്‍ നല്‍കിയ ദുരിതാശ്വാസ സാധനങ്ങളില്‍ ബാക്കിയുളളവ വിതരണം ചെയ്യാനുളള മാനദണ്ഡം അംഗീകരിച്ചു. വിതരണം പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകളെ കൂടി ചുമതലപ്പെടുത്തും. പ്രളയം ബാധിച്ച കുടുംബങ്ങളിലെ കുട്ടികള്‍ക്ക്  നോട്ടുപുസ്തകം ലഭ്യമാക്കും. 

എലിപ്പനി പ്രതിരോധ മരുന്ന് സ്റ്റോക്കുണ്ട്. രോഗം വന്ന് മരിച്ചവരില്‍ ഒരാളൊഴികെ ആരും പ്രതിരോധ മരുന്ന് കഴിച്ചവരല്ലെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു.  പല പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതുകൊണ്ട് കൊതുകുജന്യരോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. കൊതുകുനശീകരണത്തിന് കൂടുതല്‍ സംഘങ്ങളെ നിയോഗിക്കും.

32,000 ടണ്‍ അജൈവമാലിന്യം ശേഖരിച്ചു. വീടുകളില്‍ ബാക്കിയുളള അജൈവ മാലിന്യങ്ങള്‍ വോളന്റിയര്‍മാരെ അയച്ച് ശേഖരിക്കും. 160 പഞ്ചായത്തുകളില്‍ മാലിന്യം ശേഖരിച്ചു വയ്ക്കാനുളള സ്ഥലം ലഭിച്ചിട്ടുണ്ട്. വെള്ളം കയറിയ വീടുകളില്‍ 12,900 വീടുകളേ ഇനി വൃത്തിയാക്കാനുളളു. സ്‌കൂള്‍ ശുചീകരണം പൂര്‍ത്തിയായി. 

യോഗത്തില്‍ ഉപസമിതി അംഗങ്ങളായ ഇ.പി. ജയരാജന്‍, ഇ.ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ പി.എച്ച്. കുര്യന്‍, രാജീവ് സദാനന്ദന്‍, ടി.കെ. ജോസ് എന്നിവര്‍ പങ്കെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.